മോഹൻലാൽ ടാർഗെറ്റ് ചെയ്യപ്പെടുന്നു, പ്രത്യേക മാനസികാവസ്ഥയുള്ളവരാണ് ഇത് ചെയ്യുന്നത് -ഷാജി കൈലാസ്

നടൻ മോഹൻലാൽ ചിലരാൽ ടാർഗെറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് സംവിധായകൻ ഷാജി കൈലാസ്. എന്തുകൊണ്ട് അങ്ങനെയെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തെ സ്നേഹിക്കുന്നവർ പതറിപ്പോകുകയാണെന്നും ഷാജി കൈലാസ് പറഞ്ഞു.

സിനിമയെ ടാർഗെറ്റ് ചെയ്താണ് വിമർശിക്കുന്നത് എന്നും അവ ബാധിക്കുന്നത് അതിന് പിന്നിൽ പ്രവർത്തിച്ചവരുടെ കുടുംബങ്ങളെയാണെന്നും ഷാജി കൈലാസ് പറഞ്ഞു. "ഈയടുത്തായി മോഹൻലാൽ ടാർഗറ്റ് ചെയ്യുന്നതായി കാണുന്നുണ്ട്. അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്നമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ പതറിപ്പോവുകയാണ്. പ്രത്യേക മാനസികാവസ്ഥയുള്ളവരാണ് ഇത് ചെയ്യുന്നതെന്ന് തോന്നുന്നു. അവരുടെ തൊഴിലാണിതെന്നാണ് തോന്നുന്നത്. അവര്‍ സന്തോഷിക്കുന്നുണ്ട്. ബാക്കിയുള്ളവരാണ് വിഷമിക്കുന്നത്"-ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

‘പണ്ട് പല മാസികകളും സിനിമ മോശമാണെന്ന് എഴുതുമായിരുന്നു. ഇന്നത് ഓരോ ദിവസവുമാണ് നടക്കുന്നത്. നമുക്ക് അതിൽ ഒന്നും പറയാൻ പറ്റില്ല. എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ അത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കും. ഓരോരുത്തർക്കും അവരവരുടെ അഭിപ്രായമുണ്ട്. അവർ വിമർശിച്ചോട്ടെ. പക്ഷേ ഇതെല്ലാം ബാധിക്കുന്നത് സിനിമയ്ക്ക് പുറകിൽ നിൽക്കുന്ന കുടുംബങ്ങളെയാണ്. സിനിമയെ എളുപ്പമായി വിമർശിക്കാം. ടാർഗെറ്റഡ് ആയിട്ടാണ് വിമർശനങ്ങൾ’-അദ്ദേഹം പറഞ്ഞു.

ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി അടുത്തിടെ പുറത്തിറങ്ങിയ എലോണ്‍ എന്ന സിനിമയ്ക്ക് നേരെ വ്യാപകമായ വിമര്‍ശനം പ്രേക്ഷകരില്‍ നിന്ന് ഉയര്‍ന്നിരുന്നു. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച ചിത്രമാണിത്. പാൻഡെമിക് ലോക്ഡൗൺ കാരണം ഒരു അപ്പാർട്ട്‌മെന്റിൽ കുടുങ്ങിപ്പോയ കാളിദാസ് എന്ന മനുഷ്യനെ ചുറ്റിപ്പറ്റിയാണ് 'എലോണി'ന്റെ കഥ. ശരാശരിക്കും താഴെയാണ് നടന്റെ പ്രകടനം എന്ന് വിമർശനമുണ്ട്.

Tags:    
News Summary - 'Mohanlal is being targeted, people with a special mindset are doing it' - Shaji Kailas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.