നവാഗതനായ ഘാന്ത സതീഷ് ബാബു സംവിധാനം ചെയ്തു അനുപമ പരമേശ്വരൻ നായികയായ ചിത്രമാണ് ബട്ടർഫ്ലൈ.മിസ്റ്ററി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം തിരക്കഥയെഴുതിയിരിക്കുന്നതും ഘാന്ത സതീഷ് ബാബുവാണ്. ഹോട്ട്സ്റ്റാറിലൂടെ നേരിട്ട് റിലീസായ ചിത്രം തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ ഭാഷകളിലും ആസ്വദിക്കാൻ സാധിക്കും.
പ്രശസ്ത ക്രിമിനൽ അഭിഭാഷകയായ വൈജയന്തിയുടെയും അവളുടെ ഒരേ ഒരു അനിയത്തി ഗീതയുടെയും കഥയാണ് ബട്ടർഫ്ലൈ. ചെറുപ്പത്തിൽ തന്നെ അനാഥരായി തീർന്നവരാണ് ഇരുവരും. സ്വന്തം നിലയ്ക്ക് പഠിച്ചു വളർന്ന വൈജയന്തി നല്ലൊരു അഭിഭാഷകയാവുന്നതിനോടൊപ്പം തന്നെ തന്റെ അനിയത്തിയെയും നല്ല വിദ്യാഭ്യാസം നൽകി വളർത്തിയെടുത്തു. ഭർത്താവിൽ നിന്നും വിവാഹബന്ധം വേർപ്പെടാൻ ഒരുങ്ങി നിൽക്കുന്ന വൈജയന്തിക്കും അവരുടെ മക്കൾക്കും ഒപ്പമാണ് ഗീതയുടെ താമസം. സ്വന്തം ചേച്ചിയെ അമ്മയോളം സ്നേഹിക്കുന്ന ഗീത അവരെ വിളിക്കുന്നതും അമ്മയെന്നാണ്. വൈജയന്തിയുടെ മക്കളെ കാണാതാവുന്നതോടെയാണ് കഥ മാറുന്നത്.
കുട്ടികളെ കണ്ടെത്താൻ ഗീതയും അവളുടെ കാമുകൻ വിശ്വയും നടത്തുന്ന ശ്രമങ്ങളും അതിന്റെ അനന്തരഫലങ്ങളുമാണ് സിനിമ പറയുന്നത്. ഏറെ ദുരൂഹത നിലനിർത്തുന്ന രീതിയിലാണ് കഥ പറച്ചിൽ. അതോടൊപ്പം ഇല്ലായ്മകളെ അതിജീവിച്ച് മുൻപോട്ട് വരുന്ന സ്ത്രീകളും, അവരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും, കുട്ടികൾക്കെതിരെയുള്ള വയലൻസുമെല്ലാം ചിത്രം പറയുന്നുണ്ട്.
എന്നാൽ തിരക്കഥയിലെ പാളിച്ച മൂലം ആ ത്രില്ലർ മൂഡിനിടയിൽ വല്ലാത്ത വിടവ് സംഭവിച്ചിരിക്കുന്നത് കൊണ്ട് തന്നെ പ്രേക്ഷകർക്ക് പലപ്പോഴും കാഴ്ചകൊണ്ടുള്ള ആസ്വാദനം തടസമാക്കുന്നുണ്ട്. അവസരോചിതമായ കോമഡി രംഗങ്ങളും സിനിമയുടെ ത്രില്ലർ മൂഡിനെ നശിപ്പിക്കുന്നു. മാത്രമല്ല മെലോഡ്രാമയുടെ അതിപ്രസരം കൊണ്ടുതന്നെയാണ് സിനിമ ക്ലീഷേയുടെ നിരയായി മാറുന്നതും.
റാവു രമേശ് തന്റെ പരിമിതമായ സമയത്തിൽ അവരുടെ കഥാപാത്രം നന്നായി തന്നെ ചെയ്തിട്ടുണ്ട്. നിഹാൽ കോദാട്ടിയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. പ്രവീൺ, രച്ചാ രവി, പ്രഭു, രജിത, വെണ്ണല രാമറാവു, മേഘന, മാസ്റ്റർ ദേവന്നു, ബേബി ആധ്യ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ റെഡ്ഡിയും സംഗീതം അർവിസും ഗിഡിയൻ കട്ടയും എഡിറ്റിങ് മധുവും കഥ-തിരക്കഥ-സംവിധാനം ഘണ്ട സതീഷ് ബാബുവും നിർവ്വഹിചിരിക്കുന്നു. ക്ളീഷേകൾ നിറഞ്ഞതാണെങ്കിലും ഒറ്റ തവണ കാണാൻ പറ്റിയ ഒരു സിനിമയാണ് ബട്ടർഫ്ലൈ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.