വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്നേഷ് വിജയകുമാര്‍ നിര്‍മ്മിച്ച് എം.എ നിഷാദ് സംവിധാനം ചെയ്ത ചിത്രമാണ് അയ്യർ ഇൻ അറേബ്യ. ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉര്‍വശിയും ഒന്നിക്കുന്ന ചിത്രം വർത്തമാനകാലത്തിൽ ഏറെ പ്രസക്തിയുള്ള ഒരു വിഷയമാണ് പറയാൻ ശ്രമിച്ചിരിക്കുന്നത്. തീവ്ര ഹിന്ദുത്വവാദിയായ ശ്രീനിവാസ അയ്യർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മുകേഷ് എത്തിയിരിക്കുന്നത്. ഭാര്യ പ്രൊഫസർ ഝാൻസി റാണി, ഒരേ ഒരു മകൻ രാഹുൽ എന്നിവരടങ്ങുന്നതാണ് അയാളുടെ കുടുംബം. ബ്രാഹ്മണൻ ആയതുകൊണ്ട് തന്നെ സ്വന്തം മതവും ജാതിയും സംസ്കാരവും മാത്രമാണ് വലുതെന്നു വിശ്വസിക്കുന്ന അയ്യരുടെ സ്വഭാവസവിശേഷതകളിൽ വലിയ വിയോജിപ്പുള്ള ആളാണ് അയാളുടെ ഭാര്യ. അവരാണെങ്കിൽ അയാളിൽനിന്നും ഏറെ വ്യത്യസ്തവുമാണ്. ഗോമാതാ, പതഞ്ജലി, സംസ്കാരം, ശാഖാ മീറ്റിംഗ് ഒക്കെയായി നടക്കുന്ന അയ്യരെ അവർ കണക്കിന് പരിഹസിക്കുന്നുമുണ്ട്. ചില വ്യക്തികൾ അവരുടെ ബോധ്യങ്ങളിൽ എങ്ങനെ വേരൂന്നിയിരിക്കുന്നുവെന്ന് അയ്യരിലൂടെ എടുത്തുകാണിക്കുമ്പോൾ തന്നെ മറുവശത്ത്, 'വാട്ട്‌സ്ആപ്പ് ഫോർവേഡുകൾ' വിശ്വസനീയമായ വിവര സ്രോതസ്സുകളായി കാണരുതെന്ന തിരിച്ചറിവുള്ള സമൂഹത്തിനുള്ളിലെ വിവേകമുള്ള സ്ത്രീയായി ഉർവ്വശിയുടെ കഥാപാത്രത്തെ കാണിക്കുന്നുമുണ്ട് .
എന്നാൽ ഇതൊന്നുമല്ല സിനിമയിലെ പ്രധാന വിഷയം. അത് മകൻ രാഹുൽ ആണ്. ദുബായിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന രാഹുലിന് സ്വന്തം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത വിധത്തിലാണ് അച്ഛൻ അയ്യർ അവന്റെ ജീവിതത്തിൽ നിയന്ത്രണം വെച്ചിരിക്കുന്നത്. മകനിൽ തന്റെ വിശ്വാസങ്ങളും സംസ്കാരങ്ങളും അടിച്ചേൽപ്പിക്കുന്ന ശ്രീനിവാസ അയ്യർ പലപ്പോഴും രാഹുലിന്റെ സ്വപ്നങ്ങൾക്ക് പരിമിതി കൽപ്പിക്കുന്നുമുണ്ട്. പക്ഷേ ഒരു ഘട്ടത്തിൽ അയ്യർനെ നിഷേധിച്ചു കൊണ്ട് രാഹുലിന് ദുബായ്ക്ക് പോകേണ്ടി വരുന്നു.തുടർന്നുള്ള സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്.
ചിത്രത്തിലുടനീളം കാലികപ്രസക്തമായ ഒരുപാട് കാര്യങ്ങളും ഉൾപ്പെടുത്തിയെങ്കിലും ഒരു പൊളിറ്റിക്കൽ സറ്റയാർ വിഭാഗത്തിൽ കാണാൻ പ്രേക്ഷകർക്ക് അല്പം ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും നർമ്മമെന്ന പേരിൽ ചെയ്തു വെക്കുന്ന രംഗങ്ങൾ എല്ലാം അതി ദയനീയമാണ്. ട്രോളുകളിലും ഹാസ്യ വിഡിയോകളിലും ഇപ്പോഴും നിറയുന്ന മുകേഷിന്റെ ഹിറ്റ് ഡയലോഗായ "കമ്പിളിപ്പുതപ്പ്" ഈ സിനിമയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും അതൊന്നും പ്രേക്ഷകരിൽ ചിരിയുണർത്താൻ സാധിച്ചിട്ടില്ല. ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച മുകേഷും ഉർവ്വശിയും ദമ്പതികളായെത്തുന്ന ചിത്രമായിരുന്നിട്ട് കൂടിയും ഈ ചിത്രത്തിലെ അഭിനയത്തിൽ രണ്ട് പേർക്കും വലിയ ഇംപാക്ട് ഒന്നും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഉടൽ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായ് മാറിയ താരങ്ങളാണ് ധ്യാൻ ശ്രീനിവാസനും ദുർഗ്ഗാ കൃഷ്ണയും ഈ ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നുവെങ്കിലും അഭിനയത്തിൽ കാര്യമായി ഒന്നും ചെയ്യുവാൻ ഇത്തവണയും ധ്യാൻ ശ്രീനിവാസന് സാധിക്കുന്നില്ല. ഒരു നടനെന്ന നിലക്ക് ധ്യാൻ പരാജയമാണെന്ന് പിന്നെയും തെളിയിക്കുകയാണ് ഈ ചിത്രത്തിലൂടെ. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ അഭിനയിച്ചിട്ടുണ്ടെങ്കിലും അത് വളരെ അരോചകം തോന്നിക്കുന്ന വിധത്തിലുള്ള അഭിനയമാണ്. ‘സൂരരൈ പോട്രു' പോലെയുള്ള സിനിമകളിൽ ഗംഭീര അഭിനയം കാഴ്ചവെക്കുന്ന ഉർവശിക്ക് സ്വന്തം ഭാഷയായ മലയാളത്തില്‍ അവരുടെ കഴിവുകള്‍ക്കൊത്ത സിനിമള്‍ ലഭിക്കുന്നില്ല എന്ന് മാത്രമല്ല ഈ ചിത്രത്തിൽ ഉർവശി നമ്മളെ നിരാശപ്പെടുത്തുന്നുമുണ്ട്. എങ്കിലും മുകേഷിൻ്റെയും ഉർവ്വശിയുടെയും ഓൺ-സ്‌ക്രീൻ കെമിസ്ട്രി കാണാൻ രസമുണ്ട്.
ചിത്രത്തിന്റെ രണ്ടാം പകുതി നാടകീയമായ വഴിത്തിരിവിലേക്ക് നീങ്ങുന്നത്. പ്രതീക്ഷയുണർത്തുന്ന പ്രമേയത്തോടെയാണ് ചിത്രം ആരംഭിച്ചതെങ്കിലും ക്ലീഷെകൾ പിന്തുടർന്ന് ആ വഴിയിൽ നിന്ന് സിനിമ വ്യതിചലിച്ചു എന്നത് നിരാശ സമ്മാനിക്കുന്നു. അന്ധവിശ്വാസപരവുമായ വിശ്വാസങ്ങളെ സൂക്ഷ്മമായി വിമർശിക്കാൻ സംവിധായകൻ സിനിമയിലൂടെ ശ്രമിക്കുന്നുവെങ്കിലും അതൊന്നും വേണ്ട രീതിയിൽ ഏറ്റിട്ടില്ല. ഈ ആക്ഷേപഹാസ്യം പ്രേക്ഷകരെ രസിപ്പിക്കുന്നില്ല എന്നതാണ് അയ്യർ ഇൻ അറേബ്യ സിനിമയുടെ ഏറ്റവും വലിയ പരാജയം. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം. നായർ, ബിന്ദു പ്രദീപ് എന്നിവരാണ് ചിത്രത്തിൽ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.