ഒരു കേസിന്‍റെ ചുരുളഴിക്കാനുള്ള യാത്ര തെളിവുകളുടെയും ശാസ്ത്രത്തിന്‍റെയും കുറ്റാന്വേഷണത്തിന്‍റെയും വഴിയിലൂടെയും അതീന്ദ്രിയ ശക്തികളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിൽ മറ്റൊരു വഴിയിലൂടെയും നീങ്ങുന്ന കഥയാണ് നവാഗതനായ തനു ബാലക് സംവിധാനം ചെയ്ത് പൃഥ്വിരാജ്, അദിതി ബാലൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'കോൾഡ് കേസ്' പറയുന്നത്.
യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സാങ്കല്‍പിക കഥയായ 'കോൾഡ് കേസ്' ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. എന്നാൽ അതിലുപരി ശാസ്ത്രീയവീക്ഷണത്തിന് അതീതമെന്നോ, വിപരീതമെന്നോ തോന്നിക്കുന്ന ചില ഘടകങ്ങളെ കൂടി ഉൾപ്പെടുത്താനുള്ള സത്യസന്ധമായ ശ്രമവും സിനിമയിൽ ഉണ്ടായിട്ടുണ്ട്. പരോക്ഷത്തിൽ യുക്തിയും വിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടൽ തന്നെയാണ് സിനിമ. എന്നാൽ, അത്തരം ഏറ്റുമുട്ടലുകളെ തുറന്നടിച്ചു കാണിക്കുന്നുമില്ല. ദുരൂഹമായ ഒരു കൊലപാതകം, സമർഥനായ പൊലീസ് ഉദ്യോഗസ്ഥൻ എ.സി.പി സത്യജിത് അന്വേഷിക്കുന്നതും, അതീന്ദ്രിയ ശക്തികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തൽപരയായ മാധ്യമപ്രവർത്തക മേധ പത്മജ തനിക്ക് ചുറ്റുമായി സംഭവിക്കുന്ന ചില നിഗൂഢതകളിലേക്ക് സഞ്ചരിക്കുന്നതും ആണ് കഥാതന്തു. ഇരുവരുടെയും അന്വേഷണത്തിലുടെവികസിക്കുന്ന സങ്കീർണമായ കഥാഗതിക്കൊടുവിൽ എത്തിപ്പെടുന്നത് ഒരേ ഉത്തരത്തിലേക്കും. ആ ഉത്തരം തന്നെയാണ് 'കോൾഡ് കേസ്' കണ്ടെത്താൻ ശ്രമിക്കുന്നതും.
യാതൊരു തുമ്പുമില്ലാത്ത ഒരു കൊലപാതകം അന്വേഷിക്കാൻ എ.സി.പി സത്യജിത് ഇറങ്ങുമ്പോൾ സമാന്തരമായി, താനനുഭവിക്കുന്ന അമാനുഷിക ശക്തികളുടെ സാന്നിധ്യത്തിന്‍റെ യാഥാർഥ്യം അന്വേഷിച്ചു ഇറങ്ങുന്നവളാണ് മേധ. തമ്മിൽ അറിയാത്ത രണ്ട് പേരെന്ന പ്രത്യേകതയും അവർക്കിടയിലുണ്ട്. വൈവാഹിക ബന്ധം നിയമപരമായി ഉപേക്ഷിക്കാൻ ഉള്ള ശ്രമവുമായി മുൻപോട്ട് പോകുന്ന മേധക്ക് സ്വന്തമായി ഉള്ളത് ഒരു മകൾ മാത്രമാണുള്ളത്. തനിക്കും മകൾക്കും ചുറ്റുമായി പുതിയതായി ഉണ്ടാകുന്ന ചില അനുഭവങ്ങൾക്ക് പിന്നിലെ കാരണം തേടുന്നതിൽ മേധ കാണിക്കുന്ന ധൈര്യം തന്നെയാണ് അവളുടേതായ അവിശ്വസനീയമായ ചില രഹസ്യങ്ങളുടെ കണ്ടെത്തലുകൾ നടത്താൻ സഹായിക്കുന്നത്. എന്നാൽ സത്യജിത്തിനെ സംബന്ധിച്ചിടത്തോളം അയാളുടെ കണ്ടെത്തലുകൾ തികച്ചും ശാസ്ത്രീയവും യുക്തിയും നിറഞ്ഞത് മാത്രമാണ്. രണ്ടു പേരും അന്വേഷിക്കുന്നതും കണ്ടെത്തുന്നതും ഇവാ മരിയ എന്ന പെൺകുട്ടിയെ കുറിച്ചാണെന്നതും ആ പെൺകുട്ടിക്ക് എന്താണ് സംഭവിച്ചത് എന്ന ചോദ്യത്തിനുള്ള മറുപടിയാണെന്നതും തികച്ചും യാദൃശ്ചികം.
സമാന്തരമായി പറയുന്ന രണ്ടുപേരുടെ കഥ, രണ്ട് സാഹചര്യങ്ങൾ, അവയെ ഒരേ നിലയിൽ മുന്നോട്ട് കൊണ്ടുപോവുക, അവയെ തമ്മിൽ കൂട്ടിയിണക്കുക എന്ന ശ്രമത്തിൽ എല്ലാം തന്നെ 'കോൾഡ് കേസ്' വിജയിച്ചിരിക്കുന്നു. എന്നാൽ കഥാന്ത്യത്തിൽ പ്രേക്ഷകർക്ക് ലഭിക്കേണ്ടുന്നതായ ആകാംഷയോ അപ്രതീക്ഷിതമായ ട്വിസ്റ്റുകളിൽ ഉണ്ടാകേണ്ട സംഭവബഹുലതയോ ഒന്നും നിലനിർത്താൻ സാധിക്കാതെ ഒരു ഒതുക്കത്തിൽ കഥ പറഞ്ഞു തീർത്ത സിനിമയെന്ന നിലക്ക് 'കോൾഡ് കേസ്' തണുപ്പനാകുന്നുമുണ്ട്. ഒരു ത്രില്ലർ സിനിമക്ക് ഏറെ ആവശ്യമായ സസ്പെൻസ് എന്ന അനുഭവം പ്രേക്ഷകർക്ക് ലഭിച്ചില്ല എന്നത് പരിമിതിയാണ്.
ഒരു സൂപ്പർ ഹീറോ/ഹീറോയിൻ അല്ല സത്യജിത്തും മേധയും എന്നത് കൊണ്ട് തന്നെ കഥയിലേക്ക് ഇടക്കിടെ മാറി മാറി കടന്നു വരുന്ന കഥാപാത്രങ്ങൾ മാത്രമാണ് ഇരുവരും സിനിമയിൽ. സത്യം, മുംബൈ പൊലീസ്, ടമാർ പടാർ, മെമ്മറീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് പൊലീസാകുന്ന ചിത്രമാണ് 'കോൾഡ് കേസ്' എങ്കിലും സ്റ്റാർഡം നിലനിർത്തുവാനോ നായകകേന്ദ്രീകൃതമായി കഥ പറഞ്ഞു പോകുവാനോ യാതൊരു വിധത്തിലുള്ള ശ്രമവും നടക്കാത്ത സിനിമ കൂടിയാണ് ഇത്. അതീന്ദ്രീയ സംഭവങ്ങള്‍ക്കും ഘടകങ്ങള്‍ക്കുമിടയിലും കാര്യങ്ങളെ യുക്തിപൂര്‍വം വീക്ഷിക്കുന്ന സത്യജിത്തിലും താൻ അനുഭവിച്ച അതീന്ദ്രിയമായ സംഭവങ്ങളിൽ ഉറച്ചു നിൽക്കുന്ന മേധയിലും തന്നെയായി സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകർക്ക് രണ്ട് പക്ഷങ്ങളിലും നിന്നുകൊണ്ട് ഒരുപോലെ ചിന്തിക്കുവാനും അതേ അളവിൽ അവയെ ഒരുപോലെ ഉൾക്കൊള്ളുവാനും സാധിക്കുന്നു.
ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക്കിന്‍റെ ആദ്യ സിനിമയാണിത്. ആന്‍റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ആമസോൺ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്‍തിരിക്കുന്നത്. ചിന്തക്ക് അതീതമായ അതീന്ദ്രിയത്തെ കുറിച്ചു പറയുമ്പോൾ വിശദമായ ഒരു പഠനം നടന്നു എങ്കിലും ഇനിയും ഫിൽ ചെയ്യാൻ ബാക്കി കിടക്കുന്ന ലെയറുകൾ കൂടി സിനിമയിൽ ഉണ്ട് എന്നത് പാളിച്ചയാണ്. ശ്രീനാഥ് വി. നാഥ് തിരക്കഥയിൽ ഇക്കാര്യം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ 'കോൾഡ് കേസ്' ഒന്നുകൂടി ഭംഗിയാകുമായിരുന്നു.
സൗണ്ട് എഫക്ട്സും സംഗീതവുമൊക്കെ തിയേറ്റര്‍ അനുഭവത്തിനു ഉതകുന്ന തരത്തിലുള്ള നിർമ്മാണം ആയതിനാൽ ഒടിടി പ്ലാറ്റ്ഫോമിൽ സ്വീകാര്യമല്ല അതിന്‍റെ ആസ്വാദനം. സൂപ്പർ നാച്വറൽ ഘടകങ്ങൾ അടങ്ങിയ ഒരുപാട് സിനിമകൾ മലയാളികൾ കണ്ടിട്ടുണ്ട് എങ്കിലും പുതുമ കൊണ്ട് വരുന്ന വിഷയം തന്നെയാണ് ഇവിടെ ആകർഷകം. ഗിരീഷ് ഗംഗാധരനും ജോമോനും ചേർന്ന് ചെയ്ത ക്യാമറ സാമാന്യം ഭേദമാണ്. അലൻസിയർ, അനിൽ നെടുമങ്ങാട്, ലക്ഷ്മി പ്രിയ, ആത്മീയ രാജൻ തുടങ്ങിയവർ തങ്ങളുടെ കഥാപാത്രങ്ങൾ ഭംഗിയായി ചെയ്‌തു. ഹൊററും ഇൻവെസ്റ്റിഗേഷനും ഒന്നിക്കുന്ന ത്രില്ലർ എന്ന നിലക്ക് കണ്ടിരിക്കാൻ കൊള്ളാവുന്ന സിനിമ തന്നെയാണ് 'കോൾഡ് കേസ്'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.