ലാപതാ ലേഡീസിന് തന്റെ ചിത്രവുമായി സാമ്യം;1999 ലുള്ള ചിത്രം യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമായി, ആരോപണവുമായി ആനന്ദ് മഹാദേവന്‍

കിരൺ റാവു ചിത്രമായ ലാപതാ ലേഡീസിന് തന്റെ ചിത്രമായ 'ഘുൻഘട്ട് കെ പത് ഖോലു'മായി സമാനതകളുണ്ടെന്ന് സംവിധായകൻ ആനന്ദ് മഹാദേവൻ. 1999 ൽ പുറത്തിറങ്ങിയ ചിത്രം കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുമ്പുവരെ യുട്യൂബിൽ ഉണ്ടായിരുന്നെന്നും എന്നാൽ ചിത്രമിപ്പോൾ കാണാൻ സാധിക്കുന്നില്ലെന്നും ആനന്ദ് പറഞ്ഞു.

'ലാപതാ ലേഡീസ് ഞാൻ കണ്ടിരുന്നു. യാദൃശ്ചികം എന്നു പറയട്ടെ എന്റെ സിനിമയായ ഘുൻഘട്ട് കെ പത് ഖോലുമായി നല്ല സമ്യമുണ്ട്. ലാപതാ ലേഡീസിന്റെ തുടക്കവും ചില സംഭവങ്ങളും എന്റെ ചിത്രത്തിലേത് പോലെയാണ്. എന്റെ ചിത്രത്തിൽ, നഗരത്തിലുള്ള ഒരു യുവാവ് ഗ്രാമത്തിൽ പോയി വിവാഹം കഴിക്കുന്നു. റെയിൽവേ സ്റ്റേഷനിൽ വെച്ച് വധുവിനെ മാറി പോകുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നു. എന്നാൽ ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ ഇല്ല. രണ്ട് സിനിമകള്‍ തമ്മിലുള്ള സാമ്യത യാദൃശ്ചികമായിരിക്കാം. തന്റെ സിനിമ യൂട്യൂബില്‍ നാല്‍പ്പതിനായിരത്തിലേറെ പേര്‍ കണ്ടതാണ്. എന്നാല്‍ ഇപ്പോഴത് അപ്രത്യക്ഷമായി. അതിന്റെ കാരണം അറിയില്ല- ആനന്ദ് പറഞ്ഞു.

സംവിധാ‍യകൻ ആനന്ദ് മഹാദേവന്റെ ആരോപണത്തിൽ ലാപതാ ലേഡീസിന്റെ രചയിതാവ് ബിപ്ലബ് ഗോസ്വാമി പ്രതികരിച്ചിട്ടുണ്ട്. 'ആനന്ദ് ജിയുടെ സിനിമ ഞാൻ കണ്ടിട്ടില്ല. ചിത്രത്തിന്റെ സിനോപ്സിസ് ഒരു പതിറ്റാണ്ട് മുമ്പ് എഴുതിയതാണ്. കഥ, തിരക്കഥ, സംഭാഷണങ്ങൾ, കഥാപാത്രം, സീനുകൾ എന്നിവയെല്ലാം 100 ശതമാനം ഒറിജിനൽ ആണ്. എനിക്ക് ഒരു പ്രചോദനവും ലഭിച്ചിട്ടില്ല'.

2001കാലഘട്ടത്തിൽ ഇന്ത്യയിലെ ഗ്രാമീണ പശ്ചാത്തലത്തിൽ പറയുന്ന കഥയാണ് ലാപതാ ലേഡീസ്. തീവണ്ടി യാത്രക്കിടെ നവധുക്കൾ തമ്മിൽ മാറി പോവുകയും ഇവരെ കണ്ടെത്തുന്ന പൊലീസ് ഓഫീസറുടെയും കഥയാണ് ലാപത ലേഡീസ്. നർമത്തിൽ ചാലിച്ച് കഥ പറയുന്ന ചിത്രം കൃത്യമായ  രാഷ്ട്രീയം ചർച്ച ചെയ്യുന്നുണ്ട്. ആളും ആരവങ്ങളും  കോരിതരിപ്പിക്കുന്ന  ഫൈറ്റുളുമില്ല.  എന്നാൽ ചിത്രം അവസാനിക്കുമ്പോൾ  ഫെയിമിലെ  മുഖങ്ങളിൽ നിറഞ്ഞ സന്തോഷം പ്രേക്ഷകരിലേക്കും  എത്തും.

ആമിർ ഖാൻ പ്രൊഡക്ഷൻസ്, ജിയോ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ആമിർ ഖാൻ, കിരൺ റാവു, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. മാർച്ച് ഒന്നിനാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. എന്നാൽ പ്രതീക്ഷിച്ചത് പോലെ കാഴ്ചക്കാരെ നേടിയില്ല. എന്നാൽ ഒ.ടി.ടിയിൽ എത്തിയതോടെ ചിത്രം വലിയ ചർച്ചയായി. ഭാഷാവ്യത്യാസമില്ലാതെ ചിത്രം ഇന്ത്യൻ സിനിമ ലോകം ഏറ്റെടുത്തു.

Tags:    
News Summary - Is Kiran Rao’s Laapataa Ladies similar to Ananth Mahadevan's 1999 film Ghoonghat Ke Pat Khol? Here's what he claims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.