വലിയ ട്വിസ്റ്റുകളില്ല, വളരെ നീറ്റായ അവതരണം, ഓർഫൻ : ദി ഫസ്റ്റ് കിൽ -റിവ്യൂ

ലോകോത്തര സൈക്കോളജിക്കൽ ത്രില്ലർ സിനിമകൾ എടുത്താൽ അതിൽ എക്കാലത്തും മികച്ച സിനിമകളുടെ പട്ടികയിൽ പെടുത്താവുന്ന ഒരു സിനിമയാണ് 2009ൽ Jaume Collet-Serra യുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഓർഫൻ. ഇസബെൽ ഫുർമെൻ നായികയായ ചിത്രത്തിൽ ഒരു സ്ത്രീ എസ്തർ എന്ന പേരിൽ ഒരു ദമ്പതികളുടെ വീട്ടിലെത്തുന്നതും അവരുടെ വളർത്തുമകളായി മാറുന്നതും അതിനുശേഷം സംഭവിക്കുന്ന കാര്യങ്ങളുമൊക്കെയാണ് പറയുന്നത്. ഇസബൽ ഫുർമെൻ തന്നെയാണ് ചിത്രത്തിൽ വളർത്തു മകൾ എന്ന കഥാപാത്രമായി അഭിനയിച്ചതും.

ജോൺ കെയ്റ്റ് ദമ്പതികൾ, പ്രസവത്തോടെ മരിച്ചുപോയ തങ്ങളുടെ കുഞ്ഞിന്റെ നഷ്ട്ടം നികത്താന്‍ ഒരു കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിക്കുന്നു. കാത്തിരിപ്പിനൊടുവില്‍ വളരെ നിഷ്ക്കളങ്കയായ ഒരു റഷ്യൻ പെൺകുട്ടിയെ അവര്‍ക്ക് ലഭിക്കുന്നു. പക്വതയും , ബുദ്ധിശക്തിയും , ആകർഷകത്വവും , കഴിവുകളുമുള്ള എസ്തർ വളരെ വേഗം തന്നെ ഇവരുടെ മനസ് കീഴടക്കുന്നു. എന്നാൽ വീട്ടിൽ എത്തുന്നതോടെ പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു.

ജോൺ കേറ്റ് ദമ്പതികളുടെ ഇളയ മകൾ മാക്സ് എസ്തറുമായി വേഗത്തിൽ അടുക്കുന്നുവെങ്കിലും അവരുടെ 12 വയസ്സുകാരനായ മൂത്തമകൻ ഡാനിയൽ അവളോട് അത്ര വലിയ അടുപ്പം കാണിക്കുന്നില്ല. അതിൽ വിദ്വേഷം തോന്നുന്ന അവൾക്ക് ഒരു കുട്ടിയുടെ പെരുമാറ്റമായിരുന്നില്ല പിന്നീട് ഉണ്ടായത്. അതോടൊപ്പം കേറ്റ് ജോൺ ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങളെ കൂടി അവൾ തടസപ്പെടുത്തുന്നു. പിന്നീട് കുടുംബാംഗങ്ങളെയും അവൾക്കെതിരായി നിൽക്കുന്നവരെയും അപായപ്പെടുത്താന്‍ ശ്രമിക്കുന്ന അവളുടെ സ്വഭാവ സവിശേഷത അധികം വൈകാതെ അവളെ ഒരു കില്ലർ ആക്കി മാറ്റുന്നു.


മനുഷ്യരെ കൊല്ലാൻ വാസനയുള്ള അവളുടെ മാനസിക അവസ്ഥയോടൊപ്പം അവൾ ഒരു കുട്ടിയല്ലെന്നും വളർച്ച മുരടിച്ചു പോയ 33 വയസ്സുള്ള ഒരു സ്ത്രീയാണെന്ന് കൂടി തിരിച്ചറിയുന്നതോടെയാണ് കഥ മാറുന്നത്. തുടർന്നുണ്ടാവുന്ന സംഘർഷങ്ങളും അതിജീവനവും ആണ് ഓർഫൻ. ചുരുക്കിപ്പറഞ്ഞാൽ വളരെ മികച്ച അവതരണ രീതി,എഡിറ്റിംഗ്, മേക്കിങ് തുടങ്ങി സാങ്കേതികപരമായി എല്ലാരീതിയിലും മുൻപിട്ട് നിൽക്കുന്ന, പ്രേക്ഷക പ്രശംസയും, നിരൂപക പ്രശംസയും ഏറെ ലഭിച്ച സിനിമ കൂടിയാണ് ഓർഫൻ.

13 വര്‍ഷങ്ങൾക്ക് മുമ്പാണ് ചിത്രം റിലീസ് ചെയ്തതെങ്കിലും ഈ ത്രില്ലര്‍ ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഓർഫൻ : ദി ഫസ്റ്റ് കിൽ എന്ന ചിത്രത്തിനും റിലീസിനും മുൻപേയായി തന്നെ ഏറെ സ്വീകാര്യത ലഭിച്ചത്. ജോൺ കേറ്റ് ദമ്പതികൾ ദത്തെടുക്കുന്നതിനു മുൻപേയുള്ള എസ്തറിന്റെ ജീവിതമാണ് ഇത്തവണ സിനിമ പറയുന്നത്. തീയിൽ പെട്ടു എല്ലാവരും മരിച്ചുപോയ ഒരു കുടുംബത്തിൽ നിന്നാണ് എസ്തർ എന്ന കുട്ടിയെ ലഭിക്കുന്നത് എന്ന് ഓർഫൻ സിനിമയിൽ പരാമർശിക്കുന്നുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തി ഒരു കുടുംബത്തെ കൊലപ്പെടുത്തി വീടിന് തീയിടുന്ന എസ്തറിനെയും അവൾ എങ്ങനെയാണ് ആ കൊലപാതകം നടത്തുന്നതെന്നും എങ്ങനെ റഷ്യയിൽ എത്തുന്നു തുടങ്ങിയ വെളിപ്പെടുത്തലുമാണ് സിനിമ നടത്തുന്നത്.

വലിയ വലിയ ട്വിസ്റ്റുകൾ ഒന്നുമില്ലാതെ വളരെ നീറ്റ് ആയ അവതരണത്തോടെയാണ് രണ്ടാം ഭാഗം പ്രേക്ഷകർക്ക് മുമ്പിൽ സംവിധായകൻ പങ്കുവയ്ക്കുന്നത്. ഒരേസമയം തന്നെ ഓടിടിയിലും തീയറ്ററിലും ആയി റിലീസ് ചെയ്തിരിക്കുന്ന ചിത്രം എസ്തർ എന്ന കഥാപാത്രം യഥാർത്ഥത്തിൽ ആരാണെന്ന കൃത്യമായ വെളിപ്പെടുത്തൽ കൂടിയാണ് നടത്തുന്നത്. ലീന എന്ന യുവതി എസ്തർ ആയി മാറിയതിന് പുറകിലെ ചരിത്രത്തിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. എസ്തോണിയയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടുന്ന ലീന അമേരിക്കയിലെ ഒരു കുടുംബത്തിലെ എസ്തർ എന്ന നഷ്ടപ്പെട്ട കുട്ടിയായി ആൾമാറാട്ടം നടത്തുന്നു. ലീനയിൽ നിന്നും എസ്തറിലേക്കുള്ള ആ മാറ്റം പിന്നീട് അവളെ കൊണ്ടെത്തിക്കുന്നത് തികഞ്ഞ വയലൻസിലേക്കാണ്. എന്നാൽ ആദ്യ സിനിമയിലൂടെ തന്നെ എസ്തറിന്റെ വയലൻസിനെ കുറിച്ച് നമുക്ക് ബോധ്യമുള്ളത് കൊണ്ട് തന്നെ രണ്ടാം സിനിമയിൽ എസ്തർ എത്രത്തോളം വയലൻസ് കാണിക്കും എന്നും നമുക്ക് ഊഹിക്കാൻ സാധിക്കും.


സിനിമയുടെ ആദ്യ ഭാഗത്തിൽ നിയോൺ പെയിന്റിംഗ് വരക്കുന്ന എസ്തറിനെ കാണിക്കുന്നുണ്ട്. അവൾ എങ്ങനെ അത്തരത്തിൽ നിയോൺ പെയിന്റിംഗ് പഠിച്ചു എന്ന് തുടങ്ങിയ കുഞ്ഞു കുഞ്ഞു വിശദീകരണങ്ങൾ വരെ ഇവിടെ രണ്ടാം ഭാഗത്തിൽ സംവിധായകൻ നടത്തുന്നുണ്ട്. സിനിമയുടെ ഒരു പോസിറ്റീവ് വശമായി പറയാൻ സാധിക്കുന്നത് ഇസബെൽ ഫുർമെൻ തന്റെ കഥാപാത്ര അവതരണത്തോട് ആദ്യ സിനിമയോളം തന്നെ നീതിപുലർത്തി എന്നതാണ്. ഇസബെല്ലയോളം തന്നെ ഗംഭീരമായ പ്രകടനം കാഴ്ചവെച്ച ഒരാളാണ് ചിത്രത്തിൽ എസ്തറിന്റെ അമ്മയായി അഭിനയിച്ച നടി ജൂലിയ. ചെറിയ ചില ട്വിസ്റ്റുകൾ സിനിമയിൽ കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചെങ്കിലും ആദ്യ സിനിമയേക്കാൾ മികച്ചത് രണ്ടാം ഭാഗം എന്ന് സമർത്ഥിക്കാൻ സാധിക്കില്ല. സ്ലോ പെയ്സ്ഡ് ആയി കാണിച്ചിരിക്കുന്ന സിനിമ തരക്കേടില്ലാത്ത, മിനിമം ആസ്വാദനത്തോടെ കാണാൻ സാധിക്കുന്ന ഒരു ഗുഡ് പ്രീക്വൽ മൂവിയാണ്.

Tags:    
News Summary - Orphan: First Kil Movie Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.