അഹമ്മദാബാദ്: ആമിർഖാന്റെ മകൻ ജുനൈദ് നായകനാകുന്ന ചിത്രം മഹാരാജിന് റിലീസിന് അനുമതി നൽകി ഗുജറാത്ത് ഹൈകോടതി. ചിത്രം ഒരു സമുദായത്തിന്റെയും വിശ്വാസത്തെയും വികാരങ്ങളെയും ഹനിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സംഗീത കെ.വിഷൻ അനുമതി നൽകിയിരിക്കുന്നത്. ചിത്രം മഹാരാജ് കേസിനെ അടിസ്ഥാനമാക്കി മാത്രമാണുള്ളതെന്നും പുഷ്ടിമാർഗ് സമുദായത്തിന്റെ വികാരങ്ങളെ ഒരു തരത്തിലും ബാധിക്കുന്നതല്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
ഗുജറാത്തിൽ വൈഷ്ണവ സമുദായത്തിലെ പ്രബല വിഭാഗമായ പുഷ്ടിമാർഗിന്റെ പ്രതിനിധികളാണ് ചിത്രത്തിന്റെ റിലീസിനെതിരെ കോടതിയിൽ ഹരജി നൽകിയത്. 1862ലെ മഹാരാജ് അപകീർത്തിക്കേസ് ആസ്പദമാക്കിയുള്ള ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു ഹരജി.തുടർന്ന് നെറ്റ്ഫ്‌ളിക്‌സിനോട് കോടതി വിശദീകരണം തേടിയിരുന്നു.
സിദ്ധാർഥ് മൽഹോത്ര സംവിധാനം ചെയ്ത സിനിമ ആദിത്യ ചോപ്രയാണ് നിർമിച്ചിരിക്കുന്നത്. ജുനൈദ് ഖാനെ കൂടാതെ ജയ്ദീപ് അഹ്‌ലവത്, ശാലിനി പാണ്ഡെ, ശർവാരി വാഹ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങൾക്കും സാമൂഹിക പരിഷ്‌കരണത്തിനും വേണ്ടി വാദിച്ച ഒരു പത്രപ്രവർത്തകനും സാമൂഹിക പരിഷ്കർത്താവുമായ കർസൻദാസ് മുൽജിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് നെറ്റ്ഫ്ലിക്സ് വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.