ഇന്ത്യയെ രക്ഷിക്കാനെത്തുന്ന നായകൻ, വിജയ് 'ആറാടു'കയാണ്...

ഹിറ്റ് ​ഗാനങ്ങളിലൂടെ റിലീസിന് മുമ്പ് തന്നെ ആരാധകർ അക്ഷമയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇളയദളപതി വിജയ് നായകനായ 'ബീസ്റ്റ്'. നെൽസൺ ദിലീപ്കുമാർ രചനയും സംവിധാനവും നിർവ്വഹിച്ച് സൺ പിക്ചേഴ്സ് നിർമ്മിച്ച ചിത്രം ആരാധകരെ നിരാശപ്പെടുത്തി എന്നതാണ് വാസ്തവം. വിജയ് സിനിമകളായ 'തുപ്പാക്കി' മുതൽ 'മാസ്റ്റർ' വരെയുള്ള രക്ഷകന്മാരുടെ ശ്രേണിയിലെത്തിയതിനാലാവാം ബീസ്റ്റും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ല.


നാട്ടുകാരുടെ രക്ഷകനായ നായകനിലേക്കും, തമിഴ്നാടിന്റെ രക്ഷകനായ വീരപുരുഷനിലേക്കുമുള്ള സ്ഥിരം വിജയ് സിനിമകളിൽ നിന്നും ചെറിയ മാറ്റം ബീസ്റ്റിൽ വന്നിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. അത് തമിഴ്നാട് രക്ഷകറോളിൽ നിന്ന് ഇന്ത്യയുടെ രക്ഷകനായ നായകനായാണ് മാറിയത്. വീര രാഘവൻ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ വീര രാഘവന്റെ വൺമാൻ ഷോയാണ് ചിത്രം.


രാഷ്ട്രീയം, തീവ്രവാദം, ദേശസ്നേഹം, ദേശ സുരക്ഷ എന്നിങ്ങനെ എല്ലാ വിഷയവും ബീസ്റ്റിൽ പറഞ്ഞു പോകുന്നു. ജോലിയിൽ നിന്ന് രാജിവെച്ച് ചെന്നൈയിൽ താമസമാക്കിയ മുൻ റോ ഏജന്റാണ് വീരരാഘവൻ. മുമ്പ് വീരരാഘവൻ തന്നെ മിഷനിലൂടെ ഒരു തീവ്രവാദി നേതാവിനെ പിടിച്ചിരുന്നു. ആ ഭീകരനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് തീവ്രവാദികൾ ചെന്നൈയിലെ ഒരു മാൾ ഹൈജാക്ക് ചെയ്യുന്നു. ഈ സമയം ഇതേ മാളിൽ യാദൃശ്ചികമായി വീര രാഘവൻ എത്തുന്നതോടെ മാളില്‍ നിന്നും ബന്ധികളെ മോചിപ്പിക്കുക എന്ന ലക്ഷ്യം കൂടി അദ്ദേഹത്തിന്റെ ദൗത്യമായി മാറുന്നു. തീവ്രവാ​ദികളുടെ പദ്ധതി പൊളിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വീരരാഘവന്റെ പിന്നീടുള്ള നീക്കങ്ങളാണ് സിനിമ. എന്നാൽ ആക്ഷനും മാസുമായി വീര രാഘവൻ സ്‌ക്രീനിൽ നിറഞ്ഞാടുമ്പോഴും അതിൽ പുതുമയൊന്നും ഇല്ലയെന്നത് നിരാശ നൽകുന്നു. നിരവധി സംഘട്ടന രംഗങ്ങൾ സിനിമയിൽ ഉടനീളമുണ്ടായിട്ടും ചീറി പാഞ്ഞു വരുന്ന നൂറു കണക്കിന് വെടിയുണ്ടകൾക്ക് നേരെ നെഞ്ചും വിരിച്ച് നിൽക്കുന്ന നായകനെ കാണുമ്പോൾ പലപ്പോഴും പ്രേക്ഷകർക്ക് തമാശയായി തോന്നാം. അതോടൊപ്പം ശക്തനായ നായകനെ എതിർത്ത് നിൽക്കാൻ കെൽപുള്ള എതിരാളികളുടെ പോരായ്മയും സിനിമയിൽ കാണാനാകും. തമാശക്ക് പ്രാധാന്യം നൽകുന്നുവെങ്കിലും സിനിമ ത്രില്ലർ മൂഡിലേക്ക് കടക്കുന്ന ഘട്ടങ്ങളിൽ പോലും അവസരോചിതമായി ഇടക്കിടെ കയറി വരുന്ന കോമഡി രംഗങ്ങള്‍ കല്ലുകടിയാകുന്നുണ്ട്.


ആദ്യ തമിഴ്‌ സിനിമയായ 'മുഖംമൂടി'ക്ക് ശേഷം വീണ്ടും തമിഴില്‍ തിരിച്ചെത്തിയ നായിക പൂജ ഹെഗ്ഡെ സിനിമയിലുടനീളം ഇടം പിടിച്ചിട്ടുണ്ട്. പൂജ ഹെഡ്​ഗെ, അപർണ ദാസ്, യോ​ഗി ബാബു, സെൽവരാഘവൻ, റെഡിൻ കിൻസ്ലി, ഷെെൻ ടോം ചാക്കോ എന്നിവർ തങ്ങൾക്ക് ലഭിച്ച് വേഷം ​നന്നായി ചെയ്തുവെങ്കിലും എടുത്തുപറയത്തക്ക രീതിയിലുള്ള പ്രകടനം ആരിൽ നിന്നും ഉണ്ടായില്ല. മനോജ് പരമഹംസയുടെ ഛായാ​ഗ്രഹണവും അനിരുദ്ധിന്റെ പശ്ചാത്തലസം​ഗീതവും മികച്ചതാണ് എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല.

Tags:    
News Summary - Beast movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.