പ്രേംചന്ദിന്റെ 'ജോൺ' -റിവ്യൂ

  ദീദി ദാമോദരന്റെ രചനയിൽ പ്രേംചന്ദ് സംവിധാനം നിർവ്വഹിച്ച ജോൺ സിനിമയുടെ ആദ്യ പ്രദർശനം തൃശൂർ ശോഭ സിറ്റിയിൽ ഇന്നലെ നടന്നു. മൂലധന സംസ്കാരത്തെ പാടെ നിരാകരിച്ചു കൊണ്ട് ജനകീയ സിനിമയുടെ ഉപജ്ഞാതാവായായി മാറിയ ജോൺ അബ്രഹാമിനോട് എത്രമാത്രം ചേർന്നു നിൽക്കാമെന്ന ഒരന്വേഷണം കൂടിയായിരുന്നു ഈ സിനിമ.


വീടിനും ഹൃദയത്തിനും പൂട്ടും താക്കോലുമില്ലാത്ത റബലുകളായ കലാകാരന്മാരുടെ ജീവിതത്തിലൂടെയുള്ള അനുയാത്രയിലാണ് ജോണിന്റെ ജീവിതവും പൂർണ്ണമാവുകയുള്ളൂ. ഏതു സ്വപ്നവും കെട്ടുപോകാതെ നിലനിൽക്കണമെങ്കിൽ അതിന് കെടാത്ത ആവേശത്തോടെ പിന്തുടരുവാനുള്ള മനസ്സ് ഉണ്ടായിരിക്കണമെന്ന് പ്രേംചന്ദ് തന്നെ പറയുന്നുണ്ട്. അമ്മ അറിയാനിൽ ജോൺ സംസാരിക്കുന്നത് അമ്മയോടാണെങ്കിൽ ഈ സിനിമയിൽ ജോൺ അഡ്രസ്സ് ചെയ്യുന്നത് അപ്പനെയാണ്." അവരെന്നെ വിളിക്കുന്നത് കേൾക്കുന്നില്ലേ അപ്പാ, അത്യ വിശ്രമം അപ്പനോടൊപ്പം വേണമെന്ന ആഗ്രഹം കൊണ്ടാണ് ഞാനിവിടെ എത്തിയത് പക്ഷേ അപ്പാ, ഭൂമിയിലെ നിലവിളികൾ ഒടുങ്ങുന്നില്ല. കടലുകളും മനസ്സും അവിടെയിങ്ങനെ കലങ്ങി മറയുമ്പോൾ ഞാനെങ്ങനെ ഇവിടെ സമാധാനത്തോടെ കഴിയും? " ഇത് ജോണിനെ അറിയാവുന്നവരുടെ വിഹ്വലത തന്നെയാണ്. ജോണിന്റെ മരണശേഷമുള്ള പ്രളയവും അടിച്ചമർത്തപ്പെട്ട ജനകീയ സമരങ്ങളും സിനിമയുടെ തുടർച്ച പോലെ ഈ സിനിമയിലും സംവിധായകൻ സന്നിവേശിപ്പിച്ചിട്ടുണ്ട്. ജോണിന്റെ സഹോദരി ഓർത്തെടുക്കുന്ന കലഹപ്രിയനും ശാന്തനുമായ ജോണി നെക്കുറിച്ചുള്ള ചിതറിയ ചിത്രങ്ങളും, കുടുംബത്തിലും കുട്ടനാട്ടിലും അദ്ദേഹത്തിൻ്റെ വൈയക്തികഭാവങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നു.


ഉറങ്ങാത്ത കൂട്ടുകാരുടെ വഴികളിലൂടെയും ഉണങ്ങാത്ത രക്തവും സ്വപ്നങ്ങളും നിശബ്ദമായി നിലവിളിച്ചു കൊണ്ടിരിക്കുന്ന വഴികളിലൂടെയും ജോൺ സഞ്ചരിക്കുന്നുണ്ട്. പാട്ടിൻ്റെയും കൂട്ടുകാരുടെയും നഗരമായിരുന്ന കോഴിക്കോട് ജോൺ അബ്രഹാമിന് മരിക്കാൻ പിറന്ന നാട്ടിലേക്കുള്ള തിരിച്ചുവരവു കൂടിയായിരുന്നു.അമ്മ അറിയാനിലെ ഫ്രീ ഫ്രീ നെൽസൻ മണ്ടേല ജോണിലും ആവർത്തിക്കുന്നത് അധീശത്വം നിലനിൽക്കുകയും ,തടവറകൾ തകരുകയും പുതിയവ നിർമ്മിക്കപ്പെടുകയും ചെയ്യുന്ന കാലത്തോളം പ്രസക്തമാണെന്ന് 'ജോൺ' ഓർമ്മിപ്പിക്കുന്നു. ഉപരിവർഗ്ഗ മധ്യവർഗ്ഗ സമൂഹത്തിൽ നിന്ന് ഇറങ്ങി വന്ന ബുദ്ധിജീവികളും (യഥാർത്ഥത്തിലുള്ളവർ ) വിപ്ലവകാരികളും ജോൺ അബ്രഹാമിലൂടെ സൃഷ്ടിച്ചെടുത്ത സങ്കല്പത്തിനും യാഥാർത്ഥ്യത്തിനുമിടയിലെ പ്രക്ഷുബ്ധഒരു ലോകമായിരുന്നു അമ്മ അറിയാനിലൂടെ കടന്നുപോയത്. സമാന്തരസിനിമയിലെ എക്കാലത്തേയും "ധിക്കാരിയായ ' ജോൺ അബ്രഹാമിനു പറ്റിയ രാഷട്രീയ സാഹചര്യങ്ങളും പ്രതിഭകളുടെ ഒത്തുചേരലുകളും നാടകങ്ങളും സിനിമാ ചർച്ചകളും ചരിത്രപരമായ ഒരിടപെടൽ മാത്രമായിരുന്നെന്ന് ഈ സിനിമ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അല്ലെങ്കിൽ വിഗ്രഹങ്ങൾ തകർത്തു വന്ന ജോൺ അബ്രഹാമിനെ വിഗ്രഹവൽക്കരിക്കുന്നതിനെതിരെ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ നന്ദകുമാർ സ്വതസിദ്ധമായ ശൈലിയിൽ ഈ സിനിമയിൽ പ്രതികരിക്കുന്നുണ്ട്.


നന്ദകുമാർ ആർക്കും വഴങ്ങാത്ത ഒരു പ്രകൃതമായതുകൊണ്ടുതന്നെ സംവിധായകന്റെ ഇടപെടൽ ഇക്കാര്യത്തിൽ ഇല്ലെന്നു തന്നെ പറയാം. രാമചന്ദ്രൻ മൊകേരിയുടെ അഭിനയ സാധ്യതകളെ വളരെ സമർത്ഥമായ രീതിയിൽ ജോണിൽ ഉപയോഗപ്പെടുത്തിയതായി കാണാം. വിവരണങ്ങൾക്കധീതരായ ഹരി നാരയണനും, മധു മാസ്റ്ററും ,ശോഭീന്ദ്രൻ മാസ്റ്ററും ഈ സിനിമയുടെ ഗൗരവം നിലനിർത്തുന്നുണ്ട്. കെ.രാമചന്ദ്രബാബു, എം.ജെ രാധാകൃഷ്ണൻ എന്നിവർ സർഗ്ഗാത്മകജ്വാല കലാപമായി ജോൺ സിനിമയെ മാറ്റി തീർത്തിരിക്കുന്നു. അതിശയിപ്പിക്കുന്ന ദൃശ്യഭംഗിയും ജോൺ അബ്രഹാമിന്റെ ആത്മവിനെ തൊട്ടുണർത്തുന്ന സംഗീത വിസ്മയവും മാത്രം മതിയാകും പ്രേംചന്ദ് എന്ന വേറിട്ട സംവിധായകനെ ചരിത്രം രേഖപ്പെടുത്താൻ. നമ്മുടെ പകലുകൾക്കിടയിലൂടെ വളർന്നു വരുന്ന രാത്രികളുടെ ആപൽ സൂചനകളിലേക്കും ഈ സിനിമ ധൈര്യപൂർവ്വം കടന്നു ചെല്ലുന്നതായി കാണാൻ കഴിയും.

Tags:    
News Summary - P. Premchand's John Abraham Movie Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.