കേരളത്തിലെ സിനിമാ മേഖലയില്‍ ദുരനുഭവം ഉണ്ടായാൽ തുറന്നുപറയാൻ ഒരു ഇടമില്ല എന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് റിമ കല്ലിങ്കൽ

കൊച്ചി: കേരളം പോലെ ഒരു സംസ്ഥാനത്ത് ഇതുവരെ സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുളള ദുരനുഭവം ഉണ്ടായാൽ, അത് തുറന്നുപറയാൻ ഒരു ഇടമില്ല എന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് റിമ കല്ലിങ്കൽ. എല്ലാവരും ഉറ്റുനോക്കുന്ന കേരളീയര്‍ ഇത് പണ്ടേ ചെയ്യേണ്ടതായിരുന്നുവെന്നും റിമ പറഞ്ഞു.

ഒരു തൊഴിലിടം ഒരുമിച്ച് കൊണ്ടുവരുമ്പോള്‍ അവിടെ ആർക്കും ഒരു കളങ്കവും സംഭവിക്കാൻ പാടില്ല എന്ന മാനസികാവസ്ഥ മാത്രമേ ഇതിനാവശ്യമുള്ളൂ. കൊച്ചിയില്‍ റീജിയണല്‍ ഐ.എഫ്.എഫ്.കെയുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ഓപ്പണ്‍ ഫോറത്തിൽ സിനിമ സെറ്റുകളിൽ ഇന്റേണല്‍ കമ്മിറ്റി കൊണ്ടുവരുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു റിമ.

ഇന്‍റേണല്‍ കമ്മിറ്റി എന്ന ആശയം ചര്‍ച്ച ചെയ്ത് തുടങ്ങുന്ന സമയത്ത് വൈറസ് എന്ന സിനിമയില്‍ ഞങ്ങള്‍ ഒരു ഐ.സി രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തതാണ്. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യമാണിത്. ഒരു സിനിമാ സെറ്റിന്‍റെ ചിത്രമെടുത്ത് നോക്കിയാല്‍ അതില്‍ ഒന്നോ രണ്ടോ സ്ത്രീകളേ കാണൂ. അതുകൊണ്ടാണ് അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ട് വൈശാഖ ഇന്‍റേണല്‍ കമ്മിറ്റിക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതെങ്കില്‍പ്പോലും ഐ.സി വേണമെന്ന് പറഞ്ഞ് ഡബ്ല്യൂ.സി.സി സമ്മര്‍ദ്ദം ചെലുത്തുന്നത് ഈ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കുകൂടി വേണ്ടിയാണ്.

തൊഴിലിടത്തിലെ ലൈംഗികാതിക്രമം എന്താണെന്നത് കൃത്യമായി ക്ലാസെടുത്ത് എല്ലാ യൂണിയനുകളും അതിനുവേണ്ടി മുന്നിട്ടിറങ്ങുക തന്നെ വേണം. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സെറ്റിന്‍റെ സൈഡില്‍ നിന്ന് വരുന്ന കമന്‍റുകളും ജോലി കിട്ടാതിരിക്കാനുള്ള സാധ്യതകളുണ്ട് എന്ന രീതിയില്‍ സംസാരിക്കുന്നതുമെല്ലാം ഇതേ വിഭാഗത്തില്‍പ്പെടുമെന്ന് വൈശാഖ തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. എല്ലാ യൂണിയനുകളും വരിസംഖ്യ വാങ്ങി അംഗത്വം നല്‍കുന്നതിനൊപ്പം തന്നെ അതിക്രമങ്ങള്‍ക്കെതിരായുള്ള മാര്‍ഗനിര്‍ദേശങ്ങളും അറിവുകളും നല്‍കുന്നതിനുള്ള ഉത്തരവാദിത്തം കൂടി കാണിക്കണമെന്നും റിമ പറഞ്ഞു. 

Tags:    
News Summary - Rima Kallingal says she can not believe there is no place to be open when tragedy strikes in shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.