മൈതാനങ്ങളിലെ പുൽത്തലപ്പുകളെ തീപിടിപ്പിക്കുന്ന ഫുട്ബാൾ ഇതിഹാസമായ പെലെയുടെ പേരിൽ നിരവധി ചലച്ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. നിരവധി സിനിമകളിലും ഡോക്യുമെന്ററികളിലും അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. അവയിൽ ശ്രദ്ധേയമായത് പെലെയുടെ ആത്മകഥാംശം ഏറെയുള്ള, അദ്ദേഹം അഭിനയിച്ച് 2016ൽ പുറത്തിറങ്ങിയ ‘പെലെ ബർത്ത് ഓഫ് എ ലെജന്റ്’ എന്ന സിനിമയാണ്.
ജെഫ് സിബലിസ്റ്റ് സംവിധാനം ചെയ്ത ഈ സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചത് വിഖ്യാത ഇന്ത്യൻ സംഗീത സംവിധായകൻ എ.ആർ. റഹ്മാനാണ്. തെരുവിൽ തുകൽപന്ത് കളിച്ചുവളർന്ന ഡീകോ എന്ന ബാലൻ ദാരിദ്ര്യത്തെ ഡ്രിബ്ൾ ചെയ്തുകയറി ഫുട്ബാൾ കളിക്കാരനാവുകയെന്ന ലക്ഷ്യസാക്ഷാത്കാരത്തിലെത്തുന്നതിന്റെ ദൃശ്യാവിഷ്കാരമാണ് ഈ സിനിമ. എന്നാൽ, പ്രേക്ഷകന്റെ ചങ്കിടിപ്പ് ഉദ്വേഗത്തിന്റെ പെനാൽറ്റി ബോക്സിനകത്ത് തളച്ചിടുന്ന ഗംഭീര സിനിമയായി വിശേഷിപ്പിക്കപ്പെടുന്ന ചലച്ചിത്രാനുഭവമാണ് ‘എസ്കേപ് ടു വിക്ടറി’. യാബോ യാബ്ലോൻസ്കി, ഇവാൻ ജോൺസ് എന്നിവരുടെ തിരക്കഥയിൽ ജോൺ ഹുസ്റ്റൻ സംവിധാനം ചെയ്ത ഈ സിനിമ 1981ലാണ് പുറത്തിറങ്ങിയത്.
ക്രാഫ്റ്റ് കൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സിനിമ മരണമുഖത്തുനിന്നും ഫുട്ബാൾ കളിച്ചു ജീവിതത്തിലേക്ക് മാർച്ച് നടത്തുന്ന ഫുട്ബാൾ കളിക്കാരായ ഒരുകൂട്ടം തടവുകാരുടെ കഥ പറയുന്നു. വെസ്റ്റ്ഹാം യുനൈറ്റഡിന്റെ ക്യാപ്റ്റൻ ജോൺ കോൾബി (മൈക്കൽ കെയ്ൻ) പരിശീലിപ്പിച്ച സഖ്യകക്ഷികളുടെ ടീം ജർമൻ ടീമിനെതിരെ പ്രദർശന മത്സരം കളിക്കുകയാണ്. ജർമൻ ടീമിനോട് പൂർണ വിധേയത്വം പുലർത്തുന്ന റഫറിയും ശാരീരികമായി സഖ്യകക്ഷികളെ ആക്രമിക്കുന്ന ജർമൻ ടീമുമെല്ലാം യുദ്ധകാലത്തെ സാമൂഹിക അവസ്ഥ വരച്ചു കാണിക്കുകയാണ്. ലൂയി ഫെർണാണ്ടസ് ആയി അഭിനയിച്ച പെലെയുടെ വേഷം ലോകമാകമാനം ചർച്ച ചെയ്യപ്പെട്ടു.
നെറ്റ്ഫ്ലിക്സിൽ പ്രക്ഷേപണം ചെയ്ത പെലെയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയാണ് ‘പെലെ’ (2021). ‘മാർച്ച’ (1972), ‘എ മൈനർ മിറാക്ൾ’ (1985), ‘ക്ലോൺ’ (2001) എന്നിവയടക്കം പോർചുഗീസ് ഭാഷയിലെ നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചു. ബ്രസീലിയൻ ടെലിവിഷൻ പ്രക്ഷേപണം ചെയ്ത നിരവധി ഡോക്യുമെന്ററികളും പെലെയുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.