കൊച്ചി: മലയാള സിനിമയുടെ ഭാഗമാകാൻ ഒരു പുതിയ ഒടിടി പ്ലാറ്റ്ഫോം കൂടി എത്തുന്നു-മാറ്റിനി. പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ എൻ.എം. ബാദുഷയും നിർമ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിക്കുന്ന 'മാറ്റിനി' ഈമാസം 27ന് ഉച്ചക്ക് 12ന് നടനും സംവിധായകനുമായ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്യും.
സിനിമ ആഗ്രഹിക്കുന്നവരെയും സിനിമയ്ക്ക് ആവശ്യമുള്ളവരെയും തമ്മിൽ ആധികാരികമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഒടിടി പ്ലാറ്റ്ഫോം ആണ് ഇതെന്ന് ബാദുഷ പറഞ്ഞു. സിനിമയ്ക്കകത്തും പുറത്തുമുള്ള അന്വേഷണങ്ങൾക്കും അലച്ചിലുകൾക്കും വിരാമമിട്ട്, കാര്യങ്ങൾ കൂടുതൽ സുഗമമാക്കുക എന്നതാണ് 'മാറ്റിനി'യുടെ പ്രധാന ലക്ഷ്യം. പുതുമുഖങ്ങളും പ്രതിഭാധനരുമായ അഭിനേതാക്കളെയും ടെക്നീഷ്യൻസിനെയുമെല്ലാം ഉൾപ്പെടുത്തി വെബ്സീരിസുകൾ, സിനിമകൾ, ഷോർട്ട് ഫിലിമുകൾ എന്നിവ നിർമ്മിച്ചുകൊണ്ടായിരിക്കും പ്രാരംഭഘട്ടത്തിൽ 'മാറ്റിനി'യുടെ പ്രവർത്തനം. ഒപ്പം അനാവശ്യ ചെലവുകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി സിനിമകളുടെ ഒഡീഷനുകളും നേരിട്ട് ഈ പ്ലാറ്റ്ഫോമിലൂടെ നടത്താം.
സിംഗ്ൾ രജിസ്ട്രേഷനിലൂടെ 'മാറ്റിനി'യുടെ സ്വന്തം നിർമ്മാണ പ്രോജക്റ്റുകളിലേക്കും നിരവധി ഒഡീഷനുകളിലേക്കും സംവിധായകരിലേക്കും നിർമ്മാതാക്കളിലേക്കുമെല്ലാം അപേക്ഷകരുടെ ഡാറ്റാ ബേസുകൾ ലഭ്യമാക്കുന്ന ടാലന്‍റ് പൂൾ ആയിട്ടായിരിക്കും 'മാറ്റിനി' പ്രവർത്തിക്കുകയെന്ന്ബാദുഷ പറഞ്ഞു. ഒപ്പം താൽപര്യമുള്ള ആർക്കും വ്യത്യസ്തമാർന്ന ലൊക്കേഷനുകൾ, ബിൽഡിങുകൾ, വീടുകൾ, സ്ഥാപനങ്ങൾ, എക്യുപ്മെന്‍റുകൾ, പരിശീലനം ലഭിച്ച വളർത്തുമൃഗങ്ങൾ, വാഹനങ്ങൾ, പൗരാണിക വസ്തുക്കൾ തുടങ്ങി സിനിമക്ക് ആവശ്യമായതെന്തും 'മാറ്റിനി'യിൽ രജിസ്റ്റർ ചെയ്ത് വാടകക്ക് നൽകി മികച്ച വരുമാനവും നേടാമെന്നും ബാദുഷ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.