ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിതനായ രാഗേഷ് കൃഷ്ണന്‍ തിരക്കഥയും സംവിധാനവും ചെയ്ത 'കളം@24' മികച്ച സ്വീകാര്യത നേടി തിയറ്ററുകളിൽ ജൈത്രയാത്ര തുടരുന്നു. നവംബർ 29 വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തിയത്.ഒരുകൂട്ടം പുതുമുഖങ്ങൾ അണിനിരന്ന ഫാന്റസി- ഡ്രാമ വിഭാഗത്തിലുള്ള ഒരു സസ്പെന്‍സ് ത്രില്ലറാണ് രാഗേഷ് കൃഷ്ണന്റെ 'കളം@24'.
അഞ്ച് ആല്‍ബവും മൂന്ന് ഹൃസ്വചിത്രവും ഒരുക്കിയ ശേഷമാണ് രാഗേഷ് സിനിമയൊരുക്കാന്‍ ഇറങ്ങിയത്. ഈ ചിത്രങ്ങള്‍ക്ക് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ലോക സിനിമയില്‍ തന്നെ സെറിബ്രല്‍ പാള്‍സിയെ മറികടന്ന് സിനിമയെടുത്ത മറ്റാരെങ്കിലും ഉണ്ടോയെന്നത് സംശയമാണ്. രാഗേഷിന്റെ ഇന്റര്‍വ്യൂകളും വൈറലാണ്.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഈ സിനിമയുടെ പ്രമോഷന് പത്രസമ്മേളനത്തില്‍ രാകേഷിനൊപ്പം പങ്കെടുത്തിരുന്നു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ മുന്‍നിര മാധ്യമങ്ങള്‍ ഒന്നും അതിന് വലിയ പരിഗണന നല്‍കിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇവിടെ വരെയേ രാകേഷിന് ഓടാന്‍ പറ്റുകയുള്ളൂ, ഇനിയങ്ങോട്ട് ആ ബാറ്റണ്‍ രാകേഷ് സിനിമാപ്രേമികള്‍ക്ക് കൈമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
'ഈ കൊച്ചു സിനിമ ആകെ കുറച്ചു തിയറ്ററുകളില്‍ മാത്രമേയുള്ളൂ. നിങ്ങളില്‍ സാധിക്കുന്നവരെല്ലാം അടുത്തുള്ള തിയറ്ററില്‍ പോയി രാകേഷിന്റെ സിനിമ കാണണം. കണ്ടാല്‍ സോഷ്യല്‍ മീഡിയയിലോ സുഹൃത്തുക്കളോടോ അഭിപ്രായം പങ്കുവെക്കണം. പിന്തുണയ്ക്കണം. രാഗേഷ് അത് അര്‍ഹിക്കുന്നുണ്ട്. കൊച്ചനുജനും സിനിമയ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ'- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പന്തളം കുരമ്പാല കാര്‍ത്തിക ഭവനില്‍ രാധാകൃഷ്ണ കുറുപ്പിന്റെയും രമ കുറുപ്പിന്റെയും മകനാണ് രാഗേഷ്. ചരിത്രത്തില്‍ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.