ഭരിക്കാനുള്ള തന്റെ കഴിവില്ലായ്മ മനസിലാക്കിയ സോളമൻ ഒരിക്കൽ കർത്താവിനോട് ജ്ഞാനം ആവശ്യപ്പെട്ടു. വലിയ അധികാരമോ കുന്നോളം സമ്പത്തോ ആവശ്യപ്പെടാത്ത സോളമനിൽ കർത്താവ് പ്രസാദിച്ചു. ആവോളം അറിവ് പകർന്നു കൊടുത്തു. സോളമൻ ജന നന്മക്കായി അത് വേണ്ടുവോളം ഉപയോഗിച്ചു. ഇസ്രായേലിന്റെ അവസാനത്തെ രാജാവായ സോളമനെ ലോകം വാഴ്ത്തി. മറ്റു രാജാക്കന്മാർ അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ ശ്രമിച്ചു. കാതങ്ങൾക്കപ്പുറം ബാത്ത്ഷേബാ രാജ്ഞിയുടെ ചെവിയിലും ബുദ്ധിമാനായ രാജാവിന്റെ കഥയെത്തി. ആ അറിവ് അളക്കാൻ രാജ്ഞി തീരുമാനിച്ചു.
ഷേബാ രാജ്ഞി രണ്ട് പൂക്കൂടകൾ സോളമൻ രാജാവിന് കൊടുത്തുവിട്ടു. ഒന്നില്‍ യഥാര്‍ഥ പൂക്കൾ. മറ്റൊന്നില്‍ കടലാസുപൂക്കളും. തൊടാതെയും മണക്കാതെയും യഥാർത്ഥ പൂക്കൾ കണ്ടുപിടിക്കണം. അതായിരുന്നു പരീക്ഷണം. വേര്‍തിരിച്ചറിയാനെ സാധിക്കാത്ത രീതിയിലാണ് പൂക്കൂടുകൾ തയ്യാറാക്കിയത്. സോളമൻ പൊടുന്നനെ പൂന്തോട്ടത്തിലേക്കു തുറക്കുന്ന ജനാലകള്‍ തുറക്കാൻ കൽപ്പിച്ചു. ഇറുത്തെടുത്ത പൂക്കളുടെ ഗന്ധം തോട്ടത്തിലേക്കൊഴുകി. തേൻ നുകരാൻ തേനീച്ചകൾ കൂട്ടമായി ഇരച്ചെത്തി. യഥാർഥ പൂക്കുടയിൽ നിമിഷനേരം കൊണ്ടു തേനീച്ച നിറഞ്ഞു. ആ കാഴ്ചക്കു മുന്നിൽ അതിശയത്തോടെ നിന്നവരെനോക്കി അദ്ദേഹം ചിരിച്ചു.
യാഥാർഥ്യം കണ്ടെത്താൻ സോളമൻ രാജാവ് തിരഞ്ഞെടുത്ത വഴിയാണത്. നൂറ്റാണ്ടുകൾക്ക് ഇപ്പുറവും ഓർക്കപ്പെടുന്നത് അദ്ദേഹം പുലർത്തിയ നീതിബോധത്തിന്റെ ആഴംകൊണ്ടാണ്. സത്യം തിരഞ്ഞുള്ള നീതിമാന്റെ യാത്ര എത്ര ദുഷ്ക്കരമായാലും ഒടുവിലത് കണ്ടെത്തുമെന്നാണ് ലാൽജോസിന്റെ സോളമനും അടയാളപ്പെടുത്തുന്നത്. ഇവിടെ തേനീച്ചകൾ ലക്ഷ്യത്തിലേക്കുള്ള മാർഗവും സോളമൻ നീതിയുമാണ്. ആ നീതിയിൽ അനുഭവിച്ചറിയേണ്ടതും പങ്കുവെക്കേണ്ടതുമായ നൈർമല്യതയുണ്ട്. തീർച്ചയായും സോളമന്റെ തേനീച്ചകൾ കുടുംബമായി കണ്ടിറങ്ങേണ്ട പടമാണ്. നീതിയുടെ അർത്ഥം അക്ഷരം തെറ്റാതെ അടയാളപ്പെടുത്തിയ സിനിമ പ്രവർത്തകർക്കുള്ള സമ്മാനമാകട്ടെ ആ കാഴ്ച്ച.
ചിത്രത്തിൻറെ ആദ്യ ഷോ കഴിഞ്ഞ് പുറത്തിത്തിറങ്ങിയ ലാൽ ജോസിനുനേരെ മൈക്ക് നീട്ടിയപ്പോൾ അദ്ദേഹം പുറകിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. അവരോട് ചോദിക്കൂ അവർ പറയും എന്ന മട്ടിൽ. സന്തോഷം കൊണ്ടു ഈറനണിഞ്ഞ കണ്ണുമായി അഞ്ചുപേർ വന്നു. തങ്ങളുടെ ജാതകം മാറ്റിയ സംവിധായകനെ ഇറുകെ പുണർന്നു. ദര്‍ശന സുദര്‍ശന്‍, വിൻസി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി. ഒടുവിൽ അവർ പലചോദ്യങ്ങൾക്കുള്ള ഉത്തരമായി. നായികനായകൻ റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് ആ പ്രതിഭകളെ ചികഞ്ഞെടുത്തത്. ഇനി അവർ വജ്ര സമാനമായി മലയാള സിനിമയിൽ അടയാളപ്പെടുത്തുമെന്ന് ചിത്രം അടിവരയിടുന്നു.
വനിതാ പൊലീസുകാരുടെ ജീവിതം ഇത്രമേൽ ആഴത്തിൽ മറ്റൊരു മലയാള സിനിമയും ചിത്രീകരിച്ചിട്ടില്ല. അവർ നേരിടുന്ന മാനസികവും ശാരീരികവുമായ വെല്ലുവിളികൾ അക്കമിട്ട് അടയാളപ്പെടുത്തുന്നുണ്ട്. കാക്കിക്കുള്ളിലും പുറത്തുമുള്ള എല്ലാ അവസ്ഥകളും ചിത്രത്തിൽ വ്യക്തമാണ്. വനിതാപൊലീസുകാരായ സുജയുടെയും ഗ്ലൈന തോമസിന്റെയും സൗഹൃദത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിൽ വലിയ പ്രതിസന്ധികൾ ഉണ്ടാകുന്നു. അതിനെ നേരിടുന്നതാണ് ചിത്രത്തതിന്റെ കാമ്പ്.
മലയാളം കണ്ടുശീലിച്ച കേസന്വേഷണ സിനിമകളുടെ പരിമിതിക്ക് പുറത്തേക്ക് ചിത്രം സഞ്ചരിക്കുന്നുണ്ട്. അപ്പോഴും പ്രണയത്തിനൊപ്പം മഴ പെയ്യുന്നതുപോലുള്ള ചില ക്ലീഷേ രംഗങ്ങളുമുണ്ട്. അതിനെയെല്ലാം മറികടക്കുന്ന ഒന്നായി രണ്ടാം പകുതിയിൽ സോളമൻ (ജോജു ജോർജ്) നിവർന്നുനിൽക്കുന്നു. ചിത്രത്തിലെ ഓരോ ഗാനങ്ങളും പരസ്പരം മത്സരിക്കുന്നുണ്ട്. വിനായക് ശശികുമാറിന്റെയും വയലാര്‍ ശരത്ചന്ദ്ര വർമയുടെയും ഹൃദയം തൊടുന്ന വരികൾക്ക് വിദ്യാസാഗറാണ് സംഗീതം പകർന്നത്.
പ്രഗീഷിന്റെ തിരക്കഥ പതിഞ്ഞ താളത്തിൽ മനസിലേക്ക് കൊട്ടിക്കയറുന്നതാണ്. അജ്മല്‍ സാബുവാണ് എൽജെ ഫിലിംസ് നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം. രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും കയ്യടക്കത്തോടെ നിർവഹിച്ചിരിക്കുന്നു. തേനീച്ചകളുടെയും സോളമന്റെയും നിയമത്തിനപ്പുറത്തെ നീതി കണ്ടറിയേണ്ടതാണ്. അത്രമേൽ ആഴത്തിൽ ക്ലെമാക്സ് പ്രേക്ഷക ഹൃദയത്തിൽ തുന്നിച്ചേർക്കാൻ ലാൽ ജോസിന് സാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.