ലോകം ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ പിന്നാലെ പോകുമ്പോൾ സിനിമകൾക്കും അതൊരു വിഷയമാണ്. ഹോളിവുഡ് സിനിമക്കുള്ളിൽ എ.ഐ സ്വാധീനം വേരുറപ്പിച്ചു കഴിഞ്ഞെങ്കിലും ഇതര ഭാഷാ സിനിമകളിൽ അതിന്റെ അലയൊലികൾ ആയി വരുന്നതേയുള്ളൂ. മനുഷ്യരും എ.ഐ റോബോട്ടുകളും തമ്മിലുള്ള വഴക്കിന്റെയും സംഘട്ടനങ്ങളുടെയും കഥകൾ അടുത്ത തലമുറ കേൾക്കേണ്ടിവരും. എ.ഐ റോബോട്ടുകളും മനുഷ്യരും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ കാലോചിതവും ചിന്താപരവുമായൊരു ഹോളിവുഡ് ചിത്രമാണ് ‘ദി ക്രിയേറ്റർ’.
ആർട്ടിഫിഷൽ ഇന്റലിജൻസും റോബോട്ടിക്സും നമ്മുടെ ജീവിതത്തിന്റെ വിവിധ മേഖലകളെ എങ്ങനെ കടന്നാക്രമിച്ചു എന്നതിനെക്കുറിച്ചുള്ള ഒരു പഴയ വാർത്താ റിപ്പോർട്ടിൽനിന്നാണ് സിനിമയുടെ ആരംഭം. അമേരിക്കൻ തിരക്കഥാകൃത്തും ഫിലിംമേക്കറുമായ ക്രിസ്റ്റഫർ ജോൺ വെയ്റ്റ്സിന്റെ രചനയിൽ ബ്രിട്ടീഷ് ഫിലിം മേക്കർ ഗാരെത്ത് ജെയിംസ് എഡ്വേഡ്സ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ജോൺ ഡേവിഡ് വാഷിങ്ടൺ, ഗെമ്മ ചാൻ, കെൻ വാടാനബെ, സ്റ്റർഗിൽ സിംപ്സൺ, ആലിസൺ ജാനി, മഡലീൻ യുന വോയിൽസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
2055ൽ ലോസ് ആഞ്ജലസിലെ ഒരു ആണവ സ്ഫോടനത്തിനും ആർട്ടിഫിഷൽ ഇന്റലിജൻസിനെതിരായ യുദ്ധത്തിനും ശേഷം, ഒരു നിഗൂഢ ആയുധം വികസിപ്പിച്ചെടുത്ത അതിന്റെ ഉടമയെ വേട്ടയാടിപ്പിടിക്കാൻ ഒരു എക്സ്-സ്പെഷൽ ഫോഴ്സ് ഏജന്റിനെ റിക്രൂട്ട് ചെയ്യുന്നു. എ.ഐ പവർ ബോംബ് ലോസ് ആഞ്ജലസിനെ തകർത്തതിനുശേഷം, യു.എസ് ഗവൺമെന്റ് അതിന്റെ എല്ലാ എ.ഐ പ്രോഗ്രാമുകളും അടച്ചുപൂട്ടുന്നു. എന്നാൽ, പുതിയൊരു ഭീഷണി ഉയർന്നുവരുന്നു. അവിടെ റോബോട്ടുകൾ മനുഷ്യ ജനസംഖ്യയുമായി പരിധികളില്ലാതെ സമന്വയിക്കുന്നു. ഇതിന് അറുതിവരുത്താൻ, സമാനതകളില്ലാത്ത നാശശക്തികളുള്ള ‘നോമാഡ്’ എന്ന ബൃഹത്തായ സൈനിക ബഹിരാകാശ പേടകം അമേരിക്കൻ സർക്കാർ നിർമിക്കുന്നു.
സംവിധായകൻ ഗാരെത്ത് എഡ്വേഡ്സും സഹഎഴുത്തുകാരൻ ക്രിസ് വെയ്റ്റ്സും ചേർന്ന് അപകടകരമാംവിധം യാഥാർഥ്യമായി തോന്നുന്ന മേക്ക്-ബിലീവ് ലോകത്തേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. അവരുടെ ഭാവനാത്മകമായ കഥയുടെ ഓരോ രംഗവും വലിയ സ്ക്രീനിൽ കാണുമ്പോൾ അതിന്റെ ദൃശ്യാനുഭവം വേറെത്തന്നെയാണ്. ചില സമയങ്ങളിൽ, സിനിമയുടെ വേഗം കുറയുന്നുണ്ട്. അതോടൊപ്പം സയൻസ് ഫിക്ഷൻ ആഖ്യാനത്തിന്റെ സങ്കീർണത കാഴ്ചക്കാരനെ ചെറുതായി സംശയാലുവാക്കുന്നു. സിനിമയിൽ കാണിക്കുന്ന ദൃശ്യങ്ങളൊക്കെയും അസാധ്യമാണെങ്കിലും ആശങ്കകൾക്ക് പ്രസക്തിയുണ്ട്.
എ.ഐയുടെയും സാങ്കേതികതയുടെയും ശക്തിയെക്കുറിച്ചുള്ള ആശയത്തെ അവതരിപ്പിക്കുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട്. ഗ്രെഗ് ഫ്രേസറിന്റെയും ഓറൻ സോഫറിന്റെയും ഛായാഗ്രഹണ മികവ് എടുത്തുപറയേണ്ടതാണ്. ഹാൻസ് സിമ്മറിന്റെ സംഗീത മികവിലൂടെയാണ് പ്രേക്ഷകൻ എ.ഐ എന്ന അത്ഭുത ലോകത്തേക്ക് തനിയെ സഞ്ചരിക്കുന്നത്. ദൃശ്യമികവിനൊപ്പം വിവാദങ്ങളുടെ അകമ്പടിയും സിനിമക്ക് ചുറ്റുമുണ്ടായിരുന്നു. 2023 ജൂലൈ 17ന് സിനിമയുടെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മുതലാണ് വിവാദം തലതൊട്ടത്. 2020ലെ ബൈറൂത് സ്ഫോടനത്തിൽ നിന്നുള്ള ഫൂട്ടേജ്, ന്യൂക്ലിയർ സ്ഫോടനത്താൽ നശിപ്പിക്കപ്പെടുന്ന ലോസ് ആഞ്ജലസിന്റെ വിഷ്വൽ ഇഫക്ട് പ്ലേറ്റ് ഷോട്ടായി ഉപയോഗിച്ചു എന്നതാണ് വിവാദത്തിലേക്ക് വഴിതെളിച്ചത്.
അമേരിക്കയുടെ സോഷ്യൽ ന്യൂസ് കണ്ടന്റ് ടീമായ ‘റെഡ്ഡിറ്റ്’ ഉപയോക്താവാണ് വിഷയം ആദ്യം ശ്രദ്ധിക്കുന്നത്. തുടർന്നാണ് സോഷ്യൽ മീഡിയ വഴി വിഷയം ചർച്ചക്കിടുന്നത്. 2023 സെപ്റ്റംബർ 29ന് പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ മുടക്കു മുതൽ 80 ബില്യൺ ഡോളറാണ്. തിയറ്ററിലൂടെ റിലീസ് ചെയ്ത ഈ സിനിമ ഓൺലൈൻ പ്ലാറ്റ്ഫോമിലും വൈകാതെ എത്തുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.