ഒരു പ്ലേസ്കൂൾ. അവിടെ അധ്യാപികയാൽ ബന്ദിയാക്കപ്പെട്ട 16 കുട്ടികൾ. അവരെ ബന്ദികളാക്കി വിലപേശുന്ന അധ്യാപികയും രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന അധികാരകേന്ദ്രങ്ങളും. ഒരു ശരാശരി ക്രൈം ത്രില്ലറിനുള്ള എല്ലാ ചേരുവകളുമുണ്ട് അടുത്തിടെ ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത 'എ തേഴ്സ്ഡേ' എന്ന ഒ.ടി.ടി സിനിമക്ക്. അങ്ങിനെ അണിയിച്ചൊരുക്കുന്നതിൽ അണിയറ പ്രവർത്തകർ വിജയിച്ചെങ്കിലും മികച്ചൊരു സൈക്കോളജിക്കൽ ത്രില്ലർ ആക്കാവുന്ന സിനിമയെ ശരാശരി ക്രൈം ത്രില്ലറാക്കി മാറ്റിയതിന്റെ ഉദാഹരണം കൂടിയാകുകയാണ് ഈ സിനിമ.
മുംബൈയിലെ കൊളാബയിൽ ലിറ്റിൽ ഡോട്ട്സ് പ്ലേ സ്കൂൾ നടത്തുന്ന നൈന ജയ്സ്വാൾ എന്ന അധ്യാപിക 16 കുട്ടികളെ ബന്ദികളാക്കി പൊലീസിനോടും അധികാരസ്ഥാനത്തിൽ ഇരിക്കുന്നവരോടും വിലപേശുന്നതാണ് സിനിമയുടെ ഇതിവൃത്തം. നഗരത്തിലെ ഒരു പൊലീസ് മേധാവിയോടു മാത്രമേ സംസാരിക്കൂയെന്ന് ആദ്യം മുതൽ ശഠിക്കുന്ന നൈന പിന്നീട് അഞ്ചുകോടി രൂപ തന്റെ അക്കൗണ്ടിലേക്കു മാറ്റിയാൽ ഒരു കുട്ടിയെ വിട്ടയക്കാമെന്ന് പറയുന്നു. ഇങ്ങനെ ഓരോ കുട്ടിയെയും മോചിപ്പിക്കാൻ ഓരോ ആവശ്യങ്ങൾ നൈന മുന്നോട്ടുവെക്കുന്നു. ബന്ദികളെ മോചിപ്പിക്കാൻ നോക്കിയാൽ ഓരോരുത്തരെയായി കൊന്നുകളയുമെന്നും അവർ ഭീഷണിപ്പെടുത്തുന്നു.
ഇന്ത്യൻ പ്രധാനമന്ത്രിയുമായി സംസാരിക്കണമെന്നാണ് നൈനയുടെ മറ്റൊരു ആവശ്യം. അവർ തന്റെ വീട്ടിലേക്കു വന്ന് നേരിട്ട് സംസാരിക്കണമെന്നാണ് നൈന ആവശ്യപ്പെടുന്നത്. നിയമത്തിനു മുമ്പിൽ കുറ്റവാളിയായ ഒരു വ്യക്തി പ്രധാനമന്ത്രിയോടു മുഖാമുഖം സംസാരിക്കണമെന്ന് വാശിപിടിക്കുന്നതും ഭരണകൂടം അതിന് വഴങ്ങുന്നതും സിനിമക്ക് വേണ്ടി മാത്രമുള്ള നാടകീയതകളായിപ്പോയെന്ന് തോന്നി. ഓർമ്മ നഷ്ടപ്പെട്ട സൂയിസൈഡ് ബോംബറുടെ കഥ പറയുന്ന ത്രില്ലറായ 'ബ്ലാങ്ക്' സംവിധാനം ചെയ്ത ബെഹ്സാദ് ഖബട്ടയാണ് 'എ തേഴ്സ്ഡേ' ഒരുക്കിയിരിക്കുന്നത്. ആഷ്ലി ലോബോയുമായി ചേർന്ന് ബെഹ്സാദ് എഴുതിയ തിരക്കഥയിൽ സ്വാഭാവികതക്കും യുക്തിഭദ്രതക്കും നിരക്കാത്ത ഒട്ടേറെ കാര്യങ്ങൾ കടന്നുകൂടിയിട്ടുണ്ട്.
നായികയായ നൈന അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങൾക്കു കുറച്ചൂകൂടി പ്രാധാന്യം കൊടുത്ത്, അവരുടെ മനോനില വിശകലനം ചെയ്യാനുള്ള ഒരു ശ്രമവും തിരക്കഥയിൽ കണ്ടില്ല. അമ്മ, ചികിത്സിച്ച മനോരോഗ വിദഗ്ധൻ എന്നിവർക്കൊക്കെ നായികയുടെ ഭൂതകാലത്തെ കുറിച്ച് അറിയാവുന്ന കാര്യങ്ങൾ വിശദമായി വിശകലനം ചെയ്യപ്പെട്ടില്ല. നായികയുടെ മാനസികാവസ്ഥയുടെ പിന്നാമ്പുറംകൂടി ചിത്രീകരിച്ചിരുന്നുവെങ്കിൽ അവർക്ക് ഇത്തരം കടുംകൈ ചെയ്യാനുള്ള പ്രേരണയെക്കുറിച്ച് കാണികൾക്കു ഒരു സൂചന കിട്ടിയേനെ. പ്രേക്ഷകരുടെയുള്ളിൽ നായികയോടുള്ള സഹതാപവും സൃഷ്ടിക്കാൻ കഴിഞ്ഞേനെ.
ഇത്തരം സംഘർഷഭരിത സാഹചര്യങ്ങൾ ഭരണകൂടം കൈകാര്യം ചെയ്യുന്നവിധം ചിത്രികരിച്ച രീതികളിലും പോരായ്മ മുഴച്ചുനിന്നു. പ്രോട്ടോകോൾ പ്രകാരം ഇന്ത്യൻ പ്രധാനമന്ത്രി സംസ്ഥാനങ്ങൾ സന്ദർശിക്കുമ്പോൾ, അത് അടിയന്തിര ഘട്ടങ്ങളിൽ ആണെങ്കിൽ കൂടി കനത്ത സുരക്ഷയുണ്ടായിരിക്കും. ആ രംഗങ്ങൾ ചിത്രീകരിച്ചതിലൊക്കെ അസ്വാഭാവികത നിഴലിച്ചു. ഇത്തരം സംഭവങ്ങളോടുള്ള ടെലിവിഷൻ ചാനലുകളുടെ സമീപനം ചിത്രികരിച്ചതിലും യാഥാർഥ്യ ബോധത്തിന്റെ കുറവ് അനുഭവപ്പെടുന്നുണ്ട്. വർത്തമാനകാല പത്രപ്രവർത്തനത്തെ വല്ലാതെ വിലകുറിച്ചു കാണിച്ചതായി തോന്നി. നായികയുടെ പൂർവകാലചരിത്രം, അവരുടെ സുഹൃത്തുക്കൾ, അയൽക്കാർ, പ്രതിശ്രുതവരൻ എന്നിവർക്കൊന്നും ഒരു പ്രാധാന്യവും കൊടുക്കാതെയും അവരെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത് എന്തെന്ന് അന്വേഷിക്കാതെയും അവരുടെ വീട്ടിൽ നടക്കുന്ന ബന്ദി നാടകത്തിൽ മാത്രം ഇന്നത്തെ കാലത്ത് ഏത് മാധ്യമ പ്രവർത്തകരാണ് ഒതുങ്ങിനിൽക്കുക.
അതേസമയം, പ്രേക്ഷകരെ തീരെ ബോറടിപ്പിക്കാതെ സിനിമ കൊണ്ടുപോകുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. അവസാനം വരെ സസ്പെൻസ് നിലനിർത്താനും കാണികളെ പിടിച്ചിരുത്താനും കഴിഞ്ഞു. അവസാനത്തെ സീനുകളിൽ നീതി ലഭിക്കാൻ വേണ്ടി വർഷങ്ങളോളം കാത്തിരുന്ന നായികയുടെ വേദനയും അത് ലഭിക്കാതെ വന്നപ്പോളുള്ള ധാർമികരോഷവും ആരുടെയും മനസ്സലിയിക്കും. നൈന ആയി അഭിനയിച്ച യാമി ഗൗതം തന്റെ സ്ഥിരം റോളുകളിൽ നിന്ന് വ്യത്യസ്തമായി പ്രതിനായികയുടെ റോൾ നന്നായി അവതരിപ്പിച്ചു; ചില സീനുകളിൽ അതിഭാവുകത്വത്തിന്റെ പ്രസരമുണ്ടായതൊഴിച്ചാൽ. ജാവേദ് ഖാൻ, കാതറിൻ അൽവാറസ് എന്നീ പൊലീസ് ഉദ്യോഗസ്ഥരുടെ വേഷം അവതരിപ്പിച്ച അതുൽ കുൽക്കർണിയും നേഹ ധൂപിയയും മികച്ചുനിന്നു. പ്രധാനമന്ത്രിയായി വന്ന ഡിംപിൾ കപാഡിയയും തന്റെ ഭാഗം ഭംഗിയാക്കി. ചിത്രത്തിൽ ഉടനീളം ദൃശ്യമായിരുന്ന മഴ, സ്വതവേയുള്ള മ്ലാനമായ അന്തരീക്ഷത്തെ പ്രേക്ഷക മനസ്സുകളിലെത്തിക്കാനും സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.