തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്ന നടൻ ജഗതി ശ്രീകുമാർ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. 'തീമഴ തേൻ മഴ' എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിലേക്കുള്ള അദ്ദേഹത്തിന്‍റെ തിരിച്ചുവരവ്. സംവിധായകൻ കുഞ്ഞുമോൻ താഹയാണ് ചിത്രത്തിന്‍റെ കഥയും സംവിധാനവും.
കറിയാച്ചൻ എന്നാണ് അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര്. കഴിഞ്ഞ ദിവസം ജഗതിയുടെ വീട്ടില്‍ വെച്ചുതന്നെയാണ് അദ്ദേഹമുൾപ്പെട്ട രംഗങ്ങൾ ചിത്രീകരിച്ചത്. ഒരു കാലത്ത് നാടിനെ വിറപ്പിച്ച ആളായിരുന്നു കറിയാച്ചൻ. തന്‍റെ കുടുംബവും മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പക കറിയാച്ചനെ വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാർ തന്‍റെ കുടുംബമാണെന്ന് തിരിച്ചറിഞ്ഞ കറിയാച്ചന്‍റെ പ്രതികരണമാണ് സിനിമയുടെ പ്രമേയം.
രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചൻ എന്ന കഥാപാത്രത്തിന്‍റെ പിതാവായിട്ടാണ് ജഗതി അഭിനയിക്കുന്നത്. ജഗതിയുടെ വീടിന് പുറമേ കൊല്ലം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം. ശരീരഭാഷ കൊണ്ടും ആത്മഗതത്തിലൂടെയും ശക്തമായി കറിയാച്ചനെ ജഗതി ശ്രീകുമാർ അവതരിപ്പിച്ചുവെന്ന് സംവിധായകൻ കുഞ്ഞുമോൻ താഹ പറഞ്ഞു.
മാള ബാലകൃഷ്ണൻ, പി.ജെ. ഉണ്ണികൃഷ്ണൻ, സൂരജ് സാജൻ, ആദർശ്, ലക്ഷ്മിപ്രീയ, സ്നേഹ അനിൽ, ലക്ഷ്മി അശോകൻ, സെയ്ഫുദീൻ, ഡോ. മായ, സജിപതി, കബീർദാസ്, ഷറഫ് ഓയൂർ, അശോകൻ ശക്തികുളങ്ങര, കണ്ണൻ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം അയിരൂർ, രാജേഷ് പിള്ള, സുരേഷ് പുതുവയൽ, ബദർ കൊല്ലം, ഉണ്ണിസ്വാമി, പുഷ്പ, ലതിക, ബേബി സ്നേഹ, ബേബി പാർവതി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
സെവൻ ബേഡ്സ് ഫിലിംസിന്‍റെ ബാനറിൽ എ.എം. ഗലീഫ് കൊടിയിൽ നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം കുഞ്ഞുമോൻ താഹ, എ.വി. ശ്രീകുമാർ എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം-സുനിൽ പ്രേം, ഗാനങ്ങൾ-ലെജിൻ ചെമ്മാനി, ജയകുമാർ ചോറ്റാനിക്കര ,ഫിറോസ്ചാലിൽ, സംഗീതം-മുരളി അപ്പാടത്ത്, ഷാജി ഭജനമഠം, എഡിറ്റിങ്-അയൂബ് ഖാൻ തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.