മല്ലിക സുകുമാരൻ, പൃഥ്വിരാജ് ‘ആടുജീവിത’ത്തിൽ

‘മൃഗങ്ങളുടെ കൂടെ കഴിഞ്ഞ് കരച്ചിൽ വരെ വേറെ സ്റ്റൈലിലാക്കി; പൃഥ്വിക്ക് അവാർഡില്ലെങ്കിൽ സങ്കടമായേനേ’

‘ആടുജീവിത’ത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം പൃഥ്വിരാജ് സ്വന്തമാക്കിയതിൽ സന്തോഷം പങ്കുവെച്ച് അമ്മ മല്ലിക സുകുമാരൻ. അവാർഡ് നേട്ടം പൃഥ്വിരാജിന്‍റെ അധ്വാനത്തിനുള്ള പ്രതിഫലമാണ്. സിനിമക്കായി പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ടു. മൃഗങ്ങളുടെ കൂടെ കഴിഞ്ഞ് കരച്ചിൽ വരെ വേറെ സ്റ്റൈലിലാക്കി. അവസാനപട്ടികയില്‍ പേരുണ്ടെന്നു പലരും പറഞ്ഞിരുന്നെന്നും, പൃഥ്വിക്ക് അവാര്‍ഡ് കിട്ടാനായി പ്രാര്‍ഥിച്ചിരുന്നെന്നും മല്ലിക പറഞ്ഞു.

‘‘ഇന്നലെ രാത്രി മുതല്‍ ഓരോരുത്തരും പറയുന്നുണ്ടായിരുന്നു. ഫൈനല്‍ ലിസ്റ്റില്‍ മോനുണ്ട്, മമ്മൂട്ടിയുണ്ട് എന്നൊക്കെ. പക്ഷേ നമുക്കൊന്നും അറിയില്ലല്ലോ. ഇന്ന് കാലത്ത് ഒരു പത്തുമണിയൊക്കെ ആയപ്പോഴേക്കും പൃഥിരാജിനാണെന്നാണ് കേള്‍ക്കുന്നതെന്ന പറച്ചിലിന് കുറച്ചുകൂടെ ശക്തിവന്നു. അപ്പോഴൊക്കെ ഞാന്‍ ഇവിടെ ഏഴുപുന്നയില്‍ ജോലിത്തിരിക്കിലായിരുന്നു. ഇതൊക്കെ നടക്കുന്നത് തിരുവനന്തപുരത്തും. 12.40 ഒക്കെ ആയപ്പോഴേക്കും എല്ലാവരുടെയും മെസേജ് വരാന്‍ തുടങ്ങി.

സത്യം പറഞ്ഞാല്‍ അവാര്‍ഡ് കിട്ടിയാലും ഇല്ലെങ്കിലും വലിയ സങ്കടങ്ങളൊന്നും പറയുന്ന ആളല്ല ഞാന്‍. എന്നാൽ ഇത്തവണ എന്‍റെ മോന്‍റെ കഷ്ടപ്പാട് ആലോചിക്കുമ്പോള്‍, അവന് അംഗീകാരം ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അവാർഡ് കിട്ടിയില്ലെങ്കിൽ സങ്കടമായേനെ. അവനിങ്ങനെ ഒരു അംഗീകാരം കിട്ടിയല്ലോ ദൈവത്തിനും ജൂറിക്കും നന്ദി. ഈ അവാര്‍ഡ് അവനു ലഭിക്കാന്‍ കാരണക്കാരായ ലോകമെമ്പാടുമുളള പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു.

ആടുജീവിതത്തിനായി പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ടു. ഹോം വർക്ക് ചെയ്തു. ചില്ലറ വിമർശനങ്ങൾ വന്നിരുന്നു. അതൊക്കെ എവിടെനിന്നു വന്നെന്ന് അറിയില്ല. ഈ സിനിമയിലെ പ്രകടനത്തിന് പൃഥ്വിക്ക് അംഗീകാരം കിട്ടണമായിരുന്നു. കൊറോണക്കാലത്തായിരുന്നു ഷൂട്ടിങ്. ചിത്രത്തിനായി 30 കിലോയോളം കുറച്ചു. മൃഗങ്ങളുടെ കൂടെ കഴിഞ്ഞ് എന്റെ മോൻ കരച്ചിൽ വരെ വേറെ സ്റ്റൈലിലാക്കി, അതൊക്കെ അഭിനയത്തിന്റെ ഭാഗമായിരുന്നു. യാത്ര പറയുന്ന രംഗമൊക്കെ കണ്ട് കരഞ്ഞുപോയിരുന്നു. ഗോകുലിന് ജൂറി പരാമർശം ലഭിച്ചതിലും സന്തോഷമുണ്ട്. വിമർശനങ്ങൾ പറയുന്ന ആളാണ് ഞാൻ. പക്ഷേ ഇതിൽ എന്റെ മകനെപ്പറ്റി ഒന്നും പറയാനില്ല’’ -മല്ലിക സുകുമാരൻ പറഞ്ഞു.

മികച്ച സംവിധായകനും നടനും അവലംബിത തിരക്കഥക്കും അടക്കം നിരവധി അവാർഡുകളാണ് ആടുജീവിതം നേടിയത്. മികച്ച ജനപ്രിയ ചിത്രമായി ജൂറി തിരഞ്ഞെടുത്തതും തിയറ്ററുകളെ അക്ഷരാർഥത്തിൽ കണ്ണീർ കാഴ്ചകളാക്കിയ ആടുജീവിതം തന്നെ. നജീബിന്റെ സുഹൃത്തായ ഹക്കീമിന്റെ വേഷം ഉജ്ജ്വലമാക്കിയ പുതുമുഖ നടൻ കെ.ആർ. ഗോകുലിന് ജൂറിയുടെ പ്ര​ത്യേക പരാമർശവും നേടാനായി.

Tags:    
News Summary - Mallika Sukumaran response on Prithviraj's award winning performace in Aadujeevitham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.