തലമുറവ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ചിത്രമാണ് സ്ഫടികം. 1995 ൽ പുറത്തിറങ്ങിയ ചിത്രത്തിന് ഇന്നും കാഴ്ചക്കാരേറെയാണ്. മോഹൻലാലിന്റെ ജനപ്രിയകഥാപാത്രങ്ങളിലൊന്നാണ് ആടുതോമ.
27 വർഷങ്ങൾക്ക് ശേഷം സ്ഫടികം വീണ്ടും പ്രദർശനത്തിനൊരുങ്ങുകയാണ്. പുത്തൻ സാങ്കേതിക മികവിലാണ് തിയറ്ററുകളിൽ എത്തുന്നത്. സംവിധായകൻ ഭദ്രൻ തന്നെയാണ് ചിത്രം 4 കെ വിന്യാസത്തോടെ എത്തിക്കുന്നത്. അധികം വൈകാതെ തന്നെ ചിത്രം പ്രദർശനത്തിനെത്തുമെന്നും രണ്ടാംഭാഗമുണ്ടാകില്ലെന്നും അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞിരുന്നു.
ചിത്രത്തിന്റെ റീമാസ്റ്ററിങ് പതിപ്പിന്റെ അപ്ഡേറ്റ് പോസ്റ്റര്‍ ഡിസൈനിങ് സ്ഥാപനമായ ഓൾഡ് മങ്ക്സ് അടുത്തിടെ പങ്കുവച്ചിരുന്നു. 'ഭദ്രൻ സാറിനോടൊപ്പം. മുഴുവൻ മലയാളികൾക്കുമൊപ്പം ഞങ്ങളും കാത്തിരിക്കുന്നു. ആടുതോമയെ വീണ്ടും ബിഗ്‌സ്‌ക്രീനിൽ കാണാൻ! ബിഗ് സ്‌ക്രീനിൽ ഫോർകെ ഡോൾബി അറ്റ്‌മോസ് റീമാസ്റ്റേർഡ് പതിപ്പുമായി ആടു തോമ വീണ്ടും വരുന്നു. കാത്തിരിക്കുക!'.– ഭദ്രനൊപ്പമുള്ള ഓൾഡ് മങ്ക്സ് ടീമിന്റെ ചിത്രം പങ്കുവച്ച് കുറിച്ചു.
ചിത്രം അണിയറയിൽ ഒരുങ്ങുമ്പോൾ സ്ഫടികത്തിന്റെ ഫാൻ മെയ്ഡു പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മോഹൻലാലിന്റെ ആടുതോമയുടേയും ലൈലയുടേയും പോസ്റ്ററുകളാണ് പുറത്തു വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.