'നല്ല മനുഷ്യനായത് കൊണ്ട് ഒരു നല്ല മനസ് നിനക്കുണ്ട്'; തന്നെ പുകഴ്ത്തുന്ന ബാലയുടെ പഴയ വിഡിയോ പുറത്തുവിട്ട് ഉണ്ണിമുകുന്ദന്‍

'ഷെഫീക്കിന്‍റെ സന്തോഷം' സിനിമയുമായി ബന്ധപ്പെട്ട പ്രതിഫല വിവാദം മുറുകുന്നതിനിടെ സിനിമയെ കുറിച്ചും നായകനും നിര്‍മ്മാതാവുമായ ഉണ്ണിമുകുന്ദനെ കുറിച്ചും പ്രശംസിച്ച് സംസാരിക്കുന്ന നടന്‍ ബാലയുടെ വിഡിയോ പുറത്ത്. 'നിങ്ങള്‍ക്ക് നല്ലത് മാത്രം സംഭവിക്കട്ടെ' എന്ന തലക്കെട്ടോടെ ഉണ്ണിമുകുന്ദന്‍ തന്നെയാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിഡിയോ പങ്കുവെച്ചത്.

ഉണ്ണിമുകുന്ദന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഇടയാക്കിയ സാഹചര്യത്തെ കുറിച്ചാണ് ബാല വിഡിയോയില്‍ സംസാരിക്കുന്നത്. ഉണ്ണി മുകുന്ദനോടുള്ള സ്നേഹം കൊണ്ടാണ് ഷെഫീക്കിന്‍റെ സന്തോഷത്തില്‍ അഭിനയിക്കാൻ തീരുമാനിച്ചത്. താൻ നിർമിച്ച സിനിമയിൽ മറുത്ത് ഒരു വാക്കുപോലും ചോദിക്കാതെ വന്ന് അഭിനയിച്ച ആളാണ് ഉണ്ണിയെന്നും ബാല പറയുന്നു.

'സിനിമയുടെ ഒരു വരി മാത്രമാണ് എന്നോട് പറഞ്ഞത്. അപ്പോൾ ഞാൻ ഉണ്ണിയോട് ഒരു കാര്യം പറഞ്ഞു. ഞാൻ ഒരു സിനിമ നിർമിച്ചപ്പോൾ നീയൊരു വാക്കുപോലും എന്നോട് ചോദിച്ചില്ല. കഥാപാത്രത്തെക്കുറിച്ച് ഒന്നും ചോദിക്കാതെ വന്ന് അഭിനയിച്ചു. നീ പ്രൊഡ്യൂസ് ചെയ്യുമ്പോൾ ഞാൻ വന്നിരിക്കും. ഉണ്ണി വിളിച്ചപ്പോൾ ഞാൻ പറഞ്ഞു ഇത് ഞാൻ നിനക്കുവേണ്ടി ചെയ്യും എന്ന്. ‌

നല്ല മനുഷ്യനായത് കൊണ്ട് ഒരു നല്ല മനസ് നിനക്കുണ്ട്. ഉണ്ണി അഭിനയിക്കുന്ന സിനിമയുടെ സെറ്റിൽ ഒരിക്കൽ ചെന്നു. എന്റെ കയ്യിൽ പിടിച്ച് ഉണ്ണി പറഞ്ഞ ഒരു വാക്കാണ്, ബ്രദർ എന്തിനാണ് അഭിനയിക്കാതിരിക്കുന്നത്? 'നിങ്ങളെപ്പോലുള്ള ആളുകൾ സിനിമയിൽ തിരിച്ചുവരണം. സിനിമയ്ക്ക് ഇതാണ് വേണ്ടത്.' ചെറിയ ബ്രേക്കാണെന്ന് ഞാൻ പറഞ്ഞു. ആ നല്ല മനസ് സിനിമ ഇൻഡസ്ട്രിയിൽ കുറച്ച് പേർക്കേ ഉള്ളൂ. അത് നിനക്കുണ്ട് '-ബാല പറയുന്നു.

Full View

പ്രതിഫല വിവാദത്തില്‍ തനിക്കുവേണ്ടി സംസാരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് ഉണ്ണിമുകുന്ദന്‍ കുറിച്ചു. മാളികപ്പുറമാണ് തന്‍റെ അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം.

ഉണ്ണി മുകുന്ദൻ നിർമിച്ച ഷെഫീക്കിന്‍റെ സന്തോഷം സിനിമയില്‍ അഭിനയിച്ച തനിക്കും മറ്റ് ടെക്നീഷ്യന്‍സിനും ഉണ്ണിമുകുന്ദന്‍ പ്രതിഫലം തരാതെ വഞ്ചിച്ചു എന്നാണ് ബാല ഉന്നയിച്ച ആരോപണം. ഇതിന് പിന്നാലെ ബാലയുെട ആരോപണം തള്ളി സംവിധായകൻ അനൂപ് പന്തളം, സം​ഗീത സംവിധായകൻ ഷാൻ റഹ്മാൻ, ഛായാ​ഗ്രാഹകൻ എൽദോ ഐസക് തുടങ്ങിയവർ രം​ഗത്തെത്തിയിരുന്നു.

Tags:    
News Summary - Unnimukundan released the old video of Bala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.