മേ ഹൂം മൂസ: ചിരിപ്പിക്കുന്നുണ്ട് സുരേഷ് ഗോപി

പൊലീസ്/ ആക്ഷന്‍ വേഷങ്ങള്‍ മാത്രമേ തനിക്കു ചേരൂ എന്ന ചില ചിന്താഗതികള്‍ക്കുമേല്‍ സുരേഷ് ഗോപിയുടെ കരിയരിലെ വ്യത്യസ്തമായ കഥപാത്രമാണ് മേ ഹൂം മൂസയിലെ ലാന്‍സ് നായ്ക് മുഹമ്മദ് മൂസ എന്ന പട്ടാളക്കാരന്‍. മലപ്പുറം ജില്ലയുടെ പശ്ചാത്തലത്തിലെ കോമഡി പാക്കഡ് - ഫാമിലി ഡ്രാമയാണിത്. ജയരാജ് ചിത്രം കളിയാട്ടത്തിലെ കണ്ണന്‍ പെരുമലയനെ അവതരിപ്പിച്ച് ആ വര്‍ഷത്തെ സംസ്ഥാന-ദേശീയ അവാര്‍ഡ് നേടിയും, റാഫി മെക്കാര്‍ട്ടിന്റെ എക്കാലത്തെയും ഇന്‍ഡസ്ട്രി ഹിറ്റ് തെങ്കാശിപ്പട്ടത്തിലൂടെയും മനു അങ്കിളിലെ മിന്നല്‍ പ്രതാപിലൂടെയും തനിക്ക് തമാശയും വഴങ്ങുമെന്ന് തെളിയിച്ചതാണ് സുരേഷ് ഗോപി.

തലയെടുപ്പുള്ള വേഷത്തില്‍ മാത്രം കണ്ടുവരുന്ന സുരേഷ്‌ഗോപിയുടെ സ്ഥിരം ഗെറ്റപ്പില്‍നിന്നും വ്യത്യസ്തയുള്ള കഥാപാത്രമാണ് ഈ ചിത്രത്തിലേത്. 19 വര്‍ഷമായി പാകിസ്താന്‍ ജയിലില്‍ ആയിരുന്നു മൂസ. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ തന്റെ ചരമവാര്‍ഷികത്തിന്റെയും ധീരപ്രവര്‍ത്തികളുടെയും കഥകളാണ് മൂസയെ കാത്തിരുന്നത്. മരിച്ചത് മൂസയല്ലെന്നും താനാണ് യഥാര്‍ത്ഥ മൂസയെന്നും നാട്ടുകാരുടെയും വീട്ടുകാരുടെയും ആര്‍മി വിഭാഗത്തിന്റെയും മുന്നില്‍ തെളിയിക്കാന്‍ മൂസ നടത്തുന്ന പ്രയാണമാണ് ചിത്രം മുഴുവന്‍.

വെള്ളിമൂങ്ങ എന്ന ആക്ഷേപഹാസ്യ ചിത്രം അവതരിപ്പിച്ച് പേരുകേട്ട ജിബു ജേക്കബിന്റെ മറ്റൊരു മികച്ച ചിത്രമെന്ന് മൂസയെ നിസംശയം പറയാം. ഒരുപാട് ഇമോഷന്‍ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ചിത്രം കൃത്യമായി പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.



19 വര്‍ഷത്തിനിടെ ലോകത്തുണ്ടായ മാറ്റത്തെകുറിച്ച് മൂസയുടെ അറിവ് ശൂന്യമാണ്. ടെക്‌നിക്കല്‍ വളര്‍ച്ചയും അവയുടെ സ്വാധീനവും ചിത്രത്തില്‍ നല്ല രീതിയില്‍ പറഞ്ഞുപോകുന്നുമുണ്ട്. തിയറ്റില്‍ ഈ സീനിലൊക്കെ മൂസ നന്നായി ചിരിപടര്‍ത്തുന്നുമുണ്ട്.

തമാശയുടെ മുഴുവന്‍ ഹോള്‍സെയ്ല്‍ ഹരീഷ് കണാരനെ ആണ് എല്‍പ്പിച്ചിട്ടുള്ളത്. സലിംകുമാര്‍ അല്‍പം ഗൗരവമുള്ള വക്കീല്‍ വേഷം അദ്ദേഹം അതിന്റെതായ കെട്ടിലും മട്ടിലും ഫലിപ്പിച്ച് വെച്ചിട്ടുണ്ട്. മൂസയുടെ കളിക്കൂട്ടുകാരന്റെ വേഷത്തിലാണ് ഹരീഷ് കണാരന്‍. ഹരീഷിന്റെ കൂടെ കട്ടയ്ക്ക് കോമഡിക്ക് നില്‍ക്കുന്നത് സുരേഷ് ഗോപി തന്നെയാണ്. ചിലപ്പോള്‍ കണാരനെക്കാള്‍ മുകളില്‍ സ്‌കോര്‍ ചെയ്യുന്നുമുണ്ട്. ഇവര്‍ക്കുപുറമെ സ്രിന്ദ, സൈജു കുറുപ്പ്, സാവിത്രി അമ്മ, പൂനം ബജ്ബ, അശ്വനി റെഡ്ഡി, മേജര്‍ രവി, മിഥുന്‍ എല്ലാവരും അവരുടെ വേഷം മികച്ചതാക്കി.

ഈ കഥാപാത്രം ചെയ്ത് ഫലിപ്പിക്കാന്‍ പറ്റുമെന്ന വിശ്വാസത്തോടെ സുരേഷ് ഗോപിയെ ഏല്‍പ്പിച്ച ജിബു ജേക്കബിന് ഇരിക്കട്ടെ ഒരു കുതിരപവന്‍. രൂപേഷ് റെയ്‌നിന്റെ തിരക്കഥയ്ക്ക് വിഷ്ണു നാരായണനാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കാര്‍ഗില്‍, പൂഞ്ച്, ഡെല്‍ഹി, ജയ്പൂര്‍, മലപ്പുറം, വാഗ ബോര്‍ഡര്‍ തുടങ്ങിയ ലോക്കഷനുകളില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ വിഷ്വല്‍സ് എല്ലാം ഭംഗിയുള്ളതാണ്. ശ്രീനാഥ് ശിവശങ്കരന്റെ ഗാനങ്ങളെല്ലാം ഇമ്പമുള്ളതാണ്. ഗാനങ്ങളിലെല്ലാം ഒരു മലപ്പുറം ആഘോഷം ഉണ്ട്.

ആദ്യ പകുതി തമാശയിലൂടെയാണ് പുരോഗമിക്കുന്നതെങ്കില്‍ രണ്ടാം പകുതി മൂസയുടെ ഭൂതകാല സംഭവവികാസങ്ങള്‍ പറഞ്ഞുപോകുന്ന കഥാരീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടാം പകുതി പെട്ടെന്ന് അവസാനിച്ച തോന്നലാണ് പ്രേക്ഷകന് ഉണ്ടാക്കുന്നത്. തിരക്കഥ ഒന്നുകൂടി വികസിപ്പിച്ചാല്‍ നന്നായിരുന്നുവെന്ന് തോന്നി. ഒരു ഫാമിലി ക്ലീന്‍ എന്റര്‍ടെയ്ന്‍മെന്റാണ് ആഗ്രഹിക്കുന്നതെങ്കില്‍ ടിക്കറ്റ് എടുക്കാവുന്ന ചിത്രമാണ് മേ ഹൂം മൂസ.

Tags:    
News Summary - Mei Hoom Moosa Movie Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.