ഷൂട്ടിങ്ങിനിടെ ഉണ്ടായ അസുഖകരമായ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസൻ. ചിരഞ്ജീവിയുടെ പുതിയ ചിത്രമായ ‘വാൾട്ടർ വീരയ്യ’യിലുണ്ടായ ദുരനുഭവമാണ് നടി തുറന്നുപറഞ്ഞത്. സിനിമയിലെ ഗാനം ഇപ്പോൾ യൂ ട്യൂബ് ട്രെൻഡിങ്ങിൽ ഇടംപിടിച്ചിരിക്കുകയാണ്. സിനിമയിൽ നായികയായാണ് ശ്രുതി ഹാസൻ എത്തുന്നത്.
‘വാൾട്ടർ വീരയ്യ’യിലെ ‘ശ്രീ ദേവി ചിരഞ്ജീവി’ എന്ന ഗാനം ഇതുവരെ 11 ദശലക്ഷം വ്യൂസ് ആണ് യൂ ട്യൂബിൽ നേടിയത്. മഞ്ഞിൽ നൃത്തം ചെയ്യുന്ന ശ്രുതിഹാസനേയും ചിരഞ്ജീവിയേയുമാണ് ഈ ഗാനരംഗത്തിൽ കാണാനാവുക. മനോഹരമായൊരു ഗാനമാണെങ്കിലും, ഗാനരംഗത്തിന്റെ ചിത്രീകരണം തനിക്ക് അത്ര സുഖകരമായ അനുഭവമായിരുന്നില്ല എന്നാണ് ശ്രുതിഹാസൻ പറയുന്നത്.
ദേവി ശ്രീ പ്രസാദ് രചന നിർവ്വഹിച്ച ഈ ഗാനത്തിന്റെ ചിത്രീകരണം നടന്നത് യൂറോപ്പിലാണ്. സാരിയണിഞ്ഞ് മഞ്ഞിൽ ഡാൻസ് ചെയ്ത അനുഭവത്തെ കുറിച്ച് ശ്രുതി പറയുന്നതിങ്ങനെ. ‘സാരിയുടുത്ത് മഞ്ഞിൽ മറ്റൊരു ഗാനവും ഷൂട്ട് ചെയ്യേണ്ടി വരില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം ശാരീരികമായി വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ് അത്. പക്ഷേ ആളുകൾ ഇപ്പോഴും അതു കാണാൻ ആഗ്രഹിക്കുന്നു. അതിനാൽ ഞങ്ങളത് ചെയ്യേണ്ടിയും വരുന്നു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇത് ശരിക്കും അസുഖകരമായൊരു അനുഭവമാണ്’.
കാലങ്ങളായി മുതിർന്ന നടിമാർ മുതലിങ്ങോട്ട് പലരും സാരി പോലെയുള്ള നേർത്ത വസ്ത്രങ്ങൾ അണിഞ്ഞ് കഠിനമായ തണുപ്പിൽ നൃത്തം ചെയ്യുന്ന രംഗങ്ങൾ ബോളിവുഡ് സിനിമയിലെ സ്ഥിരം കാഴ്ചകളിലൊന്നാണ്. ഇത്തരം പ്രവണതകൾ നായികമാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് മുൻപ് നടി ശർമിള ടാഗോറും ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു.
‘ഗുൻ ഗുന രഹെൻ ഹേ ഭവാർ എന്ന ഗാനമായിരുന്നു അത്. ഖന്ന കമ്പിളിയുടുപ്പുകൾ ധരിച്ചിരുന്നു, എനിക്ക് നൽകിയ വസ്ത്രം സാരി. ഷോട്ടുകൾക്കിടയിൽ ഞാൻ നിന്നു വിറച്ചു, ക്യാമറ ഓണാക്കുമ്പോൾ ഒന്നും സംഭവിക്കാത്തതുപോലെ നൃത്തം ചെയ്തു’-അവർ പറയുന്നു. നടി കാജോളും പല തവണ ഇക്കാര്യത്തിൽ ബോളിവുഡിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.