മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്‍റെ വീട്ടിൽ മകൻ ആര്യൻ ഖാൻ അനുസരിക്കേണ്ട ഒരു അലിഖിത നിയമം ഉണ്ട്-'വീട്ടിൽ ഷർട്ട് ഇടാതെ നടക്കരുത്'. അതിന് പിന്നിൽ സ്ത്രീ-പുരുഷ സമത്വത്തിന്‍റെ ഒരു സന്ദേശവുമുണ്ട്. അത് ഇതാണ്-'ഒരു പെണ്ണിന് ചെയ്യാൻ കഴിയാത്തത് ആണും ചെയ്യേണ്ട'. തന്‍റെ മകൾക്ക് ഇല്ലാത്ത ഒരു പ്രത്യേക ആനുകൂല്യവും ആൺമക്കൾക്കും വേണ്ടയെന്നാണ് തന്‍റെ നിലപാടെന്ന് ഷാരൂഖ് പറയുന്നു.
'വീടിനുള്ളിൽ തന്‍റെ അമ്മയുടെയോ മകളുടെയോ സഹോദരിയുടെയോ പെൺസുഹൃത്തിന്‍റെയോ മുന്നിലൂടെ ഷർട്ടിടാതെ നടക്കുന്നതിന് പുരുഷന് യാതൊരു അധികാരവുമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലായ്പോഴും വീടിനുള്ളിൽ ഷാർട്ടോ ടീഷർട്ടോ ധരിച്ച് നടക്കണമെന്ന് ഞാൻ ആര്യന് കർശന നിർദേശം നൽകിയിട്ടുണ്ട്. സ്ത്രീ ടോപ്ലെസ് ആയി നടക്കരുതെന്ന പൊതുധാരണ പുരുഷനും ബാധകമാണ്. സ്ത്രീക്ക് ചെയ്യാൻ കഴിയാത്തതൊന്നും പുരുഷനും ചെയ്യേണ്ടതില്ല. നിങ്ങൾക്ക് സ്വന്തം അമ്മയോ മകളോ സഹോദരിയോ പെൺസുഹൃത്തോ ടോപ്ലെസ് ആയി നടക്കുന്നത് കാണുന്നത് അസുഖകരമായി തോന്നുന്നുവെങ്കിൽ, നിങ്ങൾ ഷർട്ടില്ലാതെ നടക്കുന്നത് അവർ സ്വീകരിക്കണമെന്ന് പറയുന്നതിലെ ന്യായമെന്താണ്? എന്‍റെ മകൾക്കില്ലാത്ത ഒരു പ്രത്യേക ആനുകൂല്യവും ആൺമക്കൾക്കും വേണ്ടയെന്നാണ് എന്‍റെ നിലപാട്' - 'ഫെമിന' മാസികക്ക് നൽകിയ അഭിമുഖത്തിൽ ഷാരൂഖ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.