ലാൽ സിങ് ഛദ്ദ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഉത്തർ പ്രദേശിൽ പ്രതിഷേധ പ്രകടനം

വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ആമിർ ഖാൻ ചിത്രം ലാൽ സിങ് ഛദ്ദക്ക് നിരോധനമേർപ്പെടുത്തണമെന്ന ആവശ്യവുമായി ഉത്തർപ്രദേശിൽ ഹിന്ദു സംഘടനയായ സനാതൻ രക്ഷക് സേനയുടെ പ്രതിഷേധം. ആമിർ ഖാൻ ഹിന്ദു ദൈവങ്ങളെ പരിഹസിച്ചെന്നും തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചാണ് യു.പിയിലെ ഭേലുപൂരിലെ ഐ.പി വിജയ മാളിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയത്.

ആമിർ ഖാന്റെ സിനിമകൾ രാജ്യത്ത് ഓടാൻ അനുവദിക്കില്ലെന്നും വീടുവീടാന്തരം കയറിയിറങ്ങി സിനിമകൾ ബഹിഷ്‌കരിക്കാൻ ജനങ്ങളോട് അഭ്യർഥിക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. ചിത്രം നിരോധിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർഥിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ലാൽ സിങ് ഛദ്ദക്ക് പ്രശംസയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വീരേന്ദർ സെവാഗും സുരേഷ് റെയ്‌നയും. ''ഇന്ത്യയിലെ സാധാരണക്കാരന്റെ വികാരങ്ങൾ ഈ സിനിമ നന്നായി പകർത്തിയിട്ടുണ്ട്. കൂടാതെ, ഇത് ഒരു ആമിർ ഖാൻ ചിത്രമാകുമ്പോൾ നിങ്ങൾ പ്രകടനത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ല'', വീരേന്ദർ സെവാഗ് അഭിപ്രായപ്പെട്ടു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും അതിശയിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. അത് ശരിക്കും ഇഷ്ടപ്പെട്ടെന്നും സെവാഗ് പറഞ്ഞു.

ലാൽ സിങ് ഛദ്ദ ടീമിന്റെ കഠിനാധ്വാനത്തിലും പ്രയത്‌നത്തിലും താൻ വിസ്മയപ്പെട്ടെന്ന് സുരേഷ് റെയ്‌ന പറഞ്ഞു. എല്ലാറ്റിനുമുപരിയായി, ചിത്രത്തിലെ ഏറ്റവും മികച്ച കാര്യം പ്രണയകഥയും മനോഹരമായ ഗാനങ്ങളുമാണ്, എനിക്ക് അത് ഇഷ്ടപ്പെട്ടു. എല്ലാ ആശംസകളും, ആമിർ ഭായ്, സിനിമ ശരിക്കും ആസ്വദിച്ചു," റെയ്ന പറഞ്ഞു. ഇരുവരും പ്രശംസിക്കുന്ന വിഡിയോ ആമിർ ഖാന്റെ പ്രൊഡക്ഷൻ ഹൗസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

ഹോളിവുഡ് ക്ലാസിക് ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാൽസിങ് ഛദ്ദ. ഓസ്കാർ അവാർഡ് നേടിയ നടൻ ടോം ഹാങ്ക്സ് ആയിരുന്നു ഈ സിനിമയിൽ നായകന്റെ വേഷമിട്ടത്. ആമിർ ഖാൻ പ്രൊഡക്ഷൻസും വയാകോം 18ഉം സംയുക്തമായാണ് ലാൽസിങ് ഛദ്ദ നിർമിച്ചത്. അദ്വൈത് ചൗഹാൻ സംവിധാനം ചെയ്ത ചിത്രത്തിൽ കരീന കപൂറാണ് നായിക. മോന സിംഗ്, നാഗചൈതന്യ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നാഗചൈതന്യയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.

ചിത്രത്തിനെതിരെ ഒരു വിഭാഗം ബഹിഷ്കരണാഹ്വാനം മുഴക്കിയിരുന്നു. തുടർന്ന് ചിത്രം ബഹിഷ്കരുതെന്ന അഭ്യർഥനയും വിശദീകരണവുമായി ആമിർ ഖാൻ രംഗത്തെത്തിയിരുന്നു. ''ഞാൻ ആരെയെങ്കിലും ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദിക്കുന്നു. ആരെയും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരെങ്കിലും സിനിമ കാണാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അവരുടെ വികാരത്തെ ഞാൻ മാനിക്കും'' എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Tags:    
News Summary - Protest in Uttar Pradesh demanding the ban of Lal Singh Chaddha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.