ബോക്സ്ഓഫീസിൽ കൊടുങ്കാറ്റായി ആർ.ആർ.ആർ; ആദ്യ ദിനം റെക്കോഡ് കളക്ഷൻ

എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'ആർ.ആർ.ആർ' കളക്ഷൻ റെക്കോഡുകൾ ഭേദിച്ച് മുന്നേറുന്നു. തെലുഗു സൂപ്പർ താരങ്ങളായ രാംചരണും ജൂനിയർ എൻ.ടി.ആറും നായകൻമാരായ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ആദ്യദിനം 257.15 കോടി രൂപയാണ് വാരിയത്. രാജമൗലിയു​ടെ തന്നെ ബാഹുബലി-2 വിന്റെ (224 കോടി രൂപ) കളക്ഷൻ റെക്കോഡുകൾ ആർ.ആർ.ആർ തകർത്തതായാണ് റിപ്പോർട്ടുകൾ.

ചിത്രത്തിൻ്റെ ആദ്യ ദിന വരുമാനം 257.15 കോടി രൂപയാണെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ട്വീറ്റ് ചെയ്തു.127 കോടി രൂപയാണ്‌ തെലുഗു സംസ്ഥാനങ്ങളിൽ നിന്ന് ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത്‌. ഹിന്ദിയില്‍ നിന്നും 22 കോടി, കര്‍ണാടകയില്‍ നിന്നും 16 കോടി, തമിഴ്‌നാടില്‍ നിന്നും ഒമ്പത് കോടി, കേരളത്തില്‍ നിന്നും നാല്‌ കോടി, ഓവര്‍സീസ്‌ അവകാശങ്ങളില്‍ നിന്നും 69 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. തിയറ്ററുകളില്‍ ടിക്കറ്റ്‌ നിരക്ക്‌ വര്‍ധന ആർ.ആർ.ആറിന്റെ കളക്ഷനെ തെല്ലും ബാധിച്ചി​ല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ലോകത്താകമാനം 10,000 സ്‌ക്രീനുകളിലാണ് ആർ.ആർ.ആർ പ്രദർശനത്തിനെത്തിയത്. കേരളത്തില്‍ മാത്രം 500 ലധികം സ്‌ക്രീനുകളിലാണ്‌ ചിത്രം റിലീസ് ചെയ്തത്. 1920-കളിലെ സ്വാതന്ത്ര്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണും കോമരം ഭീമായി ജൂനിയർ എൻ.ടി.ആറും അഭിനയിച്ചിരിക്കുന്നു.

ഡി.വി.വി ദാനയ്യയാണ് 550 കോടി മുടക്ക് മുതൽ പ്രതീക്ഷിക്കുന്ന ചിത്രം നിർമിച്ചത്. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയുടെ ബിസിനസ് സ്വന്തമാക്കിയിരുന്നു. ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് അവകാശം സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുഗു, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്‌, അജയ്‌ ദേവ്‌ഗണ്‍, തെന്നിന്ത്യൻ താരങ്ങളായ സമുദ്രക്കനി, ശ്രീയ ശരണ്‍, ബ്രിട്ടീഷ്‌ നടി ഡെയ്‌സി എഡ്‌ജര്‍ ജോണ്‍സ്‌ എന്നിവരും സുപ്രധാന വേഷങ്ങളിലെത്തി. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും കെ.കെ. സെന്തില്‍ കുമാർ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. എം.എം കീരവാണിയാണ് സംഗീതം.

Tags:    
News Summary - SS Rajamoulis RRR has all-time best opening day collection by an Indian film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.