കൊച്ചി: ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഹെയർസ്റ്റൈലിസ്റ്റുകൾക്ക് എതിരെ നടത്തിയ പത്രസമ്മേളനം വളരെ വില കുറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഹെയർ സ്റ്റൈലിസ്റ്റുകൾ രംഗത്ത്. അക്ഷരാർഥത്തിൽ അവർ സ്വയം പരിഹാസ്യയാവുകയാണ് ചെയ്തിരിക്കുന്നത്. വ്യാജ കഥകൾ പ്രചരിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. ഞങ്ങൾ ഫെഫ്ക്കയെ തകർക്കാൻ ശ്രമിക്കുകയാണെന്നും ഇതിനുപിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നുമുള്ള അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങളാണ് അവർ ഉന്നയിച്ചിരിക്കുന്നതെന്നും ഹെയർസ്റ്റൈലിസ്റ്റുകൾ പ്രസ്താവനയിൽ ആരോപിച്ചു.
കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ, ഞങ്ങൾ ഹെയർസ്റ്റൈലിസ്റ്റുകൾക്ക് എതിരെ നടത്തിയ പത്രസമ്മേളനം വളരെ വില കുറഞ്ഞ രീതിയിലുള്ളതായിരുന്നു. അക്ഷരാർത്ഥത്തിൽ അവർ സ്വയം പരിഹാസ്യരാവുകയാണ് ചെയ്തിരിക്കുന്നത്. ഫെഫ്ക മീറ്റിംഗിൽ ഞങ്ങൾ ഉന്നയിച്ച അടിസ്ഥാന സൗകര്യങ്ങൾ ഇല്ലായ്മ, പ്രതികരിക്കുന്നവരെ മാറ്റി നിർത്തുന്ന രീതി, തൊഴിൽ നിഷേധിക്കപ്പെടൽ, സ്ത്രീകൾക്ക് ഭയമില്ലാതെ സ്വാതന്ത്രമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാവുക, എന്നിങ്ങനെയുള്ള യഥാർത്ഥ വിഷയങ്ങളെ മറച്ചു പിടിച്ചു കൊണ്ടാണ് അവർ സംസാരിച്ചത്.
മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയനിലുള്ള വിഷയങ്ങൾ, ഞങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, ഒരു ഡബ്ബിങ് ആയ ഭാഗ്യലക്ഷ്മിക്ക് നേരിട്ട് അറിയാൻ സാധിക്കുന്നവയല്ല. ഞങ്ങൾ ഫെഫ്ക്കയെ തകർക്കാൻ ശ്രമിക്കുകയാണെന്നും ഇതിനുപിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നുമുള്ള അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങളാണ് അവർ ഉന്നയിച്ചിരിക്കുന്നത്. വ്യാജ കഥകൾ പ്രചരിപ്പിക്കുകയാണ് അവർ ചെയ്യുന്നത്.
ഞങ്ങളുടെ സംഘടന പൂർവാധികം ശക്തിയോടെ നിലനിൽക്കണം എന്നു തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. സംഘടനയിൽ വിശ്വാസം ഉള്ളതുകൊണ്ടുതന്നെയാണ്, ഇതിലെ അംഗങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് പരിഹരിക്കാൻ അഭ്യർഥിക്കുന്നത്.
മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയനിൽ ഭിന്നത ഉണ്ടാക്കാനാണ് ഇവർ ശ്രമിക്കുന്നത്... ഞങ്ങളുടെ പല സ്ത്രീകൾക്കും മാനസികമായും ശാരീരികമായും, ചൂഷണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അത് ചൂണ്ടിക്കാണിച്ച്, പരാതി നൽകി അവ പരിഹരിക്കുന്നതിനായുള്ള നടപടികൾ ഉണ്ടാകുന്നതിനായി അഭ്യർഥിക്കുമ്പോൾ ഞങ്ങളെ ഒറ്റപ്പെടുത്തുകയും, ജോലിയിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്യുന്നു...
ഒരു വിഭാഗം ആളുകൾക്ക് മാത്രമാണ് എപ്പോഴും തൊഴിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ അവസ്ഥ 2024ലും തുടരുന്നു. സിനിമയിലെ ഇന്‍റേണൽ കമ്മിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമാണോ എന്നുകൂടെ പരിശോധിക്കണം.
ഞങ്ങളുടെ സംഘടനയിലെ തന്നെ മറ്റ് കുറച്ച് ഹെയർസ്റ്റൈലിസ്റ്റുകളെ വിളിച്ചുകൂട്ടി പത്രസമ്മേളനം നടത്തുക വഴി, ഞങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കി ഞങ്ങളെ രണ്ടായി പിളർക്കുന്നതിനാണ് ഭാഗ്യലക്ഷ്മി നേതൃത്വം നൽകിയിരിക്കുന്നത്. ഇത് തികച്ചും സംഘടനാവിരുദ്ധമാണ്.
ഞങ്ങളിൽ ഒരാൾ, തൊഴിലിനിടയിൽ ലൈംഗിക ചൂഷണം നേരിടേണ്ടിവന്ന സമയത്ത് മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയനിൽ പരാതി കൊടുത്തപ്പോൾ, അവിടുത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമായ സീമ, സ്വീറ്റി എന്നിവർ വളരെ മോശമായി പെരുമാറുകയും, തെളിവ് ഉണ്ടോ എന്ന് ചോദിച്ച് മാനസികമായി വേദനിപ്പിക്കുകയുമാണ് ചെയ്തത്. തുടർന്ന് അവരുടെ ജോലി നിഷേധിക്കുകയും, അവരെ ഒരു ഭ്രാന്തിയായി ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് അവർ അതിനെ നിയമപരമായി തന്നെ നേരിടാൻ തീരുമാനിച്ചു.
കഴിഞ്ഞദിവസം, മാധ്യമങ്ങളോട് സംസാരിച്ച അവർക്ക്, മുഖം കാണിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. ഭാഗ്യലക്ഷ്മി അടങ്ങുന്ന സംഘം പത്രസമ്മേളനത്തിൽ അവരുടെ പേര് വിളിച്ചു പറയുകയും അവരെ പൊതുസമൂഹത്തിനു മുൻപിൽ അപമാനിതയാക്കുകയുമാണ് ചെയ്തത്.
വിവിധതരം ചൂഷണങ്ങൾ വർഷങ്ങളായി ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മേക്കപ്പ് യൂണിയൻ സെക്രട്ടറിയായ പ്രദീപ് രംഗനോട്, എന്തെങ്കിലും പരാതി പറഞ്ഞാൽ, 'നിന്നെ മലയാള സിനിമയിൽ നിന്ന് പുറത്താക്കും' എന്ന ഭീഷണിയാണ് മറുപടിയായി ലഭിക്കുന്നത്.
ഞങ്ങൾ യൂണിയനോ, ഫെഫ്കക്കോ ഒരിക്കലും എതിരല്ല. അതിനുള്ളിലെ ഏതാനും ചില വ്യക്തികളുടെ സ്വാർത്ഥ താൽപര്യങ്ങളാണ് ബഹുഭൂരിപക്ഷം പ്രശ്നങ്ങൾക്കും കാരണം. പോരായ്മകൾ പരിഹരിച്ച് ഒന്നിച്ച് മുന്നോട്ട് പോകണം എന്ന് തന്നെയാണ് ഞങ്ങളുടെയും ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.