കൊച്ചി: കോവിഡ് തുടങ്ങിയ കാലം മുതൽ വളർത്തിയിരുന്ന താടിയെടുത്ത്, മുടി വെട്ടിയൊതുക്കി പുതിയ ഗെറ്റപ്പിൽ മമ്മൂട്ടി. 70ാം പിറന്നാളാഘോഷത്തിനുശേഷം അഭിനയിക്കുന്ന 'പുഴു'എന്ന സിനിമക്കുവേണ്ടിയാണ് മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ്. മുടി വെട്ടി, താടിയെടുത്തുള്ള ഈ പുതിയ ലുക്കും ആരാധകർ ആവേശത്തോടെ സ്വീകരിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം തൃശൂരിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയുടെ ചിത്രം നിര്‍മ്മാതാവ് ആേന്റാ ജോസഫ് പങ്കുവെച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
കോവിഡ് ലോക്ഡൗൺ തുടങ്ങിയ കാലം മുതൽ താടിയും മുടിയും നീട്ടിവളര്‍ത്തിയ ഗെറ്റപ്പിലായിരുന്നു മമ്മൂട്ടി. എല്ലാ ചടങ്ങുകളിലും ഇതേ ലുക്കിലായിരുന്നു അദ്ദേഹം പങ്കെടുത്തിരുന്നത്. ഇതേ ഗെറ്റപ്പിലാണ് അമല്‍നീരദ് ചിത്രം 'ഭീഷ്മപര്‍വ'ത്തില്‍ അഭിനയിച്ചത്. 70ാം പിറന്നാൾ ദിനത്തിൽ ഇറങ്ങിയ 'ഭീഷ്മപര്‍വ'ത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായിരുന്നു. ഈ മാസം പത്താം തീയതിയാണ് 'പുഴു' എന്ന ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുക. കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം.
ഹര്‍ഷദ്, ഷറഫ്, സുഹാസ് എന്നിവരുടെ തിരക്കഥയിലൊരുങ്ങുന്ന സിനിമ നവാഗതയായ റത്തീനയാണ് സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്‍റെ സഹനിര്‍മ്മാണവും വിതരണവും. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 'ഉണ്ട'ക്ക് ശേഷം ഹര്‍ഷദിന്‍റെ തിരക്കഥയിൽ മമ്മൂട്ടി അഭിനയിക്കുന്ന സിനിമ കൂടിയാണിത്. 'വൈറസി'ന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.
മമ്മൂട്ടിക്ക് പുറമേ പാര്‍വതി, നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി താരങ്ങളിൽ 'പുഴു'വിൽ അണിനിരക്കുന്നു. പേരന്‍പ്, കര്‍ണ്ണന്‍, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വരാണ് ഛായാഗ്രാഹകൻ. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ് കലാസംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.