'അമ്മ'യിൽ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെതിരെ ഒളിയമ്പുമായി നടനും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാര്‍. രാജിവെക്കാനൊക്കെ ആളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നമ്മളതില്‍ അഭിപ്രായം പറയാനില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
"കൊറോണയുടെ കാലമൊക്കെയല്ലേ. വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ? എല്ലാവര്‍ക്കും അതിനുള്ള അവകാശമുണ്ട്. ഇന്ത്യാ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം. അവരുടെ മനസ്സില്‍ തോന്നുന്നത് പ്രകടിപ്പിക്കാം. അതൊന്നും ചോദ്യംചെയ്യാന്‍ നമുക്ക് അധികാരമില്ല. എല്ലാരും പറയട്ടെ"- നടി പാര്‍വതി 'അമ്മ'യില്‍ നിന്ന് രാജിവച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഗണേഷ് കുമാറിന്‍റെ ഈ മറുപടി.
നടി ഭാവനയെ കുറിച്ച് 'അമ്മ' ഭാരവാഹി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പാര്‍വതി 'അമ്മ'യില്‍ നിന്ന് രാജി വെച്ചത്. 'അമ്മ' സംഘടന എടുക്കാന്‍ പോകുന്ന സിനിമയില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് ഇടവേള ബാബു നല്‍കിയ മറുപടി ഇല്ല എന്നായിരുന്നു.
ഇപ്പോള്‍ ഭാവന 'അമ്മ'യില്‍ ഇല്ല. ഇത്ര മാത്രമേ തനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയുകയുള്ളൂവെന്നും ഇടവേള ബാബു പറഞ്ഞു. കഴിഞ്ഞ ട്വന്‍റി 20യില്‍ നല്ല റോള്‍ ഭാവന ചെയ്തിരുന്നല്ലോ എന്ന ചോദ്യത്തിന് അതിപ്പോള്‍ മരിച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലല്ലോയെന്നും അതുപോലെയാണ് ഇതെന്നും ഇടവേള ബാബു പറഞ്ഞു.
ഈ സംഘടന തഴഞ്ഞ ഒരു വനിതാ അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ലെന്ന് പാര്‍വതി പ്രതികരിച്ചു. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് മിസ്റ്റര്‍ ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. താന്‍ എ.എം.എം.എ സംഘടനയില്‍ നിന്ന് രാജി വെക്കുകയാണെന്നും പാര്‍വതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.