കുഞ്ഞാലി എന്നാൽ പ്രിയപ്പെട്ട അലി എന്നാണർഥം. മരക്കാർ എന്നത് കുടുംബപേരും. നാവികയുദ്ധ വിദഗ്ധരും തന്‍റെ വിശ്വസ്തരുമായ മരക്കാർമാർക്ക് കുഞ്ഞാലി എന്ന സ്ഥാനപ്പേര് നൽകിയത് സാമൂതിരിയാണ്. അതിൽ തന്നെ 'എതിർത്ത് തോൽപ്പിക്കാനാവാത്ത വ്യാഘ്രം' എന്ന വിശേഷ നാമത്താൽ ശത്രുക്കളാൽ പോലും പുകഴ്ത്തപ്പെട്ടവനാണ് കുഞ്ഞാലി മരക്കാർ നാലാമൻ എന്ന മുഹമ്മദ് അലി മരക്കാർ എന്ന മമ്മാലി മരക്കാർ. ഈ മരക്കാറിന്‍റെ ചരിത്രവും ഭാവനയും ഇടകലർന്ന 'ദൃശ്യപോരാട്ട'വുമായാണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ 'മരക്കാർ-അറബിക്കടലിന്‍റെ സിംഹം' എന്ന സിനിമ വന്നിരിക്കുന്നത്. സിനിമ വരുന്നതിനും മുേമ്പ പ്രിയദർശൻ അടിവരയിട്ട് പറഞ്ഞതുപോലെ കുറച്ച് ചരിത്രവും അതിലേറെ ഭാവനയും തന്നെയാണ് അക്ഷരാർഥത്തിൽ സിനിമ പറയുന്നതും.
അധിനിവേശ ശക്തികള്‍ക്കെതിരായ പോരാട്ടത്തിനൊപ്പം സ്വന്തം വിശ്വാസത്തിനുവേണ്ടിയും ആത്മാഭിമാനത്തിന് വേണ്ടിയും പോരാടേണ്ടിവന്ന മമ്മാലിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. ചരിത്രവും കേട്ടുകേൾവികളും ഭാവനയുമൊക്കെ തന്നെയാണ് അതിലെ ഘടകങ്ങൾ. മമ്മാലി ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളും സാമൂതിരിയുടെ മണ്ണിലേക്കുള്ള മരക്കാർ നാലാമന്‍റെ തിരിച്ചുവരവും അയാൾ ജനങ്ങൾക്ക് സ്വീകാര്യമാകുന്ന വിധവും ചതിവിലൂടെ അയാളെ പിടിയിലാക്കുന്ന ശത്രുപക്ഷവും ഒക്കെ തന്നെയാണ് സിനിമയുടെ വിഷയം. മുമ്പ് കണ്ടിട്ടുള്ള ചരിത്ര സിനിമകളുമായി വിലയിരുത്തുേമ്പാൾ ഈ വിഷയത്തിൽ വലിയ പുതുമയൊന്നും അവകാശപ്പെടാനില്ല. പക്ഷേ, ദൃശ്യാവിഷ്കാരത്തിൽ ഏറെ പുതുമ അവകാശപ്പെടാനുണ്ട് താനും. കടലും തിരമാലകളും അഗ്നിയും യുദ്ധക്കപ്പലുകളും കോട്ടമതിലും പീരങ്കിയും പടക്കോപ്പുകളുമെല്ലാം തന്നെ റിയലിസ്റ്റിക്ക് ഫീലോട് കൂടി തന്നെയാണ് ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ഏറ്റവും ഹൈലൈറ്റ് ആയി അനുഭവപ്പെടുന്നത് സിനിമയിലെ യുദ്ധരംഗങ്ങൾ തന്നെയാണ്.
എന്നാൽ, ഒരു ചരിത്ര സിനിമയുടേത് എന്ന് തോന്നാത്ത വിധത്തിലുള്ള പാട്ടുകളും പലയിടത്തുമുള്ള സംഭാഷണങ്ങളും അതിന്‍റെ ശൈലിയുമൊക്കെ പാളി പോയിരിക്കുന്നു എന്ന് പറയാതെ വയ്യ. മലബാർ ഭാഷയെ അൽപം കൂടി വൃത്തിയോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നു എന്നു തോന്നിപ്പിച്ചു. അതേസമയം, സാങ്കേതിക മികവ് ഹൈലൈറ്റായ, മൂന്ന് മണിക്കൂറില്‍ അധികമുള്ള സിനിമ നല്ലൊരു ദൃശ്യവിരുന്നൊരുക്കുന്നു എന്നത് അംഗീകരിക്കുകയും വേണം. ചരിത്രപരമായി മാത്രമല്ല, വൈകാരികമായി കൂടിയാണ് പ്രിയദർശനെന്ന മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഈ സിനിമയെ സമീപിച്ചിരിക്കുന്നത്.
തുടക്കത്തിലെ 40 മിനിറ്റ് സിനിമ സഞ്ചരിക്കുന്നത് മരക്കാർ നാലാമന്‍റെ ചെറുപ്പകാലം അവതരിപ്പിക്കുന്ന പ്രണവ് മോഹൻലാലിലൂടെയാണ്. ഉമ്മയും സ്വന്തക്കാരും പറങ്കികളുടെ ചതിയിൽ മരിച്ചു വീണതോടെ ഒറ്റയാനാകുന്ന, കള്ളനെന്ന് തെറ്റിദ്ധരിക്കപ്പെട്ട് മാതൃസഹോദരനായ പട്ടു മരക്കാരുടെയൊപ്പം ഒളിവുജീവിതം നയിക്കുന്ന മമ്മാലിയെ പ്രണവ് ഭദ്രമാക്കി. നാൽപ്പത്തിരണ്ടാം മിനിറ്റിലാണ് മോഹൻലാൽ വരുന്നത്. അതോടെ കഥയുടെ പിരിമുറുക്കമേറുന്നു. സുഹാസിനി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, അർജുന്‍ സർജ, സുനില്‍ ഷെട്ടി, അശോക് സെല്‍വൻ, പ്രഭു, മാമുക്കോയ, സിദ്ദിഖ്, മുകേഷ്, ഹരീഷ് പേരടി തുടങ്ങിയ വലിയ താരനിര തന്നെ സിനിമയിലുണ്ട്. സംവിധായകൻ ഫാസിലിന്‍റെ പക്വതയാർന്ന അഭിനയം സന്തോഷവും സാമൂതിരിയായെത്തുന്ന നെടുമുടി വേണുവിന്‍റെ സാന്നിധ്യം നൊമ്പരവുമാകുന്നു.
തലമുറ മാറ്റത്തിന്‍റെ അടയാളപ്പെടുത്തൽ കൂടിയാണ് സിനിമ. ഐ.വി. ശശിയുടെ മകൻ അനു ഐ.വി. ശശിയാണ് പ്രിയദർശനൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രിയന്‍റെ മകൻ സിദ്ധാർഥ് ആണ് സിനിമയുടെ വി.എഫ്.എക്സ് ഒരുക്കിയത്. സിദ്ധാർഥിന്‍റെ വിഷ്വൽ ഇഫക്ട്സ് തന്നെയാണ് സിനിമയുടെ ആകെത്തുക. 67ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച വി.എഫ്.എക്സിനുള്ള പുരസ്കാരം സിദ്ധാർഥിനായിരുന്നു. 'മരക്കാർ' മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം സുജിത്, സായി എന്നിവർ നേടുകയും ചെയ്തു.
തിരുനാവുക്കരശ്ശിന്‍റെ ക്യാമറയും രാഹുല്‍ രാജും അങ്കിത് സൂരിയും യെല്‍ ഇവാനസും ചേര്‍ന്നൊരുക്കിയ പശ്ചാത്തല സംഗീതവും റോണി റാഫേലിന്‍റെ പാട്ടുകളും പ്രിയദർശനെ നല്ല രീതിയിൽ തന്നെ തുണച്ചിട്ടുണ്ട്. സാമൂതിരിയുടെ കൊട്ടാരവും മരക്കാരുടെ കോട്ടമതിലും യുദ്ധക്കപ്പലുകളുമൊക്കെ പുനഃസൃഷ്ടിച്ച് സാബു സിറിൽ പ്രതീക്ഷ നിലനിർത്തി. സിനിമ ഒ.ടി.ടിക്ക് വിടാതിരുന്ന അണിയറക്കാരുടെ തീരുമാനത്തിനും കയ്യടിക്കാം. തീയറ്ററിൽ തന്നെ കാണേണ്ട സിനിമയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.