'തീ'യിലെ ഗാനം വഴി തുറന്നു; ഋതേഷ് ഇനി തമിഴിൽ നായകൻ

അനിൽ വി. നാഗേന്ദ്രൻ സംവിധാനം ചെയ്യുന്ന 'തീ' എന്ന സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഋതേഷിനെ തേടിവന്നത്​ തമിഴ്​ സിനിമയിലെ നായക പദവി. അതിസാഹസികനും ഭയങ്കരനുമായ 'ഘടോൽക്കചൻ' എന്ന കഥാപാത്രത്തിന്‍റെ രൂപ ഭാവ ചലനങ്ങളുമായി ഋതേഷ്​ അഭിനയിച്ച 'തീ'യിലെ 'ധീരം...വീരം...' എന്ന ഗാനമാണ്​ ഇതിന്​ കാരണമായത്​. ഈ പാട്ട്​ തമിഴ്നാട്ടിലെ ചില വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്​ ഋതേഷിന് ഗുണമാകുകയായിരുന്നു. തമിഴ്നാട് ആസ്ഥാനമായുള്ള ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ യൂ ക്രിയേഷൻസാണ് അനിൽ വി. നാഗേന്ദ്രന്‍റെ വിശാരദ് ക്രിയേഷൻസിനോടൊപ്പം ചേർന്ന് 'തീ' നിർമ്മിച്ചത്.

Full View

അനിൽ വി. നാഗേന്ദ്രൻ രചിച്ച് അഞ്ചൽ ഉദയകുമാർ ഈണമിട്ട് ശ്രീകാന്ത്, ആർ.കെ. രാമദാസ്, മണക്കാട് ഗോപൻ, കലാഭവൻ സാബു എന്നിവർ പാടിയ 'ധീരം...വീരം...' എന്ന ഗാനം പുറത്തുവന്നത്​ തമിഴ്​ സംവിധായകനും നടനും നിർമ്മാതാവുമായ അതിയമാന്‍റെ ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ മുത്തു മൂവീസിനൊപ്പം ചേർന്ന്​ യൂ ക്രിയേഷൻസ് നിർമ്മിക്കാനൊരുങ്ങുന്ന തമിഴ് ചിത്രത്തിന്‍റെ ചർച്ചകൾ നടക്കുന്ന സമയത്താണ്. നിരവധി ഹിന്ദി, തമിഴ് സിനിമകൾക്കും 'വസന്തത്തിന്‍റെ കനൽ വഴികളിൽ', 'തീ' എന്നീ സിനിമകൾക്കും ക്യാമറ ചലിപ്പിച്ച കവിയരശിന്‍റെ സംവിധാനത്തിൽ ഒരു നാട്ടുറൗഡിയുടെ കഥ പറയുന്ന തമിഴ് ചിത്രത്തിൽ ശിവകാർത്തികേയൻ, കാർത്തി എന്നിവരിലൊരാളെ പരിഗണിക്കാനായിരുന്നു അതിയമാന്‍റെ താൽപര്യം. പക്ഷേ, 'തീ'യിലെ പാട്ടുരംഗം കണ്ടതോടെ അതിയമാൻ തന്നെ ഋതേഷിന്‍റെ പേരു നിർദേശിക്കുകയായിരുന്നു. തൊട്ടാസിണുങ്ങി, സ്വർണ്ണമുഖി, തലൈമുറൈ, വീരനട തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ് അതിയമാൻ. കാസർകോട്​ നീലേശ്വരം സ്വദേശിയാണ്​ ഋതേഷ്​.

കവിയരശും അനിൽ വി. നാഗേന്ദ്രനും

യുവ എം.എൽ.എ മുഹമ്മദ് മുഹ്​സിനെയും സാഗരയെയും നായകനും നായികയുമായി അവതരിപ്പിക്കുന്ന 'തീ'യിലെ അധോലോക നായകനായുള്ള ഇന്ദ്രൻസിന്‍റെ ലുക്ക്​ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേംകുമാർ, വിനു മോഹൻ, രമേഷ് പിഷാരടി, ഉല്ലാസ് പന്തളം, ഗായകൻ ഉണ്ണി മേനോൻ, അരിസ്റ്റോ സുരേഷ്, പയ്യൻസ് ജയകുമാർ, വി.കെ. ബൈജു, ആർട്ടിസ്റ്റ് സുജാതൻ, കോബ്രാ രാജേഷ്, സോണിയ മൽഹാർ, രശ്മി അനിൽ തുടങ്ങിയവരോടൊപ്പം മുൻ എം.പി കെ. സുരേഷ് കുറുപ്പ്, കെ. സോമപ്രസാദ് എം.പി, സി.ആർ. മഹേഷ് എം.എൽ.എ, ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു തുടങ്ങിയവരും അഭിനയിക്കുന്നു.

Tags:    
News Summary - Thee movie song brings Rithesh a lead role in Tamil cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.