ഇത് തിയറ്ററിൽ തന്നെ പോയി കണ്ടറിയണം - മലയൻകുഞ്ഞ് റിവ്യൂ

ഒട്ടേറെ പ്രതീക്ഷ​കളോടെ സിനിമ പ്രേമികളെ തിയറ്ററിലേക്ക് എത്തിക്കാൻ കഴിയുന്ന ചിത്രമാണ് മലയൻകുഞ്ഞ്. 30 വർഷത്തിന് ശേഷം എ.ആർ. റഹ്മാൻ മലയാളത്തിലൊരുക്കിയ സംഗീതത്തിന്റെ മാജിക്കാണ് അതിൽ പ്രധാനം. അതോടൊപ്പം മഹേഷ് നാരായണൻ -ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രവും. ഒരിടവേളക്ക് ശേഷം സംവിധായകൻ ഫാസിൽ നിർമിക്കുന്നുവെന്ന പ്രത്യേകതയും മലയൻകുഞ്ഞിന് തന്നെ.

ഇടുക്കിയിലെ മലയോര പ്രദേശത്ത് താമസിക്കുന്ന ഇലക്ട്രോണിക് മെക്കാനിക്കായ അനികുട്ടന്റെ കഥയാണ് മലയൻകുഞ്ഞ്. അതിരാവിലെ എഴുന്നേറ്റ് തന്റെ ജോലി ചെയ്യുന്ന അനികുട്ടന് ചെറിയ ശബ്ദങ്ങൾ പോലും ശ്രദ്ധ നഷ്ടപ്പെടുത്തും. ഈ സാഹചര്യത്തിൽ തൊട്ടടുത്ത വീട്ടിൽ ഒരു കുഞ്ഞ് എത്തുന്നതും കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ അനിക്കുട്ടന്റെ ജോലി തടസപ്പെടുത്തുന്നതും ആദ്യ പകുതിയിൽ കാണാം. അതോടൊപ്പം തന്നെ അയൽക്കാരുമായുള്ള വഴക്കും കാണാനാകും.


എന്നാൽ രണ്ടാംപകുതിയാകുന്നതോടെ ​കണ്ണുതുറക്കുന്ന നിമിഷത്തിൽ അനിക്കുട്ടന്റെയും ചുറ്റുമുള്ളവരുടെയും ജീവിതം കീഴ്മേൽ മറിയുന്നു. ഒരു പ്രകൃതിദുരന്തം അവരെ തേടിയെത്തുന്നു. ശക്തമായ മഴയിൽ മലയിടിഞ്ഞു മണ്ണിനടിയിൽ പെട്ടുപോകുന്ന അനികുട്ടൻ രക്ഷപെടാൻ നടത്തുന്ന ശ്രമങ്ങളാണ് പിന്നീടുള്ള സിനിമ. അതിനിടയിൽ താൻ വെറുത്തിരുന്ന കുഞ്ഞിന്റെ കരച്ചിലും അനിക്കുട്ടനെ സ്വാധീനിക്കുന്നുണ്ട്. അനികുട്ടന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന ചില സംഭവങ്ങളിലൂടെ കറുപ്പിന്റെ രാഷ്ട്രീയവും മലയൻകുഞ്ഞ് സംസാരിക്കുന്നു.

കേരളത്തിൽ അടുത്തിടെയുണ്ടായ പ്രകൃതി ദുരന്തങ്ങളും അതിജീവനങ്ങളും ഈ ചി​ത്രം നമ്മെ ഓർമിപ്പിക്കും.അനികുട്ടനായി ഫഹദിന്റെ ഗംഭീര പ്രകടനം കണ്ടിരിക്കാം. അനികുട്ടൻ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകളും മണ്ണിനടിയിൽ പെട്ടുപോകുമ്പോഴുള്ള ഭയവും നിസഹായാവസ്ഥയും എല്ലാം ഫഹദ് മികച്ച രീതിയിൽ കൈകാര്യം ചെയ്തു.


ഫഹദിനെ കൂടാതെ രജിഷ വിജയന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്‍റണി, ഇര്‍ഷാദ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങൾ ഗംഭീരമാക്കി.നവാഗതനായ സജിമോനാണ് മലയൻകുഞ്ഞിന്റെ സംവിധായകൻ. ആദ്യ ശ്രമത്തിൽ തന്നെ നല്ല സിനിമ സമ്മാനിക്കാൻ സജിമോന് കഴിഞ്ഞിട്ടുണ്ട്.

മഹേഷ്‌ നാരായണൻ ഛായാഗ്രാഹകനാകുന്ന ചിത്രം കൂടിയാണ് മലയൻകുഞ്ഞ്. മഹേഷിന്റെ കാമറ കണ്ണുകളും പരിമിതിക്കുള്ളിൽതന്നെ നല്ല രീതിയിൽ കാഴ്ചകൾ പകർത്തി എടുത്തിട്ടുണ്ട്. മണ്ണിനടിയിൽ പെട്ടുപോകുന്ന നായകന്റെ ഭാവങ്ങൾ പരിമിതികളിൽ നിന്നുകൊണ്ട് തന്നെ മികച്ച രീതിയിൽ സ്‌ക്രീനിൽ എത്തിക്കാൻ മഹേഷിന് കഴിഞ്ഞു.


എ.ആറിന്റെ സംഗീതമാണ് മലയൻകുഞ്ഞിന്റെ മറ്റൊരു മുതൽക്കൂട്ട്. സർവൈവൽ ത്രില്ലർ വിഭാഗത്തിൽ പ്പെട്ട ചിത്രം തിയറ്ററിൽ നല്ല എക്സ്പീരിയൻസ് നൽകും. തിയറ്ററിൽനിന്ന് പുറത്തിറങ്ങുമ്പോൾ മലയാളത്തിലെ ഒരു നല്ല സിനിമ കണ്ട് അനുഭവിച്ചറിഞ്ഞതിന്റെ സന്തോഷവും മലയൻകുഞ്ഞ് നൽകും.

 



Tags:    
News Summary - Fahadh Faasil Latest Movie Malayankunju Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.