മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോക്കെതിരെ (എൻ.സി.ബി) വീണ്ടും ആരോപണവുമായി കരൺ ജോഹറിെൻറ ധർമ പ്രൊഡക്ഷൻസ് മുൻ എക്സിക്യൂട്ടീവായ ക്ഷിതിജ് പ്രസാദ്. തന്നെ ചോദ്യം ചെയ്യവേ, നടൻ രൺബീർ കപൂർ, അർജുൻ രാംപാൽ, ഡിനോ മോറിയ എന്നിവർക്കെതിരെ മൊഴി നൽകാൻ എൻ.സി.ബി സമ്മർദ്ദം ചെലുത്തിയതായി അദ്ദേഹം കോടതിയെ അറിയിച്ചു.
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതിന് പിന്നാലെ ക്ഷിതിജ് നേരത്തെ മറ്റൊരു ആരോപണവുമായി രംഗത്തെത്തിയിരുന്നു. കരൺ ജോഹറിന് പങ്കുണ്ടെന്ന് പറയാൻ നാർക്കോട്ടിക്സ് അധികൃതർ നിർബന്ധിച്ചതായും അങ്ങനെ പറഞ്ഞാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്തതായും ക്ഷിതിജ് അഭിഭാഷകൻ മുഖേന ബോംബെ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
എൻ.സി.ബി പറഞ്ഞ മൂന്ന് പേരുമായി തനിക്ക് ബന്ധമില്ലെന്നും അവരുമായി ബന്ധപ്പെട്ട അത്തരം ആരോപണങ്ങളെ കുറിച്ച് ബോധവാനല്ലെന്നും ആവർത്തിച്ച് പറഞ്ഞിട്ടും രൺബീർ കപൂർ, അർജുൻ രാംപാൽ, ഡിനോ മോറിയ എന്നിവർക്ക് പങ്കുണ്ടെന്ന് പറയാൻ എന്നെ നിരന്തരം നിർബന്ധിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. -ക്ഷിതിജ് പറയുന്നു. അഭിഭാഷകൻ സതീഷ് മനെഷിൻഡെ മുഖേന സമർപ്പിച്ച ഹരജിയിൽ തെറ്റായ മൊഴികൾ നൽകുന്നതിന് എൻ.സി.ബി തന്നെ മാനസികമായും വൈകാരികമായും ഉപദ്രവിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം, എൻ.സി.ബി ക്ഷിതിജിനെ അഹങ്കാരിയെന്നും ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തവനെന്നുമാണ് വിശേഷപ്പിച്ചിരിക്കുന്നത്.
ബോളിവുഡിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇതുവരെ ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ, രാകുൽ പ്രീത് സിങ് എന്നിവരെയാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തത്. വൈകാതെ കൂടുതൽ പേരുകൾ കൂടി പുറത്തുവരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.