ബോളിവുഡ് സൂപ്പർതാരം സൽമാൻ വീണ്ടും ഇ-മെയിലിലൂടെ വധഭീഷണി. മാർച്ച് 23ന് സൽമാൻ ഖാന്റെ ഓഫീസിലേക്കാണ് മെയിൽ എത്തിയത്. കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലക്ക് സമാനമായ വിധിയായിരിക്കും നടനെന്നും മുന്നറിയിപ്പ് നൽകി. തടവിലാക്കപ്പെട്ട ഗ്യാങ്സ്റ്റർ ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് ബോളിവുഡ് നടന് നിരന്തരം ഭീഷണി സന്ദേശങ്ങളയക്കുന്നത്.
നടന്റെ പ്രൊഡക്ഷൻ ഹൗസായ സൽമാൻ ഖാൻ ഫിലിംസിലേക്ക് അയച്ച ഇ-മെയിലുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ നിന്നുള്ള ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ധാക്കഡ് റാം ബിഷ്‍ണോയ് എന്ന 21-കാരനെ ബാന്ദ്ര പൊലീസാണ് പിടികൂടിയത്. ആയുധ നിയമപ്രകാരമുള്ള കേസിൽ ജാമ്യത്തിലായിരുന്നു ഇയാൾ. പ്രതിയെ മുംബൈയിലേക്ക് കൊണ്ടുവരികയാണെന്നും പിടിഐ റിപ്പോർട്ട് ചെയ്തു.
ബിഷ്‌ണോയ് സംഘത്തിൽ നിന്ന് ഖാനെ ഭീഷണിപ്പെടുത്തിയെത്തുന്ന നാലാമത്തെ സന്ദേശമാണിതെന്ന് പൊലീസ് പറഞ്ഞു. പണം തട്ടാനും മറ്റ് സെലിബ്രിറ്റികളെ പേടിപ്പിച്ച് പണം സ്വന്തമാക്കാനും വേണ്ടിയാണ് ഗുണ്ടാസംഘം സൽമാൻ ഖാനെ ഭീഷണിപ്പെടുത്തുന്നതെന്ന് മുംബൈ പോലീസ് കരുതുന്നു.
അടുത്ത നമ്പർ നിന്റേതാണ്... തയ്യാറായി ഇരുന്നോ... നിന്റെ വിധിയും സിദ്ധു മൂസേവാലയുടേതിന് സമാനമായിരിക്കും. എപ്പോഴെങ്കിലും ജോധ്പൂരിലേക്ക് ഒന്ന് വന്നു നോക്കൂ, ബിഷ്‍ണോയ് ഗ്യാങ് നിന്റെ കഥ കഴിക്കും. അടുത്ത നമ്പറായ 13 നീയാണ്.. ജോധ്പൂരിലേക്ക് വാ.. -ഇങ്ങനെയായിരുന്നു നടന് വന്ന ഇ-മെയിലിലെ ഭീഷണി. ഇതേക്കുറിച്ച് ബാന്ദ്ര പോലീസിനെ അറിയിച്ചതിനെ തുടർന്ന് ചില അജ്ഞാതർക്കെതിരെയും സംഘത്തലവൻ ലോറൻസ് ബിഷ്‌ണോയിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, കഴിഞ്ഞയാഴ്ച താരത്തിന് വന്ന വധഭീഷണി സന്ദേശത്തിന്‍റെ ഉറവിടം ബ്രിട്ടനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അന്നും ഇ-മെയിലിലായിരുന്നു വധഭീഷണി വന്നത്. ബ്രിട്ടനിലെ മൊബൈൽ നമ്പറുമായിട്ടായിരുന്നു ഇ-മെയിൽ ലിങ്ക് ചെയ്തിരിക്കുന്നത്. എന്നാൽ ഈ ഐഡിയിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇത് ആരുടെ പേരിൽ രജിസ്റ്റർ ചെയ്തെന്ന് കണ്ടെത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്.
പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സൽമാന്‍റെ വസതിക്ക് മുന്നിൽ തടിച്ചുകൂടരുതെന്ന് ഫാൻസിന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.