പുരസ്കാരവേദിയിൽ മലയാളത്തിന്റെ ‘ആട്ടം’

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡ് തിളക്കത്തിൽ മലയാളത്തിന്റെ ‘ആട്ടം’. മികച്ച സിനിമ, മികച്ച തിരക്കഥ, മികച്ച എഡിറ്റർ എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങളാണ് ആട്ടത്തിന് ലഭിച്ചത്. പ്രണയവും പകയും സദാചാരവും ഒക്കെ പ്രമേയമാകുന്ന ആനന്ദ് ഏകർഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ പ്രഥമ ചിത്രം വ്യത്യസ്തമായ ആഖ്യാന ശൈലിയിലൂടെയാണ് ശ്രദ്ധ നേടിയത്. മികച്ച സിനിമക്കുള്ള പുരസ്കാരത്തിന് പുറമെ ആനന്ദ് ഏകർഷി മികച്ച തിരക്കഥാകൃത്തിനും മഹേഷ് ഭുവനേന്ദ് മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരങ്ങളുമാണ് സ്വന്തമാക്കിയത്.

‘അരങ്ങ്’ എന്ന നാടക ട്രൂപ്പും അതിലെ നാടകപ്രവർത്തകരുടെ ജീവിതവുമാണ് ആട്ടത്തിന്റെ പശ്ചാത്തലം. നാടകത്തിനുള്ളിലെ നാടകങ്ങളും ആത്മസംഘർഷങ്ങളുമെല്ലാം പറയുന്ന സിനിമയെ സിനിമയായി നിലനിർത്തുകയും നാടകത്തിലേക്ക് വീണുപോകാതെ കഥ പറയുകയും ചെയ്യുന്നതിൽ സംവിധായകൻ വിജയിച്ചു. ഓരോ കഥാപാത്രത്തിനും കൃത്യമായ സ്ക്രീൻ സ്പേസ് നൽകിയാണ് ചിത്രം ഒരുക്കിയത്. നിലപാടുകൾ എടുക്കുകയും അവനവന്റെ സൗകര്യത്തിന് അവ മാറ്റുകയും ചെയ്യുന്ന 12 പേരിലൂടെയാണ് ആട്ടം സഞ്ചരിക്കുന്നത്.

വിനയ് ഫോർട്ടും കലാഭവൻ ഷാജോണും ഒഴികെയുള്ള അഭിനേതാക്കൾ വളരെ കുറച്ചു സിനിമകളിൽ മാത്രം മുഖം കാണിച്ചവരും ആദ്യമായി കാമറക്ക് മുന്നിലെത്തുന്നവരുമൊക്കെയാണ്. എന്നാൽ, എല്ലാവരും മത്സരിച്ചഭിനയിച്ച് കഥാപാത്രങ്ങളെ സ്ക്രീനിലേക്ക് പകർത്തി. നാടക ട്രൂപ്പിലെ ഏക സ്ത്രീയായ അഞ്ജലിയെന്ന കഥാപാത്രത്തെ സരിൻ ഷിഹാബ് അവിസ്മരണീയമാക്കി. ഗോവയിൽ രാജ്യാന്തര ചലച്ചിത്രോത്സവം ‘ആട്ട’ത്തിലൂടെയാണ് തുടങ്ങിയിരുന്നത്.

Tags:    
News Summary - Malayalam's 'Aattam' shines in the National Film Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.