പല്ല് കൊഴിഞ്ഞ പഴയ നടന്മാർ കാരണം യുവതാരങ്ങള്‍ക്ക് അവസരമില്ല; രജനികാന്തിന് മറുപടിയുമായി ഡി.എം.കെ മന്ത്രി

ഡി.എം.കെയിലെ മുതിര്‍ന്ന നേതാക്കളെ 'പഴയ കാവല്‍ക്കാര്‍' എന്ന് വിശേഷിപ്പിച്ച രജനികാന്തിന് മറുപടിയുമായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ദുരൈ മുരുകൻ രംഗത്ത്.പല്ല് കൊഴിഞ്ഞ പഴയ നടന്മാർ കാരണം യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ല എന്നായിരുന്നു മന്ത്രി പറഞ്ഞത്. പേര് എടുത്തു പറയാതെയായിരുന്നു പ്രതികരണം. എന്നാല്‍ ദുരൈ മുരുകന്‍റെ പരാമര്‍ശം വലിയ ചർച്ചയായിട്ടുണ്ട്.

 മുൻ മുഖ്യമന്ത്രി കരുണാനിധിയെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കവെയാണ് രജനിയുടെ വിവാദ പരാമര്‍ശം. 'ഒരു സ്കൂൾ അധ്യാപകനെ (സ്റ്റാലിൻ) സംബന്ധിച്ചിടത്തോളം, പുതിയ വിദ്യാർഥികളെ കൈകാര്യം ചെയ്യുന്നത് ഒരു പ്രശ്നമല്ല. എന്നാൽ പഴയ വിദ്യാർഥികളെ (മുതിർന്ന നേതാക്കൾ) കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇവിടെ (ഡി.എം.കെയിൽ), ധാരാളം പഴയ വിദ്യാർഥികളുണ്ട്. ഇവർ സാധാരണ വിദ്യാർഥികളല്ല. റാങ്ക് ഹോൾഡർമാരാണ്. അവരെ എങ്ങനെ കൈകാര്യം ചെയ്യും? പ്രത്യേകിച്ച് ദുരൈ മുരുകനെപ്പോലുള്ളവർ. സ്റ്റാലിൻ സാർ, സല്യൂട്ട്' എന്നായിരുന്നു രജനി പറഞ്ഞത്.

അതേസമയം പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിനിടെ, തന്‍റെ പിതാവിന്‍റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്ന സ്റ്റാലിനെ രജനികാന്ത് പ്രശംസിച്ചിരുന്നു.'എന്‍റെ പ്രിയ സുഹൃത്ത് സ്റ്റാലിൻ, അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം, ഡി.എം.കെ നേരിട്ട എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയങ്ങൾ മാത്രമേ കണ്ടിട്ടുള്ളൂ. അത് അദ്ദേഹത്തിന്‍റെ നേതൃത്വത്തെയും കഠിനാധ്വാനത്തെയും രാഷ്ട്രീയ അറിവിനെയും പ്രതിഫലിപ്പിക്കുന്നു. ഏതെങ്കിലും ഒരു പാർട്ടിയുടെ നേതാവോ പാർട്ടിയുടെ കുലപതിയോ മരിച്ചാൽ അനുയായികള്‍ ആ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഷ്ടപ്പെടുന്നത് നമ്മൾ കണ്ടതാണ്. ഇതിൽ പലരും പരാജയപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ എല്ലാവരും കണ്ടിരിക്കണം. എന്നാൽ ഇവിടെ സ്റ്റാലിൻ എല്ലാം വളരെ എളുപ്പത്തിൽ മുന്നോട്ട് കൊണ്ടുപോകുകയാണ്'- രജനി പറഞ്ഞു.

സിനിമയിൽ സജീവമാണ് രജനികാന്ത്. ടി ജെ ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വേട്ടയ്യ' ആണ് നടന്റെ ഏറ്റവും പുതിയ ചിത്രം. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്. 'ജയ് ഭീം' എന്ന സിനിമക്ക് ശേഷം ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Tags:    
News Summary - DMK Minister hits back at Rajinikanth over 'old students' remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.