മലയാളി സംവിധായകൻ ഗോപാൽ മേനോന്‍റെ 'ദി ബ്രോക്കൺ കാമറ' (The Broken Camera) എന്ന ഡോക്യുമെന്‍ററി മൈ റോഡ് റീൽ അന്താരാഷ്ട്ര മത്സരത്തിലേക്ക്. 2016ൽ കശ്മീരിൽ നടന്ന ഭരണകൂടത്തിന്‍റെ പെല്ലറ്റ് ആക്രമണത്തിൽ ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട സുഹൈബ് മഖ്ബൂൽ ഹംസയുടെ കഥയാണ് മൂന്നു മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്‍ററിയിൽ ചിത്രീകരിച്ചത്.
സംഘർഷ ഭരിതമായ കശ്മീർ താഴ്വരയിൽ ഭരണകൂടം വർഷിച്ച പെല്ലറ്റുകളാൽ കാഴ്ച നഷ്ടപ്പെട്ടിട്ടും തന്‍റെ ജീവിതം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന സുഹൈബിന്‍റെ സ്ഥൈര്യവും ഇച്ഛാശക്തിയുമാണ് ചിത്രത്തിന്‍റെ പ്രമേയം. ലോകത്തെ തന്നെ ഏറ്റവും വലിയ ഹ്രസ്വചിത്ര മൽസരമാണ് മൈ റോഡ് റീൽ.
മികച്ച ഫോട്ടോ ജേർണലിസ്റ്റ് ആയിരുന്ന സുഹൈബ് മക്ബൂൽ ഹംസ, നേച്ചർ ഫോട്ടോഗ്രാഫറായും ഫാഷൻ ഫോട്ടോഗ്രാഫറായും റേഡിയോ ജോക്കിയായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് ഫീച്ചർ സിനിമകളിലും അഭിനയിച്ചു. 2016ൽ സമാധാനപരമായി നടന്ന പ്രതിഷേധ സമരത്തിന്‍റെ ചിത്രങ്ങൾ പകർത്തുന്നതിനിടെ സമരക്കാർക്ക് നേരെ സൈന്യം നടത്തിയ പെല്ലറ്റ് ആക്രമണത്തിലാണ് സുഹൈബിന്‍റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടത്.
ഒാൺലൈൻ വോട്ടെടുപ്പിലൂടെയാണ് മികച്ച ഡോക്യുമെന്‍ററി ജൂറി തെരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.