ഡോക്യൂഡ്രാമ സിനിമകളിൽനിന്ന് തികച്ചും വ്യത്യസ്തമാണ് ബയോപിക്കുകൾ. ഇത്തരം സിനിമയെടുക്കുന്നത് വലിയ വെല്ലുവിളിയുമാണ്. വ്യക്തിയുടെ ജീവിതകഥയോ അവരുടെ ചരിത്രപ്രാധാന്യമുള്ള സംഭവങ്ങളെയോ സമഗ്രമായി പറയാനാണ് ബയോപിക്കുകൾ ശ്രമിക്കാറ്. ആ ഗണത്തിൽ നോക്കുമ്പോൾ വിമർശനത്തിനപ്പുറം പ്രശംസ മാത്രമായി, വീരസാഹസങ്ങളായി പലതും ഒതുങ്ങിപ്പോകാറുണ്ട്. വലിയ മുതൽമുടക്കുണ്ടായിട്ടും പല ബയോപിക്കുകൾക്കും പ്രേക്ഷകശ്രദ്ധ നേടാൻ കഴിയാതെപോകുന്നത് അതുകൊണ്ടുകൂടിയാണ്. വ്യക്തമായൊരു ലക്ഷ്യത്തോടെ ഉദ്ദേശിച്ച വ്യക്തിയെ കൃത്യമായി അടയാളപ്പെടുത്തി നിർമിച്ച നല്ലൊരു സ്പോർട്സ് ബയോപിക് സിനിമയാണ് ‘ന്യാദ്’
60ാം വയസ്സിൽ ഓപൺ-വാട്ടർ നീന്തൽ താരം ഡയാന ന്യാദ്, ഹവാനയിൽനിന്ന് ഫ്ലോറിഡയിലെ കീ വെസ്റ്റിലേക്ക് നീന്തിയെത്തുക എന്ന വെല്ലുവിളി ഏറ്റെടുക്കുന്നു. നാലുതവണ അവർ നടത്തിയ ശ്രമങ്ങൾ പരാജയങ്ങളായിരുന്നു. എന്നാൽ, പിന്തിരിയാതെ അഞ്ചാം തവണ നടത്തിയ കഠിനശ്രമത്തിൽ അവർ ആ ലക്ഷ്യം മറികടക്കുന്നു. സിനിമയുടെ രത്നച്ചുരുക്കം ഇതാണെങ്കിലും ന്യാദ് എന്ന സ്ത്രീയുടെ ജീവിതത്തിന്റെ എല്ലാ ഉള്ളറകളെയും സിനിമ വെളിച്ചം വീശുന്നുണ്ട്.
ന്യാദും (ആനെറ്റ് ബെന്നിങ്) അവരുടെ ഉറ്റസുഹൃത്ത് ബോണിയും (ജോഡി ഫോസ്റ്റർ) വരാനിരിക്കുന്ന ജന്മദിനത്തിന് മുന്നോടിയായി പരസ്പരം കളിവാക്ക് പറയുന്നതും ഷോപ്പിങ്ങും ഡോഗ് വാക്കുകളുമായി അവരുടെ അമേരിക്കൻ ജീവിതത്തിലേക്ക് ഒരു നേർക്കാഴ്ച നൽകിയുമാണ് സിനിമ ആരംഭിക്കുന്നത്. ന്യാദ് തന്റെ നീന്തൽ പരിശീലനം പുനരാരംഭിക്കുകയും വാർധക്യത്തെ മറികടന്ന് ലക്ഷ്യം പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതുമാണ് പിന്നീടുള്ള രംഗങ്ങളിൽ. തന്റെ പരിശീലകനാകാൻ അവർ ബോണിയെ പ്രേരിപ്പിക്കുന്നു. ഒപ്പം അവർ ഒരുമിച്ച് സ്പോൺസർമാരെ കണ്ടെത്തുകയും വിദഗ്ധരുടെ ഒരു ടീമിനെ കൂട്ടിച്ചേർക്കുകയും ചെറിയ ബോട്ട് നയിക്കാൻ ഏസ് നാവിഗേറ്റർ ജോൺ ബാർട്ട്ലെറ്റിനെ (റൈസ് ഇഫാൻസ്) ചേർക്കുകയും ചെയ്യുന്നു. ഇടക്ക് കഥയുടെ ഗതിക്കിടയിൽ അവരുടെ പൂർവകാല സംഭവങ്ങളും അനാവരണം ചെയ്യുന്നുണ്ട്.
അമേരിക്കൻ എഴുത്തുകാരിയും മാധ്യമപ്രവർത്തകയും മോട്ടിവേഷനൽ സ്പീക്കറും ദീർഘദൂര നീന്തൽക്കാരിയുമാണ് ഡയാന ന്യാദ്. 1975ൽ തന്റെ 26ാം വയസ്സിൽ അവൾ ന്യൂയോർക് സിറ്റിയിലെ മാൻഹട്ടൻ ദ്വീപിന് ചുറ്റും 45 കിലോമീറ്റർ വെറും ഏഴു മണിക്കൂർ 57 മിനിറ്റുകൊണ്ട് നീന്തി ചരിത്രം സൃഷ്ടിച്ചു. ഇതോടെ അവൾ മാധ്യമശ്രദ്ധ നേടി. 1979ൽ 30ാം ജന്മദിനത്തിൽ നീന്തൽ മത്സരത്തിൽ (ആൺ-പെൺ വിഭാഗം) ലോക റെക്കോഡ് സ്ഥാപിച്ചു. ബഹാമസിലെ നോർത്ത് ബിമിനി ദ്വീപ് മുതൽ ഫ്ലോറിഡയിലെ ജൂനോ ബീച്ച് വരെ 164 കിലോ മീറ്റർ ദൂരം നീന്തിയാണ് റെക്കോഡ് സ്വന്തമാക്കിയത്. മണിക്കൂറിൽ ശരാശരി ആറു കിലോമീറ്റർ വേഗത്തിലാണ് അവൾ നീന്തി മത്സരിച്ചത്. 27 മണിക്കൂർ കൊണ്ട് തന്റെ ഉദ്യമം അവൾ പൂർത്തീകരിക്കുകയും ചെയ്തു. സ്രാവുകളിൽനിന്നുള്ള സംരക്ഷണത്തിനായി ധരിക്കുന്ന ജാക്കറ്റ് പോലും ധരിക്കാതെയുള്ള അവളുടെ ധീരപ്രകടനത്തെ ലോകമാകെ അന്ന് പ്രശംസിച്ചു.
ജൂലിയ കോക്സിന്റെ ശക്തമായ തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്. ദമ്പതിമാരായ ജിമ്മി ചിന്നും എലിസബത്ത് ചായ് വസർഹേലിയും ചേർന്നാണ് ചിത്രം സംവിധാനം നിർവഹിച്ചത്. മുഖ്യ കഥാപാത്രമായ ന്യാദിന്റെ വേഷത്തിലെത്തിയ ആനെറ്റ് ബെനിങ് മികച്ച വേഷപ്പകർച്ച തന്നെയാണ് നടത്തിയിട്ടുള്ളത്. മറ്റു അഭിനേതാക്കളായ ജോഡി ഫോസ്റ്റർ, റൈസ് ഇഫാൻസ്, കാർലി റോത്തൻബെർഗ് എന്നിവരും അവരുടെ റോളുകൾ മികച്ചതാക്കിയിട്ടുണ്ട്. സെപ്റ്റംബർ ഒന്നിന് പുറത്തിറങ്ങിയ ഈ ചിത്രം നെറ്റ്ഫ്ലിക്സാണ് ഏറ്റെടുത്തത്. ഒട്ടും ബോറടിയില്ലാതെ രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം കണ്ടുതീർക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.