ഷാരൂഖ് ഖാനെ നായകനാക്കി ഹിറ്റ് മേക്കർ സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ‘പത്താൻ’ ബോക്സോഫീസ് റെക്കോർഡുകൾ കടപുഴക്കിയുള്ള തേരോട്ടം തുടരുകയാണ്. റിലീസ് ചെയ്ത് ഒമ്പത് ദിവസങ്ങൾ പിന്നിട്ടപ്പോൾ ആഗോളതലത്തിൽ 700 കോടി രൂപയാണ് ചിത്രം നേടിയത്.
ഫിലിം ട്രേഡ് അനലിസ്റ്റായ രമേഷ് ബാല വെള്ളിയാഴ്ച ട്വിറ്ററിൽ പത്താന്റെ ലോകമെമ്പാടുമുള്ള കളക്ഷൻ വിവരം പങ്കുവെച്ചു. ഒമ്പത് ദിവസം കൊണ്ട് വേൾഡ് വൈഡ് ബോക്‌സ് ഓഫീസിൽ പത്താൻ 700 കോടി കടന്നു' എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
വൈ.ആർ.എഫ് സ്പൈ യൂനിവേഴ്സിലെ ടൈഗർ സിന്ദാ ഹേ, വാർ, ഏകതാ താ ടൈഗർ എന്നിവയുൾപ്പെടെയുള്ള മറ്റ് ചിത്രങ്ങളെ ലോകമെമ്പാടുമുള്ള കളക്ഷനിൽ പത്താൻ ഇതിനകം മറികടന്നു കഴിഞ്ഞു.
ബോക്സോഫീസ് ഇന്ത്യ ഡോട്ട് കോമിന്റെ റിപ്പോർട്ട് അനുസരിച്ച്, ആമിർ ഖാൻ ചിത്രമായ ദംഗലിന്റെ (ഹിന്ദി വേർഷൻ) ലോകമെമ്പാടുമുള്ള ഗ്രോസ് കളക്ഷൻ ശനിയാഴ്ച (₹702 കോടി) പത്താൻ മറികടന്നേക്കും. തുടർന്ന് ₹801 കോടി നേടിയ ബാഹുബലി - ദി കൺക്ലൂഷനെയും (ഹിന്ദി വേർഷൻ മാത്രം) പിന്നിലാക്കും. രണ്ടാം വാരത്തിന്റെ അവസാനത്തോടെ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി പത്താൻ മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ദീപിക പദുകോൺ - ജോൺ എബ്രഹാം - ഡിംപിൾ കപാഡിയ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.