കൊച്ചി: പുതുമുഖനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റംചെയ്തതായി ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും അഞ്ചുലക്ഷം രൂപയുടെയും രണ്ട് ആൾ ജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും ഹൈകോടതി അനുമതി നൽകിയിരുന്നു.
തിങ്കളാഴ്ച രാവിലെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂലൈ മൂന്നുവരെ രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് കോടതി അനുമതിയുള്ളത്. പീഡനം നടന്നതായി ആരോപണമുള്ള പനമ്പിള്ളിനഗറിലെ അപ്പാർട്മെന്റിലും ഹോട്ടൽമുറി ഉൾപ്പെടെ സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം വൈകീട്ട് വിട്ടയച്ചു. എല്ലാ ദിവസവും ഇതേപോലെ സ്റ്റേഷനിൽ ഹാജരായി തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും വിധേയനാകണം. തേവര സ്റ്റേഷനിലും ഇയാൾക്കെതിരെ പരാതിയുണ്ട്. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് വിജയ്ബാബു പീഡിപ്പിച്ചെന്ന പരാതിയുമായി ഏപ്രിൽ 22നാണ് യുവതി പൊലീസിനെ സമീപിച്ചത്. പരാതി നൽകിയ വിവരം അറിഞ്ഞശേഷം രാജ്യം വിട്ട വിജയ്ബാബുവിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്പോർട്ട് റദ്ദാക്കുകയും ചെയ്തിരുന്നു.
ഹൈകോടതി ഇടപെടലിലാണ് നാട്ടിലെത്തി മുൻകൂർ ജാമ്യം നേടിയത്. ദിവസങ്ങൾ നീണ്ട വാദങ്ങൾക്കു ശേഷമാണ് കഴിഞ്ഞയാഴ്ച ഹൈകോടതി ജാമ്യം അനുവദിച്ചത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തെ പീഡനമാക്കി മാറ്റുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന നിർദേശത്തോടെയാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. ഇരയുടെ പേരു വെളിപ്പെടുത്തി എന്ന മറ്റൊരു കേസ് കൂടി ഇയാൾക്കെതിരെയുണ്ട്. ഈ കേസിൽ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.