അങ്ങനെ ജൂഡ് ആന്തണി ജോസഫിന്റെ ‘2018’-ന്റെ ലൈഫ് ടൈം കളക്ഷൻ വെറും മൂന്നാഴ്ച കൊണ്ട് മറികടന്ന് മോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമെന്ന നേട്ടം സ്വന്തമാക്കി സൗബിൻ ഷാഹിറും പിള്ളേരും. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ ഇൻഡസ്ട്രി ഹിറ്റായ സന്തോഷം ചിത്രത്തിലെ അഭിനേതാവും നിർമാതാവുമായ സൗബിൻ ഷാഹിറാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
2018ന്റെ ഗ്രോസ് കളക്ഷനായ 175 കോടി മഞ്ഞുമ്മൽ ബോയ്‌സ് മറികടന്നിരിക്കുകയാണ്. പുറത്തിറങ്ങി വെറും 12 ദിവസം കൊണ്ട് 'മഞ്ഞുമ്മൽ ബോയ്സ്' 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. വെറും ഒമ്പത് മാസങ്ങളുടെ ഇടവേളയിലാണ് രണ്ട് ഇൻഡസ്ട്രി ഹിറ്റുകൾ മോളിവുഡിൽ പിറക്കുന്നത്. രണ്ട് സിനിമകളിലും സൂപ്പർ-മെഗാ താരങ്ങൾ ഇല്ലെന്നതാണ് ശ്രദ്ധേയം.
ചിദംബരം സംവിധാനവും രചനയും നിർവ്വഹിച്ച ചിത്രം തമിഴ്‌നാട്ടിലും വൻ പ്രേക്ഷക പിന്തുണയാണ് നേടിയത്. തമിഴ്നാട്ടിലെ കളക്ഷൻ മാത്രം 40 കോടി പിന്നിട്ടുകഴിഞ്ഞു. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്മാൻ, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു തുടങ്ങിയ താരങ്ങൾ അണിനിരന്ന ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്.
2006-ൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്തു നിന്നും 11 യുവാക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.