ഭാര്യ: നായ കൊരക്കേം പക്ഷികള് കൂട്ടത്തോടെ ചിലക്കേം കേട്ടല്ലോ. എന്താ അവടെ, വല്ല പാമ്പ് വന്നോ...
ബഷീർ: അത് സഖാവ് മൂർഖൻ.
ഭാര്യ: ഇന്റള്ളോ... ഇന്നട്ട് അടിച്ചു കൊന്നില്ലേ...
ബഷീർ: അതും ഭവതിയെ പോലെ ഈശ്വര സൃഷ്ടി. അതും ഭൂഗോളത്തിന്റെ അവകാശിയല്ലേ, ജീവിക്കട്ടെ...
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികളിൽ എന്ന ചെറുകഥയിലെ സംഭാഷണമാണിത്. ഭൂമിയിൽ മനുഷ്യനും ജന്തുജാലങ്ങളും എത്രമേൽ ഇഴചേർന്നു കിടക്കുന്നു എന്ന് ഓരോ വാക്കിലും ബഷീർ അടിവരയിടുന്നുണ്ട്. മനുഷ്യനും മൃഗങ്ങൾക്കും തുല്യപ്രാധാന്യമുള്ള ഒന്നേമുക്കാൽ മണിക്കൂറാണ് പാൽതൂ ജാൻവർ. പട്ടിയും പശുവും കോഴിയും തുടങ്ങി ഒട്ടേറെ ജീവജാലങ്ങൾ ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. മൃഗങ്ങളെ പ്രധാന കഥാപാത്രമാക്കിയ ഒട്ടേറെ ചിത്രങ്ങൾ മലയാളത്തിലുണ്ട്. എന്നാൽ ഓരോ മൃഗത്തെയും എങ്ങനെ ചേർത്തു നിർത്താമെന്നും സ്നേഹിക്കാമെന്നുമാണ് പാൽതൂ ജാൻവർ കാണിച്ചുതരുന്നത്. മനുഷ്യനെപ്പോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം അവക്കുമുണ്ടെന്നു പറയുന്നതാണ് ചിത്രം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം.
ബേസിൽ അവതരിപ്പിച്ച പ്രസൂൺ എന്ന കഥാപാത്രമാണ് ചിത്രത്തിന്‍റെ നട്ടെല്ല്. പുതിയകാലത്തിന്റെ പ്രതിനിധിയാണ് പ്രസൂൺ. ആനിമേഷനാണ് ഇഷ്ട്ടപ്പെട്ട മേഖല. പല സംരംഭങ്ങളും തുടങ്ങി തകർന്നുപോയതിന്റെ നഷ്ടബോധവും പ്രസൂണിൽ പ്രകടം. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അച്ഛന്റെ മരണത്തിലൂടെ ലഭിച്ച ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്‌ടറായത്. ആ യാത്രയാണ് കണ്ണൂർ കുടിയാൻമല ഗ്രാമത്തിലെ മൃഗാശുപത്രിയിലെത്തിച്ചത്.
ഗ്രാമീണ സൗരഭ്യം നിറഞ്ഞു നിൽക്കുന്ന കാഴ്ച്ചകളാണ് കുടിയാന്മല നിറയെ. ശുദ്ധ മനസ്ഥിതിയുള്ള മനുഷ്യർ ആ ഗ്രാമത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. കുടിയാൻമല പള്ളിയിലെ വികാരിയും വാർഡ് മെമ്പർ കൊച്ചു ജോർജുമാണ് സ്ഥലത്തെ പ്രധാനികൾ. അവരിലൂടെയാണ് ഗ്രാമം ചലിക്കുന്നത്. കാർഷിക ഗ്രാമമായതിനാൽ മിക്ക വീട്ടിലും പശുവും കോഴിയുമൊക്കെയുണ്ട്. അതുകൊണ്ടാണ് മൃഗാശുപത്രിയുടെ ആവശ്യകത ഏറുന്നതും.
മെമ്പർ കൊച്ചുജോർജായാണ് ഇന്ദ്രൻസ് വേഷമിട്ടത്. എന്തിനെയും വൈകാരികമായി കാണുന്ന ഒരാൾ. പ്രശ്നങ്ങളെ ഉദ്യോഗസ്ഥ അനാസ്ഥയെന്നു പറഞ്ഞ് കൈകഴുകാൻ പഠിച്ച രാഷ്ട്രീയക്കാരനായും മെംബർ തരാതരം മാറുന്നുണ്ട്. അപ്പോഴും രാപ്പകലില്ലാതെ ഗ്രാമത്തിനായി ഓടാനും സന്നദ്ധനാണ്. ഏറെക്കുറെ സമാന കഥാപാത്രമാണ് വികാരിയച്ചന്‍റെയും. വിശ്വാസികൾക്കിടയിൽ അച്ഛനാണ് ഗ്രാമത്തിന്റെ രക്ഷകൻ. അന്ധവിശ്വാസിയായ അദ്ദേഹത്തിന് എല്ലാ പ്രശ്നങ്ങളുടെയും കാരണം ദുരാത്മാക്കളാണെന്നുള്ള ചിന്തയാണ്. എന്നാലൊടുവിൽ ഒരു ജീവനുവേണ്ടി ചെയ്യുന്ന വിട്ടുവീഴ്ചകൾ അച്ഛനെ മറ്റൊരാളാക്കുന്നു. എന്തിനേക്കാളും വലുത് ജീവനാണെന്ന് അദ്ദേഹം പറയുമ്പോൾ തിയറ്ററിൽ നിറഞ്ഞ കൈയടി ഉയർന്നു.
ഇഷ്ടമില്ലാത്ത ജോലി പ്രസൂണിന് വലിയ വെല്ലുവിളിയായിരുന്നു. കൂട്ടുകാരിയായ സ്റ്റെഫിയാണ് ഓരോ പ്രശ്നത്തിൽനിന്നും സംരക്ഷിച്ചത്. പ്രതിസന്ധികൾക്ക് മുന്നിൽ കീഴടങ്ങാതെ നിൽക്കാനുള്ള മനസ്സാണ് പ്രസൂണിനെ മുന്നോട്ട് നടത്തിയത്. മനുഷ്യ ജീവിതവുമായി മൃഗങ്ങൾ എത്രമാത്രം ഇഴചേർന്നിട്ടുണ്ടന്ന് കുടിയാന്മലയിലെ ഓരോ നിമിഷവും ബോധ്യപ്പെടുത്തി. ആ ജീവിതമാണ് പുതിയ ചിന്തകളിലേക്ക് നയിച്ചത്. കൈയകലത്തിൽ നിർത്തിയ ഓരോ മൃഗങ്ങളും ഹൃദയത്തോട് ചേർന്നു.
ഡേവിസ് ചേട്ടനായി വന്ന ജോണി ആന്റണി ചിത്രത്തിന്‍റെ തുറുപ്പുചീട്ടാണ്. അത്ര കൈയടക്കത്തോടെയാണ് അദ്ദേഹം കൈകാര്യം ചെയ്തത്. ജയ കുറുപ്പും ചെറുനോട്ടങ്ങളാൽ പോലും കഥാപാത്രമായി. ഡോ. സുനിൽ ഐസക്കായി ഷമ്മി തിലകൻ ഞെട്ടിച്ചു. മൊട്ടയടിച്ച് പ്രത്യേക ശൈലിയിലാണ് അദ്ദേഹം സ്‌ക്രീനിൽ നിറഞ്ഞത്. തീർത്തും വ്യത്യസ്തമായ സീനുകൾ വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു.
സംഗീത് പി. രാജനാണ് മനോഹരമായി ചിത്രം സംവിധാനം ചെയ്തത്. വിനയ് തോമസിന്റെയും അനീഷ് അഞ്ജലിയുടെയും തിരക്കഥ ആദ്യാവസാനം മനസ്സു നിറക്കുന്നതാണ്. ക്യാമറയിലൂടെ രണദിവെ അതിമനോഹരമായി ഗ്രാമത്തെ പകർത്തിയിട്ടുണ്ട്. ജസ്റ്റിൻ വർഗീസിന്റെ സംഗീതവും മികച്ചുനിൽക്കുന്നു. കിരൺദാസാണ് ദൃശ്യങ്ങൾ കൂട്ടിചേർത്തത്.
ഡേവിസ് ചേട്ടന്റെ പശു മോളിക്കുട്ടിയെ വിട്ടുപോയി. പ്രധാന കഥാപാത്രമാണ് കക്ഷി. ചിത്രത്തിന് ആത്മാവ് നൽകിയത് മോളിക്കുട്ടിയാണ്. അത്രമേൽ ആഴത്തിൽ വളരെ സ്വാഭാവികമായി ഓരോ മൃഗത്തെയും പകർത്താൻ കാണിച്ച സംവിധായകന്റെ ബ്രില്യൻസ് ചേർത്ത് വായിക്കാം. ഭൂമിയിൽ ഓരോ ജീവനും അത്രമേൽ പ്രധാനമാണെന്ന് ചിത്രം അടിവരയിടുന്നു. അതുകൊണ്ടാണ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾക്കൊപ്പം ചേർത്തുവെക്കാവുന്ന നവ്യമായ അനുഭവമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.