സീതാരാമത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ ഇടം നേടിയ ദുൽഖർ സൽമാൻ പതിയെ ബോളിവുഡിലും ചുവടുറപ്പിക്കുകയാണ്. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രമായ 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്' ആണ് ദുൽഖറിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം കൂടിയാണ് ഛുപ്. സിനിമ സെപ്തംബർ 23 ന് തിയേറ്ററുകളിൽ എത്തും.
'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റി'ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ, ബോളിവുഡിലെ ഇഷ്ടതാരങ്ങളെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ്. അമിതാഭ് ബച്ചനും ഷാരൂഖ് ഖാനുമൊപ്പം പ്രവർത്തിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹം, ആലിയ ഭട്ടിന്റെയും ദീപിക പദുക്കോണിന്റെയും ആരാധകനാണ് താനെന്നും വെളിപ്പെടുത്തുന്നു. ബോളിവുഡിൽ ഏത് നടനോടൊപ്പം പ്രവർത്തിക്കാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് മറുപടിയായണ് തന്റെ ഇഷ്ടതാരങ്ങളെ ദുൽഖർ വെളിപ്പെടുത്തിയത്.
'ആർ. ബാൽക്കി സാർ ഈ സിനിമയിൽ വളരെ രസകരമായ ഒരു കോമ്പിനേഷൻ ഉണ്ടാക്കുമെന്ന് ഞാൻ കരുതുന്നു. സണ്ണി ഡിയോളുമായുള്ള എന്റെ ജോടി വളരെ രസകരമായിരുന്നു. ഞാൻ ഷാരൂഖ് ഖാന്റേയും അമിതാഭ് ബച്ചൻ സാറിന്റേയും വലിയ ആരാധകനാണ്. അവരുമായി സ്‌ക്രീൻ സ്‌പേസ് പങ്കിടുന്നത് വളരെ മികച്ചതായിരിക്കും. ആലിയ ഭട്ടിന്റെയും ദീപിക പദുക്കോണിന്റെയും ജോലിയും എനിക്ക് ഒരുപാട് ഇഷ്ടമാണ്'-ദുൽഖർ പറഞ്ഞു.
ദുൽഖർ സൽമാൻ, മൃണാൽ താക്കൂർ, രശ്മിക മന്ദാന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹാനു രാഘവപുടി സംവിധാനം ചെയ്ത ചിത്രമാണ് സീതാരാമം. പിരിയോഡിക്കൽ റൊമാന്റിക് ചിത്രമായ സീതാരാമം ആഗസ്റ്റ് 5 നാണ് തിയറ്ററുകളിൽ എത്തിയത്. തെലുഗു, മലയാളം, തമിഴ് ഭാഷയിൽ ആദ്യം എത്തിയ ചിത്രം പിന്നീട് ഹിന്ദിയിലും പ്രദർശനത്തിനെത്തിയിരുന്നു. ഭാഷവ്യത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. സീതാരാമം നൂറ് കോടി ക്ലബ്ബിലും ഇടംപിടിച്ചിട്ടുണ്ട്.
റിലീസ് ചെയ്ത് 15 ദിവസം കൊണ്ട് സിനിമ 65 കോടി സ്വന്തമാക്കിയിരുന്നു. ഇതിന് മുൻപ് കുറുപ്പും മഹാനടിയുമായിരുന്നു ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ദുൽഖർ സൽമാൻ ചിത്രം. ലഫ്റ്റന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിച്ചത്. സീതയായിട്ടാണ് മൃണാൽ എത്തിയത്. സുമന്തും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സീതാരാമം പ്രദർശനത്തിനെത്തി ഒരു മാസം പിന്നിടുമ്പോൾ ദുൽഖറിന്റെ കരിയറിലെ വലിയ ഹിറ്റായി മാറുകയാണ് ചിത്രം.
ചിത്രം കാശ്മീർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീതസംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.