യഥാർത്ഥ സംഭവത്തിന്‍റെ റിയലിസ്റ്റിക് അവതരണവുമായി 'കുറ്റവും ശിക്ഷയും'

കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത് ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് 'കുറ്റവും ശിക്ഷയും'. വർഷങ്ങൾ മുമ്പ് കേരളത്തെ നടുക്കിയ ജ്വല്ലറി മോഷണമാണ് സിനിമക്കാധാരം. കാസർകോട് നടന്ന സംഭവം സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത് കേരളത്തിലെ തന്നെ മറ്റൊരു സ്ഥലത്താണ്. ത്രില്ലർ സിനിമകളിൽ കണ്ടു പരിചയിച്ച നായകന്റെ മാസ് രംഗങ്ങളോ സാഹസികതയോ 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിൽ കാണാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ യാഥാർഥ സംഭവത്തിന് ദൃക്‌സാക്ഷികളാകുന്ന അനുഭൂതിയാണ് സിനിമ സമ്മാനിക്കുന്നത്. മറ്റൊരു സംസ്ഥാനത്ത് നിന്നെത്തിയ മോഷ്ടാക്കൾ കൃത്യം നടത്തിയതിന് ശേഷം നാട് വിടുന്നതും അവരെ തിരഞ്ഞ് കേരള പൊലീസ് ഉത്തരേന്ത്യയിലേക്ക് യാത്ര തിരിക്കുന്നതുമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.

കരിയറിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച് തഴക്കം ചെന്ന ഒരു തികഞ്ഞ പൊലീസുകാരന്റെ വേഷം വളരെ പക്വമായിട്ടാണ് ആസിഫ് അലി കൈകാര്യം ചെയ്തിരിക്കുന്നത്. സാജൻ ഫിലിപ് എന്ന സി.ഐയുടെ കഥാപാത്രത്തിനോട് 100 ശതമാനം നീതി പുലർത്താൻ താരത്തിനായി. സഹപ്രവർത്തകരായി വേഷമണിഞ്ഞ അലൻസിയർ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.


ഒരു പതിറ്റാണ്ടിലധികമായി പൊലീസ് പോലും പോകാൻ ഭയന്നിരുന്ന ഉത്തരേന്ത്യയിലെ ദനാഗഞ്ച് എന്ന ഗ്രാമത്തിലേക്കാണ് സി.ഐ സാജനും കൂട്ടരും പ്രതികളെ തേടിയെത്തുന്നത്. കുറ്റകൃത്യങ്ങൾക്ക് പേരുകേട്ട ദനാഗഞ്ച് പോലൊരു പ്രദേശത്തെത്തുമ്പോൾ കേരള പൊലീസിന് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും വെല്ലുവിളികളും സിനിമ ഉയർത്തി കാട്ടുന്നു. ഒപ്പം അന്യ നാട്ടിൽ എത്തിക്കഴിയുമ്പോൾ ഭക്ഷണം, താമസം, ഭാഷ തുടങ്ങിയവയുടെ അപര്യാപ്തത മൂലമുണ്ടാകുന്ന അസ്വസ്ഥകളും സിനിമയിൽ സ്പഷ്ടമാണ്.

ഒരു കുറ്റകൃത്യത്തിന്‍റെ ചുരുളഴിക്കാൻ പൊലീസ് അനുഭവിക്കുന്ന സംഘർഷങ്ങളും ലക്ഷ്യം കാണുന്നതിന് മുന്നേ അവരെ തേടിയെത്തുന്ന അസമാധാനം നിറഞ്ഞ ഓട്ടപ്പാച്ചിലുകളിലേക്കുമാണ് സിനിമ കൊണ്ടെത്തിക്കുന്നത്.

യഥാർഥ സംഭവത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് കേസ് അന്വേഷിച്ചിരുന്ന സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനായ സിബി തോമസ്, ശ്രീജിത്ത് ദിവാകരനുമായി ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കേസന്വേഷണത്തിൽ നേരിട്ടനുഭവിച്ചറിഞ്ഞ കഷ്ടപ്പാടുകളും യാതനകളും എഴുതി ഫലിപ്പിക്കാൻ അവർക്കായി. ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ കേട്ടു ത്രസിച്ച പശ്ചാത്തല സംഗീതം ഇല്ലാതെ തന്നെ കഥയുടെ ആഴവും വ്യാപ്തിയും കാണികളിലേക്കെത്തിക്കാൻ രാജീവ് രവിക്കും കൂട്ടർക്കും സാധിച്ചു എന്നതും സിനിമയുടെ പ്രത്യേകതയാണ്.

Tags:    
News Summary - Kuttavum Shikshayu film review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.