വിക്രം നായകനാവുന്ന ധ്രുവനച്ചത്തിരത്തിന്റെ റിലീസ് അവസാന നിമിഷം മാറ്റിയത് വലിയ വാർത്തയായി മാറിയിരുന്നു. സംവിധായകൻ ഗൗതം വാസുദേവ് മേനോനായിരുന്നു സിനിമ റീലിസ് ചെയ്യില്ലെന്ന വിവരം കഴിഞ്ഞ ദിവസം അറിയിച്ചത്. സിനിമയുടെ ഓൺലൈൻ ബുക്കിങ് ഉൾപ്പടെ ആരംഭിച്ചതിന് ശേഷമായിരുന്നു അവസാന നിമിഷത്തെ നാടകീയമായ പിന്മാറ്റം.
‘ധ്രുവനച്ചിത്തിരം ഇന്ന് തിയറ്ററുകളിൽ റിലീസ് ചെയ്യാൻ സാധിക്കില്ല. ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു. എന്നാൽ, സിനിമ റിലീസ് ചെയ്യുന്നതിന് ഒന്നോ രണ്ടോ ദിവസം കൂടി വേണം. അഡ്വാൻസ് ബുക്കിങ് സൗകര്യങ്ങൾ ഉൾപ്പടെ ഏർപ്പെടുത്തി കൂടുതൽ സ്ക്രീനുകളിൽ സിനിമ റിലീസ് ചെയ്യുമെന്നും എക്സില്‍ പങ്കുവച്ച ഒരു നോട്ടില്‍ ഗൗതം വാസുദേവ് മേനോൻ അറിയിച്ചു.
എന്നാൽ, പ്രമുഖ സിനിമാ നിർമാതാവായ വിജയ് ബാബു ധ്രുവനച്ചത്തിരവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്. അവസാന നിമിഷം റിലീസ് മാറ്റിവച്ച ചിത്രത്തിന് ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയിൽ 9.1 റേറ്റിങ് ലഭിച്ചിരിക്കുന്ന കാര്യമാണ് അദ്ദേഹം പങ്കുവെച്ചത്. അതിന്റെ സ്ക്രീൻഷോട്ടുകളും വിജയ് ബാബു പോസ്റ്റ് ചെയ്തിട്ടുണ്ട്.
സിനിമ കണ്ടതിന് ശേഷം പ്രേക്ഷകർക്ക് അതിന്റെ നിരൂപണം പങ്കുവെക്കാനുള്ള സൗകര്യമാണ് ബുക്ക് മൈ ഷോയിൽ നൽകിയിരിക്കുന്നത്. എന്നാൽ, റിലീസ് ആവാത്ത സിനിമയുടെ റേറ്റിങ് എങ്ങനെ ആപ്പിൽ വന്നു എന്നാണ് അദ്ദേഹം ചോദിക്കുന്നത്. "ധ്രുവനച്ചത്തിരം റിലീസ് അവസാന നിമിഷം മാറ്റിവച്ചതാണ്. എന്നാല്‍ ഇപ്പോഴും ബുക്ക് മൈ ഷോയിൽ റിവ്യൂകളും റേറ്റിംഗും കാണിക്കുന്നു. റിലീസ് ചെയ്യാത്ത ഒരു സിനിമയ്ക്ക് 9.1 റേറ്റിങ് കാണിക്കുന്നു’’. -വിജയ് ബാബു കുറിച്ചു.
അതേസമയം, പൊന്നിയിൻ സെൽവന് ശേഷം വിക്രമിന്റേതായി പുറത്തിറങ്ങുന്ന ധ്രുവനച്ചത്തിരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. വിക്രം സ്പൈ ഏജന്റ് ആയി എത്തുന്ന ചിത്രത്തിൽ വിനായകൻ ആണ് വില്ലൻ. ജയിലറി’ലെ വർമനു ശേഷം തമിഴകത്ത് മറ്റൊരു കരുത്തുറ്റ വില്ലനെ കൂടിയാകും ധ്രുവനച്ചത്തിരത്തിലൂടെ വിനായകന്‍ പ്രേക്ഷകർക്കു നൽകുക. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസിനെത്തുക. ‘ധ്രുവനച്ചത്തിരം: ചാപ്റ്റർ വൺ: യുദ്ധ കാണ്ഠം എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്. സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ചിത്രീകരണം ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.