കോട്ടയം: മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനക്കുള്ള 2021ലെ ജെ.സി. ഡാനിയേൽ പുരസ്കാരം സംവിധായകൻ കെ.പി കുമാരന്.
സാംസ്കാരിക മന്ത്രി വി.എൻ. വാസവനാണ് അവാർഡ് പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാറിന്‍റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന ജെ.സി. ഡാനിയേൽ അവാർഡ്. പിന്നണി ഗായകൻ പി. ജയചന്ദ്രൻ ചെയർമാനും സംവിധായകൻ സിബി മലയിൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
അരനൂറ്റാണ്ടു നീണ്ട ചലച്ചിത്രസപര്യയിലൂടെ മലയാളത്തിലെ സമാന്തര സിനിമക്ക് നവീനമായ ദൃശ്യഭാഷയും ഭാവുകത്വവും പകർന്ന സംവിധായകനാണ് കെ.പി. കുമാരൻ എന്ന് പുരസ്കാര നിർണയ സമിതി അഭിപ്രായപ്പെട്ടു. 1972ൽ അന്താരാഷ്ട്ര പുരസ്കാരം നേടിയ 'റോക്ക്', 1975ലെ 'അതിഥി' എന്നീ ആദ്യകാല ചിത്രങ്ങൾ മുതൽ 2020ൽ 83ാം വയസ്സിൽ കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയിൽ' വരെ സിനിമ എന്ന മാധ്യമത്തോട് വിട്ടുവീഴ്ചകളില്ലാത്ത തികച്ചും ആത്മാർഥവും അർഥ പൂർണവുമായ സമീപനം സ്വീകരിച്ച ചലച്ചിത്രകാരനാണ് അദ്ദേഹമെന്ന് ജൂറി റിപ്പോർട്ടിൽ പറയുന്നു.
യാഥാർഥ്യവും ഭ്രമാത്മകതയും കെട്ടുപിണയുന്ന ആഖ്യാനശൈലി കൊണ്ട് മലയാളത്തിലെ നവതരംഗ സിനിമകളിൽ നിർണായക സ്ഥാനമുള്ള 'അതിഥി ', മാധവിക്കുട്ടിയുടെ രുഗ്മിണിക്കൊരു പാവക്കുട്ടി എന്ന രചനയെ ആസ്പദമാക്കി നിർമിച്ച് മികച്ച മലയാള ചിത്രത്തിനുള്ള 1988ലെ ദേശീയ അവാർഡ് നേടിയ 'രുഗ്മിണി' തുടങ്ങിയ ചിത്രങ്ങൾ മലയാള ചലച്ചിത്ര ചരിത്രത്തിലെ അപൂർവ ദൃശ്യശിൽപങ്ങളാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.
മലയാളം ന്യൂവേവ് സിനിമകൾക്ക് തുടക്കം കുറിച്ച് സ്വയംവരത്തിന്റെ സഹരചയിതാവായി ചലച്ചിത്രജീവിതം ആരംഭിച്ച കെ.പി കുമാരന്റെ 'റോക്ക്' എന്ന ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം 1972ലെ ഏഷ്യാ ഫിലിം ഫെസ്റ്റിവലിൽ അന്താരാഷ്ട്ര പുരസ്കാരം നേടിയിട്ടുണ്ട്. അതിഥി (1975), ലക്ഷ്മി വിജയം (1976), തേൻ തുള്ളി (1978), ആദിപാപം (1979), കാട്ടിലെ പാട്ട് (1979), നേരം പുലരുമ്പോൾ (1986), രുഗ്മിണി (1988) , തോറ്റം (2000), ആകാശഗോപുരം (2008) , ഗ്രാമവൃക്ഷത്തിലെ കുയിൽ (2020) എന്നിവയാണ് സംവിധാനം ചെയ്ത സിനിമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.