സമർപ്പിച്ചിട്ട് രണ്ട് വർഷം; തെലുങ്ക് സിനിമയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യം

ഹൈദരാബാദ്: മലയാള സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങളെയും സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളെയും കുറിച്ച് പഠിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ തെലുങ്ക് സിനിമ മേഖലയിലെ സമാനമായ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യമുയരുന്നു. നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്‍റ് (NAPM)ന് കീഴിലെ ആൾ ഇന്ത്യ ഫെമിനിസ്റ്റ് അലയൻസ് തെലങ്കാന സർക്കാറിനോട് ഈ ആവശ്യവുമായി രംഗത്തെത്തി. വനിതാ താരങ്ങൾ ഉൾപ്പെടെ നേരത്തെയും ഈ ആവശ്യമുന്നയിച്ചിരുന്നു. 

തെലുങ്ക് സിനിമ-ടെലിവിഷൻ മേഖലയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ചും വിവേചനങ്ങളെ കുറിച്ചും പഠിക്കാൻ നിയോഗിച്ച ഉപസമിതി 2022ൽ റിപ്പോർട്ട് അന്നത്തെ ചന്ദ്രശേഖര റാവു സർക്കാറിന് സമർപ്പിച്ചിരുന്നു. സ്ത്രീ സൗഹൃദമായ തൊഴിലിടം സൃഷ്ടിക്കുന്നതിനുള്ള നിരവധി നിർദേശങ്ങളടങ്ങിയ ഈ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഉപസമിതി റിപ്പോർട്ട് പുറത്തുവിടണമെന്നും ഇതിലെ നിർദേശങ്ങൾ സമയക്രമം വെച്ച് നടപ്പാക്കണമെന്നും ആൾ ഇന്ത്യ ഫെമിനിസ്റ്റ് അലയൻസ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് ആവശ്യപ്പെട്ടു. നിരവധി അതിക്രമങ്ങളുടെ ആരോപണങ്ങൾ ഉയരുന്ന തെലുങ്ക് ഇൻഡസ്ട്രിയിൽ ഈ നടപടി അത്യാവശ്യമാണെന്നും ദേശീയതലത്തിലെ 53 സ്ത്രീപക്ഷ പ്രവർത്തകർ ഒപ്പിട്ട പ്രസ്താവന ആവശ്യപ്പെട്ടു.

2018ൽ ഒരു തെലുങ്ക് നടിക്ക് സിനിമ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന ലൈംഗികാക്രമണമാണ് പിന്നീട് ഉപസമിതിയുടെ രൂപീകരണത്തിലേക്ക് നയിച്ചത്. തെലുങ്ക് അഭിനേതാക്കളുടെ സംഘടനയായ മൂവി ആർടിസ്റ്റ്സ് അസോസിയേഷൻ 'മാ' വനിതാ സിനിമാ പ്രവർത്തകരുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നില്ലെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് തെലങ്കാനയിലെ അന്നത്തെ ചന്ദ്രശേഖര റാവു സർക്കാർ പ്രശ്നം പഠിക്കാൻ ഉപസമിതിയെ വെച്ചത്. റിപ്പോർട്ട് പുറത്തുവിടണമെന്ന് നടി സാമന്ത ഉൾപ്പെടെ നിരവധി താരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - Feminist group demands release of sub-committee report on Tollywood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.