രണ്ട് പെൺകുട്ടികൾ പ്രണയിച്ചാൽ 'ന്യൂ നോർമൽ'

ഒരേ ലിംഗത്തില്‍പ്പെട്ട വ്യക്തികളുടെ പ്രണയത്തെ വിഷയമാക്കി ഒട്ടനവധി ചിത്രങ്ങൾ വന്നിട്ടുണ്ട് എങ്കിൽ കൂടിയും സ്വവര്‍ഗ അനുരാഗത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ പലപ്പോഴും ചില കാഴ്ചക്കാരുടെ ചിന്തകൾക്ക് അല്പം കല്ലുകടിയായി തന്നെയാണ് അനുഭവപ്പെടാറുള്ളത്. അത്തരത്തിലുള്ള പ്രേക്ഷകർക്ക് മുൻപിലേക്കാണ് നവാഗതയായ മോനിഷ മോഹൻ മേനോൻ സംവിധാനം ചെയ്ത 'ന്യൂ നോർമൽ' എന്ന ഹ്രസ്വചിത്രം വരുന്നത്. രണ്ട് പെൺകുട്ടികൾക്കിടയിൽ തോന്നുന്ന പ്രണയവും സ്‌നേഹവുമൊക്കെയാണ് ചിത്രം അവതരിപ്പിക്കുന്നത്.

 


എന്നാൽ യാഥാസ്ഥിതിക സമൂഹം നിര്‍ണയിക്കുന്ന പ്രണയത്തിന്റെയും ലൈംഗികതയുടെയും അതിര്‍വരമ്പുകളിലൂടെയല്ല അവരുടെ സഞ്ചാരം എന്നതാണ് ഇവിടെ വ്യത്യസ്തമാക്കുന്നത്. സ്വവർഗ്ഗ പ്രേമത്തിന്റെ വലിയ സംഘർഷങ്ങൾ പറയാൻ ശ്രമിക്കാതെ അവയെ നോർമലൈസ് ചെയ്യാൻ സംവിധായിക ശ്രമിക്കുന്നു. ആ ശ്രമം അതിന്റെ വിജയത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തെ കുറേക്കൂടി വ്യത്യസ്തമാകുന്നത്. പെൺകുട്ടികൾ തമ്മിലുള്ള പ്രണയത്തെ മനോഹരമായി കാണുകയും ആസ്വദിക്കുകയും ചെയ്യുന്നതിൽ ഇവിടെ സംവിധായികയും പ്രേക്ഷകരും ഒരുപോലെ മുൻപിട്ടുനിൽക്കുന്നു.

ഇഷയും അപ്പുവുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. തങ്ങളുടെ സെക്ഷ്വൽ ഐഡന്റിറ്റി വളരെ മുൻപേ തന്നെ തിരിച്ചറിഞ്ഞവരാണ് ഇരുവരും. ആയതിനാൽ തന്നെ അവർക്ക് അവരുടെ പ്രണയത്തെ സ്വയവും അതുപോലെ തന്നെ പരസ്പരവും ഉൾക്കൊള്ളാനുമുള്ള പ്രാപ്തിയുമുണ്ട്. കൗമാരത്തിൽ തുടങ്ങുന്നതാണ് അവരുടെ പ്രണയം. പ്രണയം ഭംഗിയായി പോകുമ്പോഴും മറ്റേതൊരു പ്രണയത്തെയും പോലെ അതിനിടയിലും കോംപ്ലിക്കേഷൻസ് വരുന്നു.

അത്തരം പ്രതിസന്ധികളിൽ നിന്നും സംവിധായിക പറയാൻ ശ്രമിക്കുന്നത് പ്രണയം ആരൊക്കെ തമ്മിലായാലും ഏത് ജെൻഡറിൽ പെട്ടവർ തമ്മിലായാലും അതിനെ ഭംഗിയായി കൊണ്ടുപോകാൻ അതിലും ഭംഗിയായി നിലനിർത്താൻ ഒരൊറ്റ മാർഗം മാത്രമേയുള്ളൂ. നിരുപാധികമായി പ്രണയിക്കുക എന്നത് തന്നെയാണ് ആ മാർഗ്ഗം. അത്തരത്തിലുള്ള ബന്ധങ്ങൾ മാത്രമേ നിലനിൽക്കൂ എന്നാണ് സംവിധായിക ഈ ചിത്രത്തിലൂടെ പറയുന്നത്.

പ്രണയത്തിന്റെ ഭാഷ എല്ലായ്പ്പോഴും ഒന്ന് മാത്രമാണ്. അതേക്കുറിച്ച് പറയാൻ ശ്രമിക്കുമ്പോൾ സംവിധായിക സദാചാരത്തെ സംബന്ധിച്ച എല്ലാ ചങ്ങലകളും തകര്‍ത്തിരിക്കുന്നു. അതിനായി ആണെന്നോ പെണ്ണെന്നോ ഇല്ലാത്ത, മനുഷ്യരുടെതായ പ്രണയം പറയുന്നു. ആ ശ്രമത്തിന്റെ ദൃശ്യമനോഹാരിതയിൽ മികച്ച പങ്ക് വഹിച്ചിരിക്കുന്നു ഛായാഗ്രഹകനായ ജിതിൻ സ്റ്റാനിസ്ലോസ്. ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങൾ ചെയ്തിരിക്കുന്നത് അനഘ രവി,സ്വിയ എന്നിവരാണ്. മാറുന്ന കാലത്തിന്റെ കൈയൊപ്പ് പതിഞ്ഞ സ്വഭാവികമായ ഒരു പ്രണയകഥയാണ് ന്യൂ നോർമൽ.

Tags:    
News Summary - new normal short movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.