അവശിഷ്ടങ്ങളിലും പഴക്കം വന്നവയിലും തിമിർക്കുന്നവയാണ് 'പുഴു'. ജീർണ്ണിച്ച / പഴക്കം ചെന്ന ചരിത്രപരമായ അനീതികൾക്ക് മുകളിലൂടെയാണ് ആ പുഴു ഇത്തവണ അരിച്ചരിച്ചു കയറുന്നതെങ്കിലോ? പ്രമേയം കൊണ്ട് അത്രമേൽ ശക്തമായ അവതരണം കൊണ്ടാണ് 'പുഴു' ശ്രദ്ധ നേടുന്നതെങ്കിലോ? അതേ. നവാഗതയായ രത്തീന പി.ടി. സംവിധാനം ചെയ്ത 'പുഴു'വിന് പറയാൻ ദുഷിച്ച ചില സാമൂഹികാവസ്ഥകൾ തന്നെയാണ് വിഷയം. സുസ്ഥിരവും വസ്തുനിഷ്ഠവുമായ മനുഷ്യയാഥാർത്ഥ്യത്തെപ്പറ്റിയുള്ള ആവിഷ്കരണം തന്നെയാണ് സംവിധായിക നടത്തുന്നതും. എന്നാൽ, അതിനായി പതിവ് സിനിമാഖ്യാനങ്ങളിൽ നിന്ന് വ്യത്യസ്തമായി മലയാളത്തിന്റ മെഗാസ്റ്റാർ മമ്മുക്കയെ നെഗറ്റീവ് ഷേഡിൽ കാണാൻ പറ്റുമെന്നുള്ളതാണ് സിനിമയുടെ വലിയ പ്രത്യേകതയായി ഏറ്റവുമാദ്യം തന്നെ പ്രേക്ഷകർ വിലയിരുത്തുന്നത്.
മമ്മൂട്ടിയിലെ നടനെ അത്രത്തോളം ആഴത്തിലാണ് സംവിധായിക ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ശക്തമായൊരു തിരക്കഥയ്ക്കും മുകളിൽ നിന്നുകൊണ്ട് അഭിനയിക്കുന്ന, അല്ല ജീവിക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തിൽ കാണാനാവുക. പൊലീസുദ്യോഗസ്ഥനായ, പ്രിയപ്പെട്ടവരെല്ലാം കുട്ടൻ എന്നു വിളിക്കുന്ന കഥാപാത്രമായാണ് മമ്മുട്ടിയിതിൽ അഭിനയിക്കുന്നത്. ഭാര്യ മരിച്ച കുട്ടൻ തന്റെ ഒരേയൊരു മകൻ കിച്ചുവിനെ വളർത്തുന്നത് വളരെയധികം സിസ്റ്റമാറ്റിക്ക് ആയിട്ടാണ്. താത്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം, നൈപുണ്യശേഷി, പഠനരീതി തുടങ്ങിയ എല്ലാത്തിലും കിച്ചു അവന്റെ അച്ഛന് വിധേയപ്പെട്ടു ജീവിക്കുന്നവൻ മാത്രമാണ്.
അമിതമായി മകനെ നിയന്ത്രിക്കുന്ന രക്ഷിതാവായ കുട്ടനാവട്ടെ അത്തരത്തിലുള്ള തന്റെ സ്വഭാവങ്ങളെല്ലാം തന്നെ മകന്റെ സ്വഭാവത്തെ ദോഷപരമായി ബാധിക്കുമെന്നോ, അവന്റെ പെരുമാറ്റത്തെ മോശമായി ബാധിക്കുമെന്നോ, സ്കൂളിലെ പെരുമാറ്റം മോശമാക്കുമെന്നോ തുടങ്ങി ഒന്നിലും തന്നെ ബോധവാനല്ല. അതോടൊപ്പം അയാൾക്ക് കടുത്ത ഡെലൂഷനല്‍ ഡിസോഡര്‍ കൂടിയുണ്ട്. തന്നെയാരോ കൊല്ലാൻ വരുന്നു എന്ന മിഥ്യാബോധത്തിൽ മാത്രം എപ്പോഴും ജീവിക്കുന്ന അയാൾക്ക് മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ പോലും അതിന്റേതായ അസ്വസ്ഥതതകളുമുണ്ട്. എന്നാൽ, പേരന്റിങിലെ പ്രശ്നങ്ങൾ പറയുമ്പോഴും(ടോക്സിക് പാരന്റിങ്), അയാളിലെ ആകുലതകൾ അവതരിപ്പിക്കുമ്പോഴും സിനിമയുടെ യഥാർത്ഥ പ്രശ്നം അതിലും കവിഞ്ഞു നിൽക്കുന്ന ഗൗരവമുള്ള മറ്റൊന്നാണ്. ആ വിഷയത്തിലേക്ക് അരിച്ചരിച്ചു കയറുവാൻ സമയമെടുക്കുമെന്നു മാത്രം. ആധുനികകാലത്തിന്റെ വർത്തമാനഘട്ടത്തിൽ പോലും ജാതിചിന്തയുടെ ദുരഭിമാനബോധം പേറുന്ന 'പച്ച'യായ മനുഷ്യർ തന്നെയാണ് പുഴുവിലെയും മനുഷ്യർ.
കിച്ചു എന്ന ഋഷികേശിന്റെ അച്ഛനാവുമ്പോഴും, പൊലീസ് ഉദ്യോഗസ്ഥനാവുമ്പോഴും തന്റെ സഹോദരി നാടകകലാകാരനായ കുട്ടപ്പനൊപ്പം തന്നിഷ്‌ടപ്രകാരം ജീവിക്കാൻ ഇറങ്ങി തിരിക്കുന്നത് അയാളിൽ വലിയ അഭിമാനക്ഷതമുണ്ടാക്കുന്നു. കുട്ടപ്പൻ താഴ്ന്നജാതിക്കാരനാണെന്ന ചിന്താഗതി തന്നെയാണ് അതിന്റെ പ്രധാനകാരണവും. നിലവിലെ സമൂഹികാവസ്ഥയിൽ പുരോഗമനചിന്തകൾ മുറുകുമ്പോഴും ജാതിവെറിയുടെ ഉച്ചനീചത്വം പിടിമുറുക്കി തന്നെ ഇവിടെയുണ്ടെന്ന ഓർമ്മപ്പെടുത്തലുകളാണ് സിനിമ നടത്തുന്നത്. പ്രിവിലേജുകളടിഞ്ഞുകൂടി സാമൂഹ്യാന്ധത ബാധിച്ച കുട്ടനെന്ന പൊലീസ് ഉദ്യോഗസ്ഥനിലൂടെ ജാതിബദ്ധമായ സാമൂഹ്യാവസ്ഥയെയും അതിന്റെ സങ്കീർണതകളെയും സംവിധായിക കൂടുതൽ വ്യക്തമാക്കുന്നു.
കുട്ടൻ ഒരു കഥാപാത്രമോ പുഴു കേവലം ഒരു സിനിമയോ അല്ലെന്ന തിരിച്ചറിവ് പ്രേഷകർക്ക് ലഭിക്കുമെന്ന് തീർച്ച. ലിമിറ്റഡ് സ്പേസിൽ നിന്ന് വലിയൊരു രാഷ്ട്രീയം പറയുന്ന 'പുഴു'വിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ സഹോദരിയായി അഭിനയിച്ചിരിക്കുന്നത് പാർവ്വതി തിരുവോത്താണ്. അപ്പുണ്ണി ശശി, ഇന്ദ്രൻസ്, കുഞ്ചൻ എന്നിവരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. നെടുമുടി വേണു, കോട്ടയം രമേശ്, മാസ്റ്റർ വാസുദേവ് സജീഷ്, ഇ.കെ.തേജസ്, മാളവിക മേനോൻ, ആത്മീയ രാജൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. തേനി ഈശ്വർ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ഉണ്ടയുടെ തിരക്കഥാകൃത്തായ ഹർഷദിന്‍റെതാണ് ചിത്രത്തിന്‍റെ കഥ. ഹർഷദ്, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ട്രെയിലറും ടീസറും പുറത്ത് വന്നപ്പോൾ തന്നെ പ്രേഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പുഴു സോണി ലൈവിലൂടെയാണ് റിലീസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.