‘ഹിന്ദി അറിയില്ലായിരുന്നു, അന്ന് പരിഭാഷകനായത് ഞാൻ’; റഹ്മാന്‍റെ ഇസ്‍ലാം പരിവർത്തനത്തിന് സാക്ഷിയായതിന്‍റെ ഓർമ പങ്കുവെച്ച് രാജീവ് മേനോൻ

‘ഹിന്ദി അറിയില്ലായിരുന്നു, അന്ന് പരിഭാഷകനായത് ഞാൻ’; റഹ്മാന്‍റെ ഇസ്‍ലാം പരിവർത്തനത്തിന് സാക്ഷിയായതിന്‍റെ ഓർമ പങ്കുവെച്ച് രാജീവ് മേനോൻ

ഇന്ത്യയെ സംഗീത ലോകത്തിന്‍റെ ആഗോള ഭൂപടത്തിലേക്ക് കൈപിടിച്ചുയർത്തിയ എ.ആർ. റഹ്മാനുമായുള്ള ദീർഘനാളത്തെ സൗഹൃദം തുറന്നുപറഞ്ഞ് സംവിധായകനും സിനിമാട്ടോഗ്രാഫറുമായ രാജീവ് മേനോൻ. റോജ സിനിമക്കും മുമ്പേ തന്നെ റഹ്മാനുമായി സൗഹൃദമുണ്ട്. പരസ്യ മേഖലയിൽ പ്രവർത്തിക്കുന്നതിനിടെയാണ് പരിചയപ്പെടുന്നതെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രാജീവ് പറഞ്ഞു.

‘അന്ന് അധികമൊന്നും സംസാരിക്കാത്ത നാണംകുണുങ്ങിയായ ഒരാളായിരുന്നു. ഇന്ന് അങ്ങനെയല്ല, ദീർഘമായ ഇ-മെയിലുകൾ അയക്കുന്നു, നിരവധി അഭിമുഖങ്ങൾ നൽകുന്നു, നന്നായി സംസാരിക്കുന്നു’ -80കളിലെയും ഇന്നത്തെയും റഹ്മാന്‍റെ മാറ്റങ്ങൾ ചൂണ്ടിക്കാട്ടി രജീവ് പറഞ്ഞു. മാതാവുമായുള്ള ആഴത്തിലുള്ള അടുപ്പമാണ് റഹ്മാന്‍റെ ജീവതത്തിൽ മുതൽക്കൂട്ടായത്. ഇന്ത്യക്കാർക്ക് പാശ്ചാത്യ ശാസ്ത്രീയ സംഗീതം പഠിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര തലത്തിലുള്ള സ്കൂൾ സ്ഥാപിക്കണമെന്ന ആഗ്രഹവും റഹ്മാന്‍റെ മുന്നോട്ടുള്ള യാത്രയിൽ വലിയ പ്രചോദനമായി. മാതാവിന്‍റെ വിയോഗം റഹ്മാനെ മാനസികമായി തളർത്തിയിരുന്നു. മറ്റാരേക്കാളും ഇന്ത്യയിൽ പാശ്ചാത്യ സംഗീതത്തിന് സംഭാവന നൽകിയ വ്യക്തിയാണ് റഹ്മാൻ.

തന്‍റെ സ്ഥാപനം പണം സമ്പാദിക്കുന്നതിലുപരി, ആളുകൾക്ക് സംഗീതം അഭ്യസിക്കാനുള്ള ഒരു കേന്ദ്രമാകണമെന്നാണ് റഹ്മാൻ ആഗ്രഹിച്ചിരുന്നത്. സംഗീത പരിപാടികളുടെ മൂല്യമുയർത്തുന്നതിൽ ഉൾപ്പെടെ അദ്ദേഹത്തിന്‍റെ സ്വാധീനം കാണാനാകും. അദ്ദേഹം വെർച്വൽ റിയാലിറ്റിയിൽ നിരവധി പുതുപരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും രാജീവ് വ്യക്തമാക്കി. ദൈവികതയോടും സംഗീതത്തോടുമുള്ള സമീപനം റഹ്മാന് ഇന്ത്യൻ സംഗീതത്തിൽ സവിശേഷമായ ഒരു ഇടം തന്നെ നൽകി. അദ്ദേഹത്തിന്‍റെ ഇസ്‍ലാമിലേക്കുള്ള പരിവർത്തനത്തിൽ പരിഭാഷക റോൾ വഹിച്ചതിന്‍റെ ഓർമകളും രാജീവ് അഭിമുഖത്തിൽ പങ്കുവെച്ചു.

റഹ്മാന്‍റെ വസതിയിൽവെച്ച് ഗുൽബർഗയിൽനിന്നുള്ള ഫക്കീറുമാരാണ് അദ്ദേഹത്തെ ഇസ്‍ലാം സ്വീകരിക്കാൻ സഹായിച്ചത്. അതിന് താനും സാക്ഷിയായിരുന്നു. അവർക്കന്ന് ഹിന്ദി അറിയില്ലായിരുന്നു. താനാണ് പരിഭാഷകനായത്. റഹ്മാന്‍റെ ഇസ്‍ലാം ആശ്ലേഷണത്തിന് നേരിട്ട് സാക്ഷിയായി. ജീവിതത്തിലെ പ്രയാസങ്ങളെ നേരിട്ടതും മറികടന്നതും സംഗീതത്തിലൂടെയാണ്. സൂഫിസം അദ്ദേഹത്തിന്‍റെ സംഗീത വളർച്ചയിൽ വലിയ പങ്കുവഹിച്ചു. ഇസ്‍ലാമിലേക്കുള്ള പരിവർത്തനമാണ് ഹിന്ദുസ്ഥാനി-ഖവാലി സംഗീതത്തിൽ പുതുപരീക്ഷണങ്ങൾ നടത്താൻ സഹായകരമായതെന്നും രാജീവ് കൂട്ടിച്ചേർത്തു.

പിതാവും സംഗീത സംവിധായകനുമായ ആര്‍.കെ. ശേഖറിന്റെ മരണ ശേഷമാണ് റഹ്മാനും കുടുംബവും ഇസ്‍ലാം ആശ്ലേഷിക്കുന്നത്. റോജയുടെ ഫിലിം ക്രെഡിറ്റില്‍ അവസാന നിമിഷമാണ് എ.ആര്‍. റഹ്മാന്‍ എന്ന പേര് ചേര്‍ത്തത്. മാതാവ് കരീമാ ബീഗമാണ് ഇതാവശ്യപ്പെട്ടതെന്നും റഹ്മാൻ ഒരിക്കൽ തുറന്നുപറഞ്ഞിരുന്നു.

Tags:    
News Summary - Rajiv Menon opens up about AR Rahman's conversion to Islam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.