പരിചിത വഴികളെങ്കിലും 'അദൃശ്യം' കാമ്പുള്ള ചിത്രം

മഹാമാരിയുടെ കാലത്താണ് 'അദൃശ്യ'ത്തിന്റെ ക്യാമറ റോൾ ചെയ്തു തുടങ്ങിയത്. ഇന്ന് കാണുന്ന സാമൂഹ്യസാഹചര്യങ്ങൾ പാടെ അദൃശ്യമായ സമയമായിരുന്നല്ലോ അത്. എന്നാൽ ഒരുപിടി കലാമനുഷ്യർ കാലാതീതമായി അതിനെ അതിജീവിച്ചു എന്നാണ് ചിത്രത്തിന്‍റെ ഓരോ നിമിഷവും അടയാളപ്പെടുത്തുന്നത്. ചിത്രത്തിലെ ഓരോ സീനുകളും അത് അടിവരയിടുന്നുണ്ട്.

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിസ്സഹായയായി നിന്ന കാർത്തികയെ പൊടുന്നനെ കാണാതാകുന്നു. ഏറെ ദുരൂഹതകൾ അവശേഷിപ്പിച്ച് അദൃശ്യയായ അവളിൽ നിന്നാണ് ചിത്രം അതിന്റെ കഥാബീജത്തിലേക്ക് പ്രവേശിക്കുന്നത്. ചില കഥാപാത്രങ്ങൾ അവിചാരിതമായും മറ്റുചിലർ സ്വാഭാവികമായും അന്വേഷണവഴികളിലേക്ക് കടന്നുവരുന്നതോടെയാണ് ചിത്രം കരുത്താർജ്ജിക്കുന്നത്. അപ്രതീക്ഷിത സന്ദർഭങ്ങൾ കുറവെങ്കിലും പ്രേക്ഷകനെ ഉദ്വേഗത്തോടെ പിടിച്ചിരുത്തുന്നുണ്ട്. തിരക്കഥയുടെയും സംവിധാനത്തിന്റെയും മികവാണ് ചിത്രത്തെ വീഴാതെ കാത്തത്. മത്സരിച്ചുനിന്ന അഭിനേതാക്കളും അദൃശ്യത്തെ സജീവമാക്കി.

നിസ്സാരമെന്ന് തോന്നുംവിധമാണ് അടുത്ത സീനിനെക്കുറിച്ച് പ്രവചിക്കാൻ ചിത്രം പ്രേക്ഷകനെ പ്രേരിപ്പിക്കുന്നത്. എന്നാൽ ആ ചിന്ത പലപ്പോഴും അസ്ഥാനത്താക്കും വിധമാണ് കഥയുടെ മുന്നോട്ടുപോക്ക്. പ്രതീക്ഷിച്ച സീനുകൾ പലപ്പോഴും സംഭവിക്കുമെങ്കിലും അതിലെ ഉൾക്കാഴ്ച മനോഹരമായി അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അത്തരം സീനുകൾ പ്രേക്ഷകന്റെ മുൻധാരണകളുടെ വേരറുക്കുന്നവയാണ്. ചിത്രത്തെ വ്യത്യസ്തമാക്കുന്നതും കഥാഗതിയിലെ അപ്രതീക്ഷിത മുഹൂർത്തങ്ങളാണ്.


എസ്.ഐ. നന്ദകുമാറായിട്ടാണ് ഷറഫുദ്ധീൻ വേഷമിട്ടത്. ഓരോ ചെറുചലനത്തിൽപോലും അങ്ങേയറ്റം കഥാപാത്രത്തോട് നീതിപുലർത്താൻ ഷറഫുദ്ധീന് സാധിച്ചു. അക്ഷരാർത്ഥത്തിൽ കണ്ടനുഭവിക്കേണ്ട പ്രകടനമാണത്. സാധാരണ മനുഷ്യന്റെ ജീവിതവും വെല്ലുവിളികളും ആഴത്തിൽ ചിത്രം ചർച്ചചെയ്യുന്നു. സേതുവെന്ന ജോജു ജോർജിന്റെ കഥാപാത്രവും വ്യത്യസ്ത അനുഭവമായിരുന്നു. ഏത് കഥാപാത്രത്തിന്റെയും നെഞ്ച് തുറന്ന് കയറാനുള്ള ജോജുവിന്റെ പ്രതിഭ അദൃശ്യത്തിലും മികച്ചുനിന്നു. കണ്ണാഴങ്ങളിൽ പോലും കഥാപാത്രമാകാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇരട്ടിക്കരുത്താണ് ചിത്രത്തിന് നൽകിയത്. നരെയ്ന്റെ തിരിച്ചുവരവും ഗംഭീരമായി.

നവാഗതനായ സാക് ഹാരിസാണ് തിരക്കഥയ്ക്കൊപ്പം സംഭാഷണവും എഴുതി സംവിധാനം ചെയ്തത്. അതുകൊണ്ടുതന്നെയാവണം അത്രമേൽ കരുത്തുറ്റ അനുഭവം ദൃശ്യമായത്. അക്ഷരങ്ങൾ കൂട്ടിയെഴുതിയതു മുതൽ അദ്ദേഹം മനസ്സിൽ കണ്ട ദൃശ്യങ്ങൾ അതുപോലെ സ്‌ക്രീനിൽ തെളിഞ്ഞതുകൊണ്ടാകണം ചിത്രത്തോടൊപ്പം പ്രേക്ഷകനും ഒഴുകാൻ സാധിച്ചത്. അലസമായി, പരസ്പരബന്ധമില്ലാതെ കടന്നുപോകുന്ന സീനുകൾ അദൃശ്യത്തിലില്ലാത്തതും അതുകൊണ്ടാകണം.

ജുവിസ് പ്രൊഡക്ഷൻസ് യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ. ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിച്ചത്. മലയാളത്തിനൊപ്പം തമിഴിലും ഒരേസമയം ചിത്രീകരണം നടത്തിയ 'അദൃശ്യ'ത്തിന്റെ തമിഴ് പതിപ്പിന് യുകി എന്നാണ് പേരിട്ടിരിക്കുന്നത്. കതിരും നരേനുമാണ് യുകിയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുന്നത്. യുകിയും മികച്ച അനുഭവമായിരിക്കും എന്ന് നിസംശയം പറയാവുന്നതാണ്.

കയൽ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജൻ, ജോൺ വിജയ്, മുനിഷ്‌കാന്ത്, സിനിൽ സൈനുദ്ദീൻ, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് എന്നിവരുടെ പ്രകടനം മികച്ചുനിന്നു. പതിവുപോലെ ഓർമ്മകളിൽ അടയാളപ്പെടുത്തേണ്ട പ്രകടനമാണ് ഓരോരുത്തരുടേയും. മത്സരിച്ച് അഭിനയിച്ച ഈ പ്രതിഭകളൊക്കെയാണ് 'അദൃശ്യ'ത്തിന് വിജയത്തുടിപ്പേകിയത്. പരിചിതമായ വഴികളിലും കരുത്തോടെ നിൽക്കുന്ന തിരക്കഥ പുതിയ അനുഭവമാണ്. ആ ശക്തമായ അകക്കാമ്പാണ് ചിത്രത്തെ മുന്നോട്ട് നയിച്ചത്.

Tags:    
News Summary - Adrishyam movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.